Sorry, you need to enable JavaScript to visit this website.

ദുബായ് വിമാനത്താവളം ഒന്നാം സ്ഥാനത്ത്

ദുബായ് - അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് വിമാനത്താവളം ലോകത്ത് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി നാലാം വർഷമാണ് ദുബായ് എയർപോർട്ട് ഈ നേട്ടം സ്വന്തമാക്കുന്നത്. 2017 ൽ 8.82 കോടി അന്താരാഷ്ട്ര യാത്രക്കാർ ദുബായ് എയർപോർട്ട് ഉപയോഗപ്പെടുത്തി. അമേരിക്കയിലേക്കുള്ള സർവീസുകളിൽ ലാപ്‌ടോപ്പുകൾ കൈവശം വെക്കുന്നതിന് താൽക്കാലിക വിലക്കേൽപ്പെടുത്തിയിട്ടും 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 46 ലക്ഷം പേരുടെ വർധനവ് രേഖപ്പെടുത്തി. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസിറ്റ് കേന്ദ്രമായ ദുബായ് എയർപോർട്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 
2014 മുതലാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലണ്ടനിലെ ഹീത്രു എയർപോർട്ടിനെ ദുബായ് എയർപോർട്ട് മറികടന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് യു.എ.ഇ അടക്കം മിഡിൽ ഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ലാപ്‌ടോപ്പുകളും സാധാരണ സ്മാർട്ട് ഫോണുകളേക്കാൾ വലിപ്പം കൂടിയ ടാബുകളും ഉപയോഗിക്കുന്നത് അമേരിക്ക വിലക്കിയത്. പുതിയ സുരക്ഷാ നടപടികൾ ബാധകമാക്കിയതിനെ തുടർന്ന് ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനങ്ങളെ ഈ വ്യവസ്ഥയിൽ നിന്ന് അമേരിക്ക ഒഴിവാക്കിയതായി ജൂണിൽ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. 

Latest News