Sorry, you need to enable JavaScript to visit this website.

കല്ലറ സുകുമാരൻ - ദളിതർക്കു വേണ്ടി ഉയർന്ന ശബ്ദം

സാഹിത്യ രംഗത്ത് സജീവമായിരുന്ന കല്ലറ ഏതാണ്ട് 17 ഓളം  കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ 'വിമോചനത്തിന്റെ അർത്ഥശാസ്ത്രം' എന്ന കൃതി പ്രശസ്തമാണ്.  1996 ഒക്ടോബർ 12 നാണ് അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചത്. വൻ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിനു അവസാന യാത്രയയപ്പ് നൽകിയത്. എന്നാൽ ദളിത് മുന്നേറ്റങ്ങൾ സജീവമാകുന്ന സമീപകാലത്ത് അർഹിക്കുന്ന സ്മരണയും ആദരവും കല്ലറ സുകുമാരന് ലഭിക്കുന്നുണ്ടോ എന്നത് സംശയകരം തന്നെയാണ്.

 

പല പ്രമുഖരുടെയും ചരമങ്ങളും ഓർമദിനങ്ങളും കടന്നുപോയതിനാലാകാം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ ഇന്ന് ഏറ്റവും പ്രസക്തനായ ഒരാളുടെ ഓർമദിനം കാര്യമായി ആരുമറിയാതെ കടന്നുപോകുകയായിരുന്നു. ആധുനികാന്തര കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ നിർണായകമായി സ്വാധീനിച്ച ദളിത് നേതാവ്  കല്ലറ സുകുമാരന്റെ ഓർമദിനമായിരുന്നു ഒക്ടോബർ പന്ത്രണ്ട്. എന്നാൽ ദളിത്, പട്ടികജാതി സംഘടനകൾ പോലും അതേക്കുറിച്ച് കാര്യമായി ഓർത്തില്ല എന്നതാണ് വസ്തുത.

കേരളത്തിലെ ദളിത് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും സ്വന്തം നിലയിൽ ബഹുജനാടിത്തറയുളള ഒരു രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്ത രാഷ്ട്രീയ നേതാവും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് മുമ്പു തന്നെ ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിന് രൂപം കൊടുത്ത  സംഘാടകനുമെല്ലാമായിരുന്നു കല്ലട സുകുമാരൻ. കേരളത്തിലെ ദളിതർക്കിടയിൽ നിന്നും വിദ്യാസമ്പന്നരായ തലമുറ രൂപപ്പെടുന്ന കാലഘട്ടമായിരുന്നു കല്ലറയുടേത്. ആ തലമുറയാണ് കേരള ഹരിജൻ സ്റ്റുഡന്റ്സ് ഫെഡറേഷനുണ്ടാക്കുന്നത്. സണ്ണി കപിക്കാട് ശരിയായി ചൂണ്ടിക്കാട്ടിയ പോലെ ദളിതർക്കിടയിൽനിന്നും രൂപപ്പെട്ടു വന്ന വിദ്യാസമ്പന്നരായ ഒരു തലമുറയെ ദളിത് സ്വത്വബോധത്തിലേക്കും അംബേദ്കർ ചിന്തയിലേക്കും നയിക്കാനും നേതൃത്വം കൊടുക്കുവാനും കഴിഞ്ഞു എന്നതാണ് കല്ലറ സുകുമാരന്റെ ചരിത്രപരമായ പ്രസക്തി. മാത്രമല്ല സാമൂഹികമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായും വേർതിരിക്കപ്പെടണമെന്ന ഡോ. അംബേദ്കറുടെ മഹത്തായ ആശയത്തെ സ്വന്തം ജീവിതം കൊണ്ട് കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ എഴുതിച്ചേർക്കുകയായിരുന്നു കല്ലറ സുകുമാരൻ. ദേശീയ പ്രസ്ഥാനത്തിന്റെയും മാർക്സിസത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം മറ്റൊരു ചിന്താലോകം ദളിതർക്ക് സാധ്യമാണെന്നും സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു കൂടിയാണ് കേരളത്തിലെ പൊതുസമൂഹം കല്ലറ സുകുമാരനെ അവഗണിക്കുന്നത്.

ഇടതായാലും വലതായാലും സവർണന്റെ ആധികാരികതയെ ആഘോഷമാക്കുന്ന കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് കല്ലറ സുകുമാരനെ പുറത്തു നിർത്തിയേ മതിയാവൂ. കല്ലറ സുകുമാരനോടൊപ്പം പതിനായിരക്കണക്കിനു വോട്ടർമാർ ഉണ്ടായിരുന്നിട്ടും ഇരുമുന്നണികളും അദ്ദേഹത്തെ തിരസ്‌കരിച്ചത് ദളിതരുടെ രാഷ്ട്രീയ പ്രാതിനിധ്യമെന്ന നിർണായക പ്രശ്‌നത്തിലാണ്. ദളിത് എന്ന പദം പരിചിതമല്ലാതിരുന്ന 1980 കളിൽ അദ്ദേഹം ഇന്ത്യൻ ദളിത് ഫെഡറേഷൻ രൂപീകരിച്ചു  ദളിത്-പിന്നോക്ക ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു. ഗ്രോ വാസു, എം.കെ. രാഘവൻ, മഅ്ദനി എന്നിവരെല്ലാമുൾക്കൊള്ളുന്ന മൂന്നാം മുന്നണിക്കു വേണ്ടി ശ്രമിച്ചു. പോൾ ചിറക്കരോട് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകനായിരുന്നു.
 
കല്ലറ സുകുമാരൻ നയിച്ച ഒരു പോരാട്ടം മാത്രം ഇവിടെ പരാമർശിക്കാം. 1980 കളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന  പോരാട്ടമാണത്.  ബ്രാഹ്മണർക്ക് മാത്രമായി നടത്തുന്ന നമസ്‌കാര സദ്യയിൽ സ്വാമി ആനന്ദ തീർഥൻ കയറിയിരുന്നതായിരുന്നു ആരംഭം. ദേവസ്വം ഗാർഡ് അദ്ദേഹത്തെ പരിശോധിച്ച്  പൂണൂൽ കാണാത്തതിനാൽ വലിച്ചിഴച്ച്, മർദിച്ച് പുറത്താ ക്കുകയായിരുന്നു. 1982 നവംബർ 2 നായിരുന്നു അത് നടന്നത്. സംഭവം പൊതുസമൂഹത്തിൽ ആളിപ്പടർന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായി നടത്തുന്ന നമസ്‌കാര സദ്യ അവസാനിപ്പിക്കണമെന്ന് എസ് എൻ ഡി പിയടക്കം വിവിധ സാമുദായിക സംഘടനകൾ ആവശ്യമുന്നയിച്ചു. പക്ഷേ, ഭരണസമിതി വഴങ്ങിയില്ല. തുടർന്ന് കല്ലറ സുകുമാരന്റെ നേതൃത്വത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് ഗുരുവായൂരിലേക്ക്  പദയാത്ര നടത്തി. നമസ്‌കാര സദ്യയിൽ വിലക്ക് ലംഘിച്ച്  പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദയാത്ര. എസ്.എൻ.ഡി.പി യോഗവും കെ പി എം എസും മറ്റും പിന്തുണ പ്രഖ്യാപിച്ചു. 

1983 ഫെബ്രുവരി ഒന്നിന് സ്വാമി ആനന്ദതീർത്ഥൻ ഉദ്ഘാടനം ചെയ്ത, 100  സഹയാത്രികരോടൊപ്പം ആരംഭിച്ച ഗുരുവായൂർ - അയിത്താചാര - വിരുദ്ധ പദയാത്ര ഫെബ്രുവരി 13 ന് ഗുരുവായൂരിലെത്തി. ജാഥ ഗുരുവായൂരിലെത്തുമ്പോഴേക്കും അവിടം സംഘർഷാത്മകമായിരുന്നു.  ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ് നമസ്‌കാര സദ്യയെന്നും അതിൽ പങ്കെടുക്കാൻ  അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച്  ഒരു വലിയ സംഘം രംഗത്തു വന്നു. എന്നാൽ  വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ദേവസ്വം ബോർഡ് അവസാന നിമിഷം ആവശ്യം അംഗീകരിച്ചു. ഗുരുവായൂരപ്പന്റെ വലിയ ഭക്തനായിരുന്ന മുഖ്യമന്ത്രി കെ കരുണാകരനും സ്ഥലത്തെത്തി. എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരിലെത്തിയിരുന്നെങ്കിലും നമസ്‌കാര സദ്യയിൽ പങ്കെടുക്കാൻ അനുവാദമില്ലാതിരുന്ന കരുണാകരൻ തനിക്കും ജാഥാംഗങ്ങളോടൊപ്പം സദ്യയുണ്ണണമെന്ന ആവശ്യമുന്നയിച്ചു. കരുണാകരനും കല്ലറ സുകുമാരനും അടുത്തിരുന്ന് സദ്യയുണ്ടു. തുടർന്ന് നമസ്‌കാര സദ്യയെന്ന അനാചാരം അവസാനിപ്പിച്ചു.
 
ആദിവാസി ഭൂപ്രശ്‌നവും കേരളത്തിൽ ശക്തമായി ഉന്നയിച്ചത് കല്ലറ സുകുമാരനായിരുന്നു. ഇന്ത്യൻ ദളിത് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ഭൂമിക്കായുള്ള സമരങ്ങളിൽ  കല്ലറ സുകുമാരൻ സജീവമായിരുന്നു. തൊണ്ണൂറുകളിൽ കല്ലറയുടെ നേതൃത്വത്തിൽ പല  ബദൽ സാംസ്‌കാരിക പ്രവർത്തനങ്ങളും നടന്നു.  മഹാബലി എന്ന തങ്ങളുടെ പൂർവപിതാവിന്റെ അരുംകൊലയിൽ തിരുവോണ ദിവസത്തെ ദുഃഖദിനമായി ആചരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ഇക്കാലഘട്ടത്തിൽ തന്നെ ഇന്ത്യൻ ലേബർ പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിക്കും അദ്ദേഹം രൂപം കൊടുത്തിരുന്നു. പിന്നീട് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷൻ കാൻഷി റാം കല്ലറ സുകുമാരനുമായി ബന്ധപ്പെട്ട് ഐ.എൽ.പി, ബി.എസ്.പിയിൽ ലയിച്ച് പ്രവർത്തിക്കുന്നതിന് തീരുമാനിക്കുകയും 1980 ഓഗസ്റ്റ് 15 ന് തിരുവനന്തപുരം ട്രിവാർഡ്രം ഹോട്ടലിൽ വെച്ച് ലയന സമ്മേളനം നടത്തുകയും ചെയ്തു. . 1996 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും ബി.എസ്.പി സ്ഥാനാർത്ഥിയായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. 

സാഹിത്യരംഗത്ത് സജീവമായിരുന്ന കല്ലറ ഏതാണ്ട് 17 ഓളം  കൃതികൾ രചിച്ചിട്ടുണ്ട്. അതിൽ വിമോചനത്തിന്റെ അർത്ഥശാസ്ത്രം എന്ന കൃതി പ്രശസ്തമാണ്.  1996 ഒക്ടോബർ 12 നാണ് അദ്ദേഹം ഹൃദയാഘാതം മൂലം അന്തരിച്ചത്. വൻ ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിനു അവസാന യാത്രയയപ്പ് നൽകിയത്. എന്നാൽ ദളിത് മുന്നേറ്റങ്ങൾ സജീവമാകുന്ന സമീപകാലത്ത് അർഹിക്കുന്ന സ്മരണയും ആദരവും കല്ലറ സുകുമാരന് ലഭിക്കുന്നുണ്ടോ എന്നത് സംശയകരം തന്നെയാണ്.


 

Latest News