Sorry, you need to enable JavaScript to visit this website.

ഊർജോൽപാദനത്തിൽ ആഗോള മാതൃകയായി സൗദി മാറും -മന്ത്രി

റിയാദ് - എല്ലാതരം ഊർജങ്ങളും ഉൽപാദിപ്പിക്കുന്ന മേഖലയിൽ സൗദി അറേബ്യ ആഗോള മാതൃകയായി മാറുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. മോസ്‌കോയിൽ റഷ്യൻ എനർജി വീക്ക് ഇന്റർനാഷണൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
എണ്ണ, വാതക രാജ്യം മാത്രമല്ല, എല്ലാതരം ഊർജങ്ങളും ഉൽപാദിപ്പിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറും. 2030 ആകുമ്പോഴേക്കും മുഴുവൻ ഊർജ സ്രോതസ്സുകളും ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു മാതൃകയായി സൗദി അറേബ്യ മാറും. കാര്യക്ഷമതയുടെ കാര്യത്തിൽ സൗദി അറേബ്യ ഏറ്റവും മികവ് പ്രകടിപ്പിക്കും. ഹാനികരമായ വാതകങ്ങളുടെ ബഹിർഗമനം വലിയ തോതിൽ സൗദി അറേബ്യ കുറക്കും. ഇക്കാര്യത്തിൽ സൗദി അറേബ്യക്ക് നേട്ടങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. 


മീഥെയ്ൻ പിടിച്ചെടുക്കുന്നതിൽ ലോകത്തിലെ മറ്റൊരു രാജ്യമോ കമ്പനിയോ സൗദി അറേബ്യയെയും സൗദി അറാംകോയെയും മറികടക്കുന്നില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. കോടിക്കണക്കിന് ആളുകളെ ഊർജ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിക്കാൻ ശുദ്ധവും കാര്യക്ഷമവും താങ്ങാവുന്ന നിരക്കിലുള്ളതുമായ ഊർജം അത്യാവശ്യമാണ്. ഹൈഡ്രജനെ കുറിച്ചു മാത്രമല്ല, സൗദി അറേബ്യ പറയുന്നത്. എണ്ണയും വാതകവും മാത്രമല്ല, മറിച്ച് സമഗ്രാർഥത്തിൽ ഊർജ മേഖലയിൽ ഒരു മുൻനിര രാജ്യമായി മാറാനുള്ള പാതയിലാണ് സൗദി അറേബ്യ. 
ആഗോള എണ്ണ വിപണിയിൽ അടുത്ത വർഷവും സന്തുലനമുണ്ടാക്കുന്ന കാര്യം ഒപെക് പ്ലസ് കൂട്ടായ്മ കണക്കിലെടുക്കണം. പ്രകൃതി വാതക വിപണി ശരിയായ രീതിയിൽ വ്യവസ്ഥാപിതമാക്കുകയും നിയന്ത്രിക്കുകയും വേണം. 
സ്റ്റോക്കുകളുടെയും നിക്ഷേപങ്ങളുടെയും കുറവും വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള ഏകോപനമില്ലായ്മയും വിപണിയെ പ്രതികൂലമായി ബാധിക്കും. വിലക്കുള്ള സ്‌പോട്ട് മാർക്കറ്റ് സ്ഥിരത നൽകുന്നില്ല. വില കുതിച്ചുയരുന്ന പ്രകൃതി വാതകം അടക്കമുള്ള മറ്റു വിപണികളിലും ഒപെക് പ്ലസ് കൂട്ടായ്മ എണ്ണ വിപണിയിൽ സ്വീകരിച്ചതിനു സമാനമായ നടപടികൾ അനുകരിക്കേണ്ടതുണ്ട്. എണ്ണ വിപണിയിൽ സ്ഥാപിച്ചതിന് സമാനമായ സംവിധാനങ്ങൾ ഗ്യാസ്, കൽക്കരി തുടങ്ങിയ മറ്റു ഊർജ വിപണികളിൽ ഉണ്ടെങ്കിൽ ശൈത്യകാലത്ത് ഗുരുതരമായ ഊർജ പ്രതിസന്ധിയുടെ സാധ്യത ചർച്ച ചെയ്യാൻ ഞങ്ങൾ ഇന്ന് ഇവിടെ ഒത്തുകൂടില്ലായിരുന്നു. 
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനായി ഫോസിൽ ഇന്ധനങ്ങളിൽ നിക്ഷേപങ്ങൾ നിർത്താനുള്ള ആഹ്വാനങ്ങളെ സൗദി ഊർജ മന്ത്രി വിമർശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികളെ യുക്തിസഹമായ നിലയിൽ നാം സമീപിക്കണമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ ഗ്രീൻ സൗദി പദ്ധതി, ഗ്രീൻ മിഡിൽ ഈസ്റ്റ് പദ്ധതി ഫോറങ്ങൾ ഈ മാസം 23 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ റിയാദിൽ നടക്കും.

Tags

Latest News