Sorry, you need to enable JavaScript to visit this website.

നവരാത്രിക്ക് ഡ്രസ്സ്‌കോഡ്; വിവാദമായതോടെ പിൻവലിച്ചു

യൂനിയൻ ബാങ്കാണ് ഡ്രസ്സ്‌കോഡ് ഏർപ്പെടുത്തിയത്

കോഴിക്കോട്- പച്ച, മഞ്ഞ, ഓറഞ്ച്, പർപ്പിൾ നിറങ്ങൾ ഉൾപ്പെടുത്തി യൂനിയൻ ബാങ്കിലെ ജീവനക്കാർക്കായി ഇറക്കിയ നവരാത്രി ഡ്രസ്സ്‌കോഡ് വിവാദത്തിലായതോടെ ബാങ്ക് മാനേജ്‌മെന്റ് സർക്കുലർ പിൻവലിച്ചു.
നവരാത്രി കളേഴ്‌സ് 2012 എന്ന തലക്കെട്ടിൽ ഇന്ന് വരെ നീണ്ടുനിൽക്കുന്ന ദിവസങ്ങളിൽ ജീവനക്കാർ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ഒന്നാം തീയതി മുംബൈ സെൻട്രൽ ഓഫീസിൽനിന്ന് ജനറൽ മാനേജർ പ്രത്യേക സർക്കുലർ ഇറക്കിയത്. ഇതനുസരിച്ച് ഒക്‌ടോബർ ഏഴു മുതലുള്ള ദിവസങ്ങളിൽ ബാങ്കിലെ എല്ലാ ജീവനക്കാരും ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന വെൻഡർമാരും ഏഴിന് മഞ്ഞ, എട്ടിന് പച്ച, ഒൻപതിന് ഗ്രേ, പത്തിന് ഓറഞ്ച്, 11ന് വെള്ള, 12 ന് ഇളം ചുകപ്പ്, 13 ന് റോയൽ ബ്ലൂ, 14 ന് പിങ്ക്, 15 ന് പർപ്പിൾ എന്നീ വസ്ത്രങ്ങളാണ് ധരിക്കേണ്ടിയിരുന്നത്. ഈ നിറങ്ങളിലുള്ള വസ്ത്രങ്ങളല്ലാതെ ധരിച്ചുവരുന്നവർക്ക് 200 രൂപ വീതം പിഴ ഈടാക്കുവാനും സർക്കുലർ ബന്ധപ്പെട്ട ബ്രാഞ്ച് തലവന്മാരോട് നിർദേശിച്ചിരുന്നു.
പ്ലെയിൻ ഷർട്ടില്ലാത്തവർക്ക് ഈ നിറങ്ങളിലുള്ള കള്ളി ഷർട്ടും അനുവദിക്കാമെന്ന് നിർദേശമുണ്ടായിരുന്നു.
കൂടാതെ ഇന്നലെ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചാറ്റ് പാർട്ടി സംഘടിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. ബാങ്കിന്റെ എല്ലാ മുതിർന്ന ഓഫീസർമാരും ഇതിൽ പങ്കെടുക്കണമെന്നും ഉച്ചക്ക് ആരും ഭക്ഷണം കൊണ്ടുവരരുതെന്നും വിശദമായി സർക്കുലറിൽ പറഞ്ഞിരുന്നു. 
എന്നാൽ സർക്കുലറിനെതിരെ ജീവനക്കാർക്കിടയിൽനിന്ന് വ്യാപക പ്രതിഷേധമുയർന്നതോടെയാണ് ബാങ്ക് അധികൃതർ സർക്കുലർ പിൻവലിച്ചത്. ഓൾ ഇന്ത്യ യൂനിയൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജഗനാഥ് ചക്രവർത്തി ബാങ്കിന്റെ സാരഥികൾക്ക് കത്തെഴുതുകയും യൂനിയൻ ബാങ്ക്‌പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ നൂറു വർഷത്തെ ചരിത്രത്തിലിതാദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവമെന്നു പരസ്യപ്രസ്താവന ഇറക്കി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മുതിരുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ബാങ്ക് അധികൃതർ സർക്കുലർ പിൻവലിച്ചത്. 
ലക്ഷദ്വീപ് പോലുള്ള സംസ്ഥാനങ്ങളിൽ സർക്കാർ മാംസാഹാരം മെനുവിൽനിന്ന് പിൻവലിച്ചതടക്കമുള്ള കാര്യങ്ങളുമായി കൂട്ടിക്കലർത്തികൊണ്ടാണ് ഈ പൊതുമേഖലാ ബാങ്കിന്റെ നടപടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

Latest News