Sorry, you need to enable JavaScript to visit this website.

അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യണം, അവിടെ കേരളത്തിന്റെ മാതൃക തീര്‍ക്കണം- ഐ.എ.എസ് ലഭിച്ചവരോട് ഗവര്‍ണര്‍

തിരുവനന്തപുരം -  കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് ലഭിച്ചവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിയമനം ലഭിക്കട്ടെ എന്ന് ആശിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കേരളത്തിലെ സ്ഥിതിസമത്വവും അന്തസ്സാര്‍ന്ന ജീവിതവും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിയമനം കിട്ടുന്നവര്‍ക്ക് കേരളത്തിന്റെ ഈ മാതൃകയെ അവിടങ്ങളിലേക്ക് എത്തിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതാണെന്നും അദ്ദേഹം  പറഞ്ഞു. കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് വിജയിച്ചവരെ അനുമോദിക്കാന്‍ കഴിഞ്ഞ ദിവസം  രാജ് ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
പദവി നല്‍കുന്ന അധികാരത്തെ ജനന്‍മക്കായി വിനിയോഗിക്കാന്‍ സിവില്‍ സര്‍വീസ് പരീക്ഷാവിജയികളെ അദ്ദേഹം ഉപദേശിച്ചു. ഏതു തീരുമാനമെടുക്കുമ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ അത് എങ്ങനെ ബാധിക്കുമെന്ന ചിന്ത ഉണ്ടാവണം. അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തേടണം.
ഭാരതത്തിന്റെ വൈവിധ്യത്തെ രാജ്യത്തിന്റെ ശക്തിയായിത്തന്നെ കാണണമെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. ആധുനികലോകം മനുഷ്യന്റെ അന്തസ്സിനെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭാരതമാകട്ടെ മനുഷ്യനിലെ ദിവ്യത്വത്തെ എന്നും ഉയര്‍ത്തിക്കാട്ടി. ഏത് ആശയത്തെയും വിശ്വാസത്തെയും സ്വീകരിച്ച മഹത്തായ പാരമ്പര്യമാണ് നമ്മുടേത്. ആ പാരമ്പര്യത്തിന്റെ ഉദാത്ത മാതൃകകള്‍ പേറുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സര്‍വീസ് ജേതാക്കള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ഗവര്‍ണര്‍ അനുമോദിച്ചു.

 

 

 

Latest News