Sorry, you need to enable JavaScript to visit this website.

ഇറാൻ ആണവ പദ്ധതി: സൗദി-അമേരിക്കൻ ചർച്ച

റിയാദ് - ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജുകമാരൻ ഇറാനിലേക്കുള്ള അമേരിക്കൻ ദൂതൻ റോബർട്ട് മാലിയുമായും അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായും ചർച്ച ചെയ്തു. ഇറാൻ ആണവ പദ്ധതിയും ഇക്കാര്യത്തിലുള്ള അന്താരാഷ്ട്ര ചർച്ചകളുമായും ബന്ധപ്പെട്ട് സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് റോബർട്ട് മാലിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി വിദേശ മന്ത്രി വിശകലനം ചെയ്തു. ആണവ കരാറുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളും കരാറുകളും ഇറാൻ ലംഘിക്കുന്നത് ചെറുക്കാൻ സംയുക്ത ശ്രമങ്ങൾ ഊർജിതമാക്കുന്നതിനെ കുറിച്ചും മധ്യപൗരസ്ത്യ ദേശത്തും ലോകത്തും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്ന തീവ്രവാദ സായുധ ഗ്രൂപ്പുകൾക്കുള്ള ഇറാൻ പിന്തുണ തടയുന്നതിനുള്ള സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. 
അമേരിക്കൻ വിദേശ മന്ത്രാലയ ആസ്ഥാനത്തുവെച്ച് അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനുമായും സൗദി വിദേശ മന്ത്രി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സർവ മേഖലകളിലുമുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും കൂടിക്കാഴ്ചക്കിടെ ഇരുവരും വിശകലനം ചെയ്തു. മധ്യപൗരസ്ത്യ ദേശത്ത് സുരക്ഷാ ഭദ്രത ശക്തമാക്കൽ, മേഖലയിലും ആഗോള തലത്തിലും സമാധാനമുണ്ടാക്കാൻ സൗദി അറേബ്യയും അമേരിക്കയും നടത്തുന്ന ശ്രമങ്ങൾ എന്നിവ അടക്കം പൊതുതാൽപര്യമുള്ള വിഷയങ്ങളും സൗദി, അമേരിക്കൻ വിദേശ മന്ത്രിമാർ ചർച്ച ചെയ്തു. ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടം, ഹൂത്തി മിലീഷ്യകളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കൽ എന്നിവ അടക്കമുള്ള കാര്യങ്ങളിൽ സൗദി അറേബ്യയും അമേരിക്കയും നടത്തുന്ന ശ്രമങ്ങളും മന്ത്രിമാർ വിശകലനം ചെയ്തു. യെമനിൽ രാഷ്ട്രീയ പരിഹാരത്തിനും വികസനത്തിനും ഹൂത്തികൾ പ്രതിബന്ധം സൃഷ്ടിക്കുകയാണ്. സിവിലിയൻ കേന്ദ്രങ്ങൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെ ഹൂത്തികൾ തുടരുന്ന ആക്രമണങ്ങളും ആഗോള സമുദ്ര ഗതാഗതത്തിന് ഹൂത്തികൾ സൃഷ്ടിക്കുന്ന ഭീഷണികളും യെമൻ ജനതയുടെ ദുരിതങ്ങൾ വിലപേശലുകൾക്കുള്ള തുറുപ്പുചീട്ടായി അവർ ഉപയോഗിക്കുന്നതും അവസാനിപ്പിക്കാൻ നടത്തുന്ന സംയുക്ത ശ്രമങ്ങൾ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ആന്റണി ബ്ലിങ്കനും വിശകലനം ചെയ്തു. 
ഇറാൻ ആണവ പദ്ധതി, ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്താരാഷ്ട്ര ചർച്ചകൾ, അഫ്ഗാനിസ്ഥാനിൽ സുരക്ഷാ ഭദ്രത ഉറപ്പു വരുത്തുന്നതിന് പിന്തുണ നൽകൽ, മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ  വികാസങ്ങൾ, ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങൾ എന്നിവയും ഇരുവരും ചർച്ച ചെയ്തു. അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരിയും സൗദി വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു. 

Tags

Latest News