Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

വിരസമായി പഠിക്കേണ്ടതല്ല ചരിത്രം

തന്റെ ഒരു അധ്യാപകനെ കുറിച്ച് വേറിട്ട ചിന്തകനും നിരൂപകനുമായ എം.എൻ. വിജയൻ മാസ്റ്റർ എഴുതിയത്  ഓർമയിലെത്തുകയാണ്.  ആ അധ്യാപകൻ  ബി.എഡ് പരീക്ഷയിൽ എട്ടു തവണ തോറ്റുപോയി. എന്നിട്ട് എട്ടാം ക്ലാസിലെ പഴയ മാഷായി ഇരിക്കുകയായിരുന്നു. അദ്ദേഹം തോറ്റത് ബി.എഡിന്റെ ചോദ്യക്കടലാസുകളെല്ലാം  തെറ്റാണെന്ന് ആദ്യം എഴുതിയിട്ട്, സ്വന്തമായി ചോദ്യക്കടലാസ് ഉണ്ടാക്കി   ഉത്തരക്കടലാസോട് കൂടി പിൻ ചെയ്തിട്ട് അതിന്റെ ഉത്തരങ്ങൾ എഴുതിക്കൊടുത്തത് കൊണ്ടായിരുന്നത്രേ. ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ശരിയാണെന്ന് വിചാരിക്കാൻ കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു നാമെല്ലാം എന്നു കൂടി  വിജയൻ മാസ്റ്റർ തുടർന്ന്  ആശങ്കപ്പെടുന്നുണ്ട്.
നാം ജീവിക്കുന്ന നവമാധ്യമ നിർമിത  സത്യാനന്തര ലോകത്ത്  നമ്മുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളെ  നിർണയിക്കുന്നതിൽ എക്കാലത്തും തൽപരകക്ഷികൾ  ശ്രമിച്ചത് പോലെ അവരുടെ വക്രബുദ്ധിയിലൂടെ  അവരുടെ  നിക്ഷിപ്ത താൽപര്യങ്ങൾ  സംരക്ഷിക്കുകയും പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച്  അവരുടെ ഇംഗിതങ്ങൾ കേട്ടുകേൾവിയില്ലാത്ത വിധം അതിശക്തമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
ഇത്  തിരിച്ചറിയണമെങ്കിൽ ഗൗരവമായ  ചരിത്രപഠനം നടത്താൻ നാം തയാറായേ മതിയാവൂ.  ക്ലാസ് മുറികൾക്കകത്ത്  വിരസമായി നടക്കേണ്ട ഒന്നല്ല ചരിത്ര പഠനം. അങ്ങനെ ഒന്നാക്കി മാറ്റുന്നതിൽ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.
ചരിത്രം തന്ന പാഠങ്ങളുടെ ഉൾവെളിച്ചത്തിൽ  വർത്തമാന കാലത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും  സാമൂഹ്യ ക്ഷേമത്തിനും ജീവിത വിജയത്തിനും ഭാവിയെ കാര്യക്ഷമതയോടെ   ഒരുക്കിയെടുക്കാനുമായിരിക്കണം  നാം ചരിത്രം  വായിക്കേണ്ടതും പഠിക്കേണ്ടതും.
നമ്മുടെ  വീട്ടിലും നാട്ടിലും ലോകത്തും നടക്കുന്ന വർത്തമാനങ്ങളെ ചരിത്രത്തിൽ നിന്നടർത്തി വായിക്കാനാവില്ലെന്നോർക്കണം.
അതുകൊണ്ട് തന്നെയാണ് ഏകാധിപതികളും ജനദ്രോഹികളായ  ഭരണകൂടങ്ങളും കൊണ്ടുപിടിച്ച് ചരിത്രത്തെ വളച്ചൊടിക്കാനുംതമസ്‌കരിക്കാനും പരിഹാസ്യമാക്കി മാറ്റാനും അഹോരാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
വിവേകികൾ വർത്തമാന വിവാദങ്ങളെയും പ്രതിസന്ധികളെയുംകേവലം താൽക്കാലികമായ പ്രതിഭാസമായി കണക്കാക്കി കണ്ണടച്ച്നിഷ്‌ക്രിയരാവുകയില്ല. അവർ  സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങളും ഭൂതകാല സ്വാധീനങ്ങളും നിരന്തരം ആരാഞ്ഞുകൊണ്ടേയിരിക്കും.
മുഖ്യധാരാ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും അടുത്ത കാലത്ത് നാം കേട്ടുകൊണ്ടിരിക്കുന്ന ചില തുറന്ന ുപറച്ചിലുകൾ ഈ പശ്ചാത്തലത്തിൽ  നാം ശ്രദ്ധിക്കാതെ പോവരുത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ എക്കാലത്തെയും സ്മരിക്കപ്പെടുന്നവീര പോരാട്ടങ്ങളാണ് 1857 ലെ ലഹളയും 1921 ലെ മലബാർ ലഹളയും. കൃത്യമായ ഹിന്ദു മുസ്‌ലിം വേർതിരിവ് സൃഷ്ടിക്കാൻ ഈ രണ്ട് ലഹളകളെയും ബ്രിട്ടീഷുകാരും അവർക്ക് പാദസേവ ചെയ്തവരും  ഉപയോഗപ്പെടുത്തിയത് തിരിച്ചറിയപ്പെടണം. 
മലബാർ കലാപം നടന്നിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്.
പ്രഗൽഭ ചരിത്രാധ്യാപകനും ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ.കെ. കെ.എൻ. കുറുപ്പ് എഴുതിയത് എത്ര പേർ വായിച്ചുകാണും?  'ഇന്നും മലബാർ കലാപമെന്ന് കേൾക്കുമ്പോൾ അത് ഹിന്ദുക്കൾക്കെതിരായി മാപ്പിളമാർ നടത്തിയ വർഗീയ കലാപമാണെന്ന് ചിന്തിക്കാനുതകുംവിധം ശക്തമായ ഒരു ബോധം പ്രചരിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കലാപത്തിന്റെ സാമ്രാജ്യത്വ വിരോധം എന്ന ആശയത്തെ പ്രതിപാദിക്കുന്ന ഏത് പുസ്തകവും പ്രസ് റഗുലേഷൻ ആക്ട് ഉപയോഗിച്ച് ബ്രിട്ടീഷുകാർ കണ്ടുകെട്ടിയിരുന്നു. ഉദാഹരണത്തിന് 1937 ൽ സൌമ്യേന്ദ്രനാഥ ടാഗോർ പെസന്റ് റിവോൾട്ട് ഇൻ മലബാർ പ്രസിദ്ധപ്പെടുത്തിയതിന് പിറ്റെ ദിവസം തന്നെ പുസ്തകം കണ്ടുകെട്ടി.
പിന്നീട് ക്വിറ്റിന്ത്യാ കാലത്ത്  1942 ൽ ഈ പുസ്തകത്തിന് തമിഴിലൊരു വിവർത്തനം വന്നപ്പോഴും ആ പുസ്തകവും ബ്രിട്ടീഷുകാർ കണ്ടുകെട്ടി. 1946 ൽ ഇ.എം.എസ് നമ്പൂതിരിപ്പാട് മലബാർ കലാപത്തിന്റെ ആഹ്വാനവും താക്കീതും എന്ന ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രസിദ്ധികരണത്തിന്റെ ജാമ്യത്തുക കണ്ടുകെട്ടുകയാണ് ബ്രിട്ടീഷ്‌കാർ ചെയ്തത്. ഇതെല്ലാം തന്നെ സാമ്രാജ്യത്വ വിരോധത്തിന്റെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു മലബാർ കലാപം എന്ന് വ്യക്തമാക്കുന്നതാണ്. പട്ടാളക്കോടതിയിൽ കലാപകാരികൾക്കെതിരായി ചുമത്തിയ കുറ്റം രാജ ചക്രവർത്തിക്കെതിരായി യുദ്ധം ചെയ്തുവെന്നായിരുന്നു. 
'അത്തരമൊരു കലാപത്തെ ഹിന്ദുക്കൾക്കെതിരായ കലാപമെന്ന് വ്യാഖ്യാനിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും  ഹിന്ദു വർഗീയ വാദികൾ  നൂറ് ശതമാനം വിജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.  തുടർന്നദ്ദേഹം നൽകുന്ന ഒരു മുന്നറിയിപ്പ് കൂടി ഏറെ പ്രസക്തമാണ്:
'ശാസ്ത്രീയമായ ചരിത്രബോധം സാധാരണക്കാർ കൈവരിക്കാത്തിടത്തോളം കാലം ഈ പ്രചാരണത്തിന്റെ സാമൂഹികാഘാതം ശക്തമാകുകയും ചെയ്യും.'
കുറിക്കുകൊള്ളുന്ന തരത്തിൽ കിറുകൃത്യമായ ഭാഷ ഉപയോഗിക്കുന്ന എം.എൻ. വിജയൻ സാറിന്റെ മറ്റൊരു നിരീക്ഷണം കൂടി  ചിന്താശീലർക്ക് ഏറെ പ്രയോജനപ്പെടും.  'അസ്ത്രത്തെ നേരിടേണ്ടത് അസ്ത്രം കൊണ്ട് തന്നെയാണ്. ബുദ്ധി മണ്ഡലത്തിലുണ്ടാവുന്ന പരാക്രമങ്ങളെ, ചൂഷണങ്ങളെ നേരിടേണ്ടത് ബുദ്ധിപരമായ തന്ത്രങ്ങൾ കൊണ്ട് കൂടിയാണെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.'  വിജയൻ മാഷിന്റെ ഈ  ഉണർത്തലിൽ  രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ദേശസ്‌നേഹിയായ
ഓരോ പൗരനും പാഠമുണ്ട്. ചരിത്ര സത്യങ്ങളെ പരമാവധി വസ്തുനിഷ്ഠമായി അന്വേഷിച്ച് കണ്ടെത്താൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഇളംതലമുറയിൽ വായനാ ശീലം വർധിപ്പിക്കേണ്ടതുണ്ട്.
അതിനുതകുന്ന പ്രാമാണികമായ ഗ്രന്ഥങ്ങൾ കണ്ടെത്തി അവർക്ക് ലഭ്യമാക്കണം. പ്രഗൽഭമതികളായ അധ്യാപകരുടെയും ഗവേഷകരുടെയും  സഹായത്തോടെ   അവരെ  ചരിത്ര കുതുകികളാക്കാനും വഴിയൊരുക്കണം.
അതോടൊപ്പം ചരിത്ര സംബന്ധിയായ   ആരോഗ്യകരവും വിജ്ഞാനപ്രദവുമായ സംവാദങ്ങളും പ്രഭാഷണങ്ങളും  കേൾക്കാൻ അവർക്ക് പ്രചോദനമേകുകയും വേണം. 
കൂടാതെ, തൽപരകക്ഷികൾ നിർബാധം തുറന്നുവിടുന്ന വെറുപ്പിന്റെ വിഷബീജങ്ങളെ നിർവീര്യമാക്കത്തക്ക തരത്തിൽ വസ്തുകളുടെ വെളിച്ചത്തിൽ വർത്തമാന വെല്ലുവിളികളെ സമർത്ഥമായി അപഗ്രഥിച്ച്  തന്റേടത്തോടെ അഭിമുഖീകരിക്കാനുതകുന്നവിനിമയ ചാതുരിയും കുട്ടികളിൽ വളർത്തിയെടുക്കണം. ഓരോ രക്ഷിതാവും പ്രത്യേകിച്ച്  ചരിത്രാധ്യാപകരും നന്മ നിറഞ്ഞ നാട്ടുകാരും പൊതുജനവും മുഖ്യധാരാ മാധ്യമങ്ങളും ഈ കാര്യത്തിൽ  ജാഗ്രത പുലർത്തുകയും  അതിനുള്ള വേദിയൊരുക്കുകയും ചെയ്യേണ്ടതുണ്ട്.

Latest News