Sorry, you need to enable JavaScript to visit this website.

നാലു മാസം മുമ്പ് മരിച്ച യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കേദാർനാഥിന്റെ മൃതദേഹം ലഖ്‌നൗവിൽ എസ്.ഡി.പി.ഐ ഉത്തർപ്രദേശ് ഘടകം ഭാരവാഹികൾ ഏറ്റുവാങ്ങിയപ്പോൾ. 

ഹായിൽ- നാലുമാസം മുമ്പ് ഹായിലിൽ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി കേദാർനാഥിന്റെ (46) മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് റഊഫ് കണ്ണൂരിന്റെയും സാമൂഹ്യ പ്രവർത്തകൻ ചാൻസ് റഹ്മാന്റേയും നേതൃത്വത്തിൽ  നാട്ടിലെത്തിച്ചു. ഉത്തർ പ്രദേശ്  ഗോരഖ്പൂർ ജില്ലയിലെ  താക്കൂർപൂർ ഗ്രാമത്തിൽ രാം നെയ്ൻ-സനിചരി ദേവി ദമ്പതികളുടെ മകനായ കേദാർനാഥ് പത്തു വർഷത്തോളമായി ഹായിലിലെ അൽ ഗായിദിലുള്ള തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലി സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലമാണ് കേദാർനാഥ് മരിച്ചത്.  രണ്ടു വർഷം  മുമ്പാണ് അവധിക്കു നാട്ടിൽ പോയി തിരികെ വന്നത്. തൊഴിലുടമ കേദാർനാഥിനെ ഹുറൂബിലാക്കിയിരുന്നതിനാൽ പ്രതിസന്ധിയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. അതിനിടെ കേദാർ നാഥിന്റെ ഭാര്യ കമലാവതി ദേവി അസുഖബാധിതയായി മരണപ്പെട്ട വിവരം ലഭിക്കുകയും കേദാർനാഥ് മാനസികമായി തളർന്ന അവസ്ഥയിലുമായി. ഹുറൂബ് കാരണം  യാത്രാവിലക്കിൽ പെട്ട് ഭാര്യയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോകാനും സാധിച്ചിരുന്നില്ല. തൊഴിലുടമയോട് യാത്രാവിലക്ക് നീക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതുമൂലം കടുത്ത മാനസിക പ്രയാസത്തിൽ കഴിയവെയാണ് കേദാർനാഥിനെ മരണം. 


ഹായിലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കേദാർനാഥിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി  കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം ആരും ഏറ്റെടുക്കാനില്ലാതെ വൈകുകയായിരുന്നു.  നിർധന കുടുംബത്തിന്റെ ഏക വരുമാനം കേദാർനാഥിന്റെ ജോലിയിൽ നിന്നുള്ള തുച്ഛമായ ശമ്പളം മാത്രമായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സാമൂഹിക പ്രവർത്തകൻ ചാൻസ് റഹ്മാൻ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡണ്ട് റഊഫ് എൻ.കെ., മുഹമ്മദ് ഷാൻ എന്നിവർ ഇന്ത്യൻ എംബസിയെ സമീപിക്കുകയും, കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേദാർനാഥിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ചെലവ് ഇന്ത്യൻ എംബസി വഹിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം  റിയാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ലഖ്‌നൗവിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയി. എസ്.ഡി.പി.ഐ ഉത്തർപ്രദേശ് ഘടകം ഭാരവാഹികളും ബന്ധുക്കളും ചേർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി 250 കിലോമീറ്റർ ദൂരത്തുള്ള താക്കൂർപൂരിലെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.
 

Tags

Latest News