Sorry, you need to enable JavaScript to visit this website.

നവയുഗത്തിന്റെ ഇടപെടലിൽ നിയമക്കുരുക്കഴിച്ച് ലിസി നാട്ടിലേക്ക് മടങ്ങി

മഞ്ജു മണിക്കുട്ടനോടൊപ്പം ലിസി ദമാം വിമാനത്താവളത്തിൽ. 

ദമാം- നാലു വർഷം വീട്ടുജോലി ചെയ്തിട്ടും, ഇഖാമ പോലും എടുക്കാത്ത സ്പോൺസറുടെ നിരുത്തരവാദ സമീപനം മറികടന്ന് നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ മലയാളി വനിത നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് തരിയോട് സ്വദേശിനി മഞ്ഞകലയിൽ ദേവസ്യ ലിസി ആണ് ദുരിതപർവ്വം താണ്ടി നാട്ടിലേക്ക് മടങ്ങിയത്. നാലു വർഷം മുൻപാണ് ലിസി ദമാമിലെ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു അവിടത്തെ ജോലി സാഹചര്യങ്ങൾ എന്നാണ് ലിസി പറയുന്നത്. ഇഖാമ പോലും സ്‌പോൺസർ എടുത്തില്ല. അതിനാൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. രണ്ടു വർഷം കഴിഞ്ഞപ്പോൾ മുതൽ നാട്ടിൽ അവധിക്കു പോകാൻ അനുവദിക്കാൻ അപേക്ഷിച്ചിട്ടും, അതിനായി ഇഖാമ എടുക്കാൻ വേണ്ടി ഫൈൻ നൽകേണ്ടി വരുമെന്നതിനാൽ സ്‌പോൺസർ ശ്രമിച്ചില്ല. ഇക്കാരണത്താൽ നാലു വർഷത്തോളം നാട്ടിൽ പോകാനാകാതെ ലിസിക്ക് അവിടെ കഴിയേണ്ടി വന്നു.


നാലു മാസം മുൻപ്, ആരുമറിയാതെ വീട് വിട്ട് പുറത്തിറങ്ങിയ ലിസി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. സൗദി പോലീസ് ലിസിയെ ദമാം വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു. നാലുമാസത്തോളം അവിടെ തങ്ങിയിട്ടും, സ്‌പോൺസർ സഹകരിക്കാൻ തയ്യാറാകാത്തതിനാൽ ലിസിക്ക് എക്‌സിറ്റ് അടിക്കാൻ കഴിയാതെ വന്നതിനെതുടർന്ന് റിയാദിലെ അഭയകേന്ദ്രത്തിലേക്ക് അയക്കാൻ അധികൃതർ തീരുമാനിച്ചപ്പോൾ, ലിസി നവയുഗം ആക്റ്റിങ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. മഞ്ജു ലിസിയെ ജാമ്യത്തിൽ എടുത്തു സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു.
 മഞ്ജുവും നവയുഗം ജീവകാരുണ്യ പ്രവർത്തകരും ലിസിയുടെ സ്‌പോൺസറുമായി അഭയകേന്ദ്രത്തിൽ വെച്ച് ഡയറക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. സഹകരിക്കാത്ത പക്ഷം സ്‌പോൺസർക്കെതിരെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞു ശക്തമായ നിലപാടാണ് നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്വീകരിച്ചത്. ഒടുവിൽ സ്‌പോൺസർ വഴങ്ങി. അങ്ങനെ ലിസിക്ക് ഫൈനൽ എക്‌സിറ്റ് കിട്ടി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ചു, ഷഫീക്ക് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ ലിസിക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞ് ലിസി നാട്ടിലേക്ക് മടങ്ങി.
 

Tags

Latest News