Sorry, you need to enable JavaScript to visit this website.

പി. ജയരാജൻ വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സി.പി.എം അപ്പീലിനൊരുങ്ങുന്നു

കണ്ണൂർ - പി.ജയരാജൻ വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ട കണ്ണൂർ അസി.സെഷൻസ് കോടതി വിധിക്കെതിരെ സി.പി.എം അപ്പീൽ നൽകാനൊരുങ്ങുന്നു. വിധി പകർപ്പ് അഭിഭാഷകരുമായി ചർച്ച ചെയ്തു വരികയാണ്. ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ തുടർനടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. മാത്രമല്ല, പതിവിന് വിപരീതമായി കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായും വിലയിരുത്തുന്നുണ്ട്.
പട്ടുവം അരിയിലിലെ രാഷ്ട്രീയ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.വി.രാജേഷ് എം.എൽ.എ എന്നിവരടങ്ങുന്ന സംഘത്തെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചു എന്ന കേസിലെ പ്രതികളും ലീഗ് പ്രവർത്തകരുമായ പട്ടുവം അരിയിലെ കെ.പി.അൻസാർ, പി.ഹനീഫ, പി.സുഹൈൽ, പട്ടുവം കടവിലെ കെ.പി.അനസ്, കെ.പി.മുഹമ്മദ് കുഞ്ഞി, അരിയിൽ മൊട്ടമ്മൽ കുതിരപ്പുറത്ത് റൗഫ്, കണ്ണങ്കിൽ സക്കറിയ, പി.അബ്ദുൽ സമദ്, കുതിരപ്പുറത്ത് യഹ്‌യ, സജീർ, കല്ലിങ്കിൽ നൗഷാദ്, അവരക്കൽ അഷ്‌റഫ് എന്നിവരെയാണ് കണ്ണൂർ അസി.സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 
ഈ കേസിൽ രണ്ട് പ്രതികളുടെ വിചാരണ പയ്യന്നൂർ സബ് കോടതിയിലും പ്രായപൂർത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ തലശ്ശേരി ജുവനൈൽ കോടതിയിലും നടന്നു വരികയാണ്.  കണ്ണൂർ അസി.സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ 17 സാക്ഷികളെയും 32 രേഖകളുമാണ് ഹാജരാക്കിയിരുന്നത്. 17 സാക്ഷികളിൽ ഭൂരിപക്ഷം പേർക്കും പ്രതികളെ തിരിച്ചറിയാനായിരുന്നില്ല. മാത്രമല്ല, തെളിവായി ഹാജരാക്കിയ രേഖകളും മറ്റും കൃത്രിമമായി തയാറാക്കിയതെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞതോടെ പ്രതികളുടെ മോചനത്തിന് വഴി തുറന്നു. ആക്രമണത്തിൽ പരിക്കേറ്റുവെന്ന് പറഞ്ഞ് പി.ജയരാജനും ടി.വി.രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുള്ള രേഖകൾ വ്യാജമാണെന്ന് സമർഥിക്കാനും ഇത് രേഖകളിൽ നിന്ന് ഒഴിവാക്കാനും പ്രതിഭാഗത്തിന് കഴിഞ്ഞു. ആക്രമണത്തിനുപയോഗിച്ച ആയുധമായി ഹാജരാക്കിയത് ഏതാനും കല്ലുകളാണ്. ആക്രമണത്തിന്റെ വീഡിയോ എന്ന പേരിൽ ഹാജരാക്കിയതും പരിഗണിച്ചില്ല. ഇലക്ട്രോണിക് മാധ്യമങ്ങൾ തെളിവുകളായി നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാത്തതാണ് വിനയായത്. ഇതും കേസ് തെളിയിക്കുന്നതിന് വിഘാതമായി. കേരള ലോയേഴ്‌സ് ഫോറം ഭാരവാഹികളും യുവ അഭിഭാഷകരുമായ അഡ്വ.കെ.പി.മുഹമ്മദ് ബഷീർ, അഡ്വ.കെ.പി.മുനാസ് എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്.
           ഏറെ രാഷ്ടീയ കോളിളക്കമുണ്ടാക്കിയ അരിയിൽ ഷുക്കൂർ വധത്തിന് കാരണമായ സംഭവം എന്ന് വിലയിരുത്തപ്പെടുന്ന ഈ ആക്രമണക്കേസിൽ തുടർനടപടി അനിവാര്യമാണെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇല്ലെങ്കിൽ പൊത സമൂഹത്തിന് മുന്നിൽ പാർട്ടിക്കുള്ള അംഗീകാരം നഷ്ടമാവുമെന്നതിനാൽ കൂടിയാണ് തുടർനടപടികളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
                         

Latest News