Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

ഡോക്ടർക്ക് കൂട്ടിന് പാട്ട്

സംഗീത രംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തുകയാണ് ഖത്തറിലെ അൽ സുൽത്താൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഗോപാൽ ശങ്കർ. രോഗികളെ പരിശോധിക്കുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്യുന്ന പോലെ തന്നെ പാട്ടെഴുത്തും സംഗീത സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് ഡോ. ഗോപാൽ ശങ്കർ സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 
ഖത്തറിലെ പ്രവാസി മലയാളികൾ നിർമിച്ച് കഴിഞ്ഞ ദിവസം ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ റിലീസായ പാപ്പാസിലെ നാലു പാട്ടുകൾക്കും സംഗീതം നൽകിയാണ് ഡോ. ഗോപാൽ ശങ്കർ സിനിമാ ലോകത്തെ ഞെട്ടിച്ചത്. പാപ്പാസിലെ പാട്ടുകൾക്ക് ഈണമിടുക മാത്രമല്ല, ഒരു പാട്ട് എഴുതിയതും പാടിയതും ഡോ. ഗോപാൽ ശങ്കർ തന്നെയായിരുന്നു എന്നറിയുമ്പോൾ അദ്ദേഹത്തിന്റെ സംഗീത സപര്യയുടെ നാൾവഴികൾ നമ്മെ കൂടുതൽ ആകർഷിക്കും.


ഡോ. ഗോപാൽ ശങ്കറിന്റെ സംഗീത സംവിധാനത്തിൽ ഗാന ഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്, വിജയ് യേശുദാസ്, ശ്രേയ എന്നിവരാണ് പാപ്പാസിലെ മറ്റു ഗാനങ്ങൾ പാടിയത്. സംഗീതത്തിന്റെ മഹാസാഗരമായ ദാസേട്ടനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കാനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായാണ് അദ്ദേഹം കരുതുന്നത്. 
ചെന്നൈയിലെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഡോ. ഗോപാൽ ശങ്കറിന്റെ സംവിധാനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾ അതിമനോഹരമായി ദാസേട്ടൻ ആലപിച്ചപ്പോൾ സംഗീത സംവിധാനത്തിന്റെ വിശാലമായ ലോകം തനിക്ക് മുന്നിൽ തുറക്കപ്പെടുകയായിരുന്നു. അവിശ്വസനീയമായ ആ അനുഭവത്തിന്റെ ഓർമകൾ തന്നെ കോൾമയിർകൊള്ളിക്കുന്നതാണ്.


പാപ്പാസ് പുറത്തിറങ്ങിയതോടെ ഒരു പുതിയ സംഗീത സംവിധായകനെ സിനിമാ ലോകം വരവേറ്റു എന്നു വേണം കരുതാൻ. ദേശീയ അവാർഡ് ജേതാവും അന്തരാഷ്ട്ര അടിസ്ഥാനത്തിൽ ശ്രദ്ധേയനുമായ സംവിധായകൻ രാജേഷ് ടച്ച്‌റിവറിന്റെ പുതിയ പടമായ സയനൈഡിന്റെ സംഗീത സംവിധായകനാവാനുള്ള അവസരമാണ് ഡോ. ഗോപാൽ ശങ്കറിനെ തേടിയെത്തിയത്. മലയാളമടക്കം അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാവുകയെന്ന വെല്ലുവിളിയേറ്റെടുക്കുവാൻ ഡോ. ഗോപാൽ ശങ്കർ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. കെനിയയിൽ ഷൂട്ട് ചെയ്യുന്ന പ്രിയമണിയുടെ ഹിന്ദി, ഇംഗ്‌ളീഷ് ദ്വിഭാഷാ ചിത്രമാണ് അദ്ദേഹം ഏറ്റെടുത്ത മറ്റൊരു പ്രധാന പ്രോജക്ട്. ഒരു ഒറിയ ഹിന്ദി പടത്തിന്റെ സംഗീത സംവിധാനവും അദ്ദേഹത്തെ തേടിയെത്തിയത് സംഗീത ലോകത്തെ അദ്ദേഹത്തിന്റെ പുതുപരീക്ഷണങ്ങൾക്കുള്ള അംഗീകാരമായി വേണം കരുതാൻ. 
സ്‌കൂളിലും കോളേജിലുമൊക്കെ പാട്ട് പാടാനും ബാൻഡ് സംഘത്തിലും കൊയറിലുമൊക്കെ ഭാഗമാകാനും അവസരം ലഭിച്ച ഡോ. ഗോപാൽ ശങ്കറിന് സംഗീതം ദൈവികമായി ലഭിച്ച ഒരു സിദ്ധിയാണ്. ഔപചാരികമായി സംഗീതം കാര്യമായൊന്നും അഭ്യസിച്ചിട്ടില്ലെങ്കിലും ജന്മ വാസനയും സൗഹചര്യങ്ങളും അദ്ദേഹത്തെ ഒരു പാട്ടുകാരനും പാട്ടെഴുത്തുകാരനുമെന്ന പോലെ സംഗീത സംവിധായകനുമാക്കി എന്നു വേണം കരുതാൻ. ഖത്തറിലെ പ്രശസ്തനായ ഡോ. കൃഷ്ണൻ കുട്ടിയുടെ മകനാണ് ഡോ. ഗോപാൽ ശങ്കർ. ഡോ. കൃഷ്ണൻ കുട്ടി അത്യാവശ്യം നന്നായി പാടാൻ കഴിയുന്ന ഒരു സംഗീതാസ്വാദകനാണ്. അച്ഛനിൽ നിന്നും സർഗസിദ്ധി അനന്തരമെടുത്ത ഡോ. ഗോപാൽ ശങ്കർ ലഭിച്ച എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി സംഗീത രംഗത്ത് ഉദിച്ചുയരുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് വിദ്യാധരൻ മാഷ് ആൾ ഇന്ത്യാ റേഡിയോക്ക് വേണ്ടി ഒഡീഷൻ നടത്തി തെരഞ്ഞെടുത്ത ഡോ. ഗോപാൽ ശങ്കർ പല സന്ദർഭങ്ങളിലും റേഡിയോയിൽ പാടിയിട്ടുണ്ട്.
മെഡിസിന് പഠിക്കുന്ന കാലത്ത് മെഡിക്കൽ കോളേജിലെ കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആ സമയത്ത് ഒരു കൂട്ടുകാരൻ പാട്ട് കംപോസ് ചെയ്യുന്നത് കണ്ടാണ് ആവേശം തോന്നിയത്. നിരന്തരമായി പരിശ്രമിച്ച് കുറെ പാട്ടുകൾ എഴുതിയും ഈണമിട്ടും സംഗീതാസ്വാദനത്തിന്റെ ലഹരി നുകർന്നാണ് ഡോ. ഗോപാൽ ശങ്കർ വളർന്നത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ജോലി ചെയ്യവേ അവിടുത്തെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ ആവശ്യപ്പെട്ടതനുസരിച്ച് ക്രിസ്തീയ ഭക്തിഗാനം ചിട്ടപ്പെടുത്തിയത് ഡോ. ഗോപാൽ ശങ്കർ കൃത്യമായും ഓർത്തെടുക്കാനാകും. വരികളും രീതികളുമൊക്കെ സ്വന്തമായതിനാൽ എന്നും അവ നാവിൽ സജീവമായി തത്തിക്കളിക്കും.


ദോഹയിലെ ഒരു സ്വകാര്യ മെഡിക്കൽ സെന്ററിൽ ഡോക്ടറായാണ് പത്ത് വർഷം ഡോ. ഗോപാൽ ശങ്കർ ചെലവഴിച്ചത്. ഒഴിവു വേളകളിൽ പാട്ടുകളെഴുതിയും ചിട്ടപ്പെടുത്തിയും സായൂജ്യമടഞ്ഞ് ദിവസങ്ങൾ തളളി നീക്കുന്നതിനിടയിലാണ് ഒരു ദിവസം വോയ്‌സ് ഓഫ് കേരളയുടെ അഹ്ലൻ ദോഹ നടത്തുന്ന സംഗീത പരിപാടിയുടെ ഒഡീഷ്യനെക്കുറിച്ച് കേൾക്കുന്നത്. പങ്കെടുക്കാനുറച്ച് പേര് രജിസ്റ്റർ ചെയ്തു. 
ഒഡീഷ്യനിൽ തെരഞ്ഞെടുത്ത 8 പേരിൽ ഡോ. ഗോപാൽ ശങ്കറുമുണ്ടായിരുന്നു. 
അങ്ങനെയാണ് അഹ്ലൻ ദോഹയുടെ സാരഥിയും സംഗീത പ്രേമിയുമായ കെ. മുഹമ്മദ് ഈസ, പ്രോഗ്രാം ഡയറക്ടർ യതീന്ദ്രൻ മാസ്റ്റർ എന്നിവരെ പരിചയപ്പെടുന്നത്. ഇത് വോയ്‌സ് ഓഫ് കേരളയിൽ പല തവണ പാടാൻ അവസരമൊരുക്കി.
യതീന്ദ്രൻ മാഷുമായുള്ള അടുപ്പവും സൗഹൃദവുമാണ് പാപ്പാസിലെത്തിച്ചത്. ഒട്ടും ലാഭേഛയില്ലാതെ സാമൂഹ്യ പ്രതിബദ്ധതയോടെ നിർമിക്കുന്ന ഒരു ചിത്രം എന്നതായിരുന്നു ഡോ. ഗോപാൽ ശങ്കറിനെ പാപ്പാസിലേക്ക് ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഒരു പറ്റം നല്ല മനുഷ്യരുമായി സഹകരിക്കുവാനും പുതിയ അനുഭവങ്ങൾ നേടിയെടുക്കുവാനും കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്നും ജനോപകാരപ്രദമായ എല്ലാ പരിപാടികളുമായും സഹകരിക്കുമെന്നും ഡോ. ഗോപാൽ ശങ്കർ പറഞ്ഞു.
പീഡിയാട്രിക് ഗ്യാസ്‌ട്രോ എൻഡോളജിസ്റ്റായ ഡോ. ജിഷ ശങ്കറാണ് ഭാര്യ. എട്ടാം ക്‌ളാസ് വിദ്യാർഥിനി കല്യാണി ശങ്കർ മേനോൻ ഏക മകളാണ്. 
ലണ്ടനിൽ പഠിക്കുന്ന കല്യാണിയുടെ കഴിഞ്ഞ ജന്മദിനത്തിന് കോവിഡ് കാരണം സമ്മാനമൊന്നും എത്തിക്കാൻ കഴിയാതെ വന്നപ്പോൾ മോൾക്ക് വേണ്ടി പ്രത്യേകമായി ഇംഗ്‌ളീഷിൽ സ്വന്തമായി എഴുതി ഈണമിട്ട പാട്ടാണ് ഡോ. ഗോപാൽ ശങ്കർ സമ്മാനമായി നൽകിയത്.
ജീവിതം സംഗീത സാന്ദ്രമാകുമ്പോൾ ജോലിക്ക് കൂടുതൽ ഊർജം ലഭിക്കുമെന്നാണ് ഡോ. ഗോപാൽ ശങ്കർ കരുതുന്നത്. അതുകൊണ്ട് തന്നെ ആതുര സേവനത്തിനിടയിലും തന്റെ സംഗീത പരീക്ഷണങ്ങളുമായി സജീവമായി മുന്നോട്ടു പോകുവാൻ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.    

Latest News