Sorry, you need to enable JavaScript to visit this website.

ഫിസിക്‌സിന്റെ ലോകം തിരിച്ചറിയുക, അവസരങ്ങളുടെയും

അടിസ്ഥാന ശാസ്ത്രവിഷയങ്ങളുടെ ഗണത്തിലാണ് ഫിസിക്‌സിനെ കണക്കാക്കുന്നതെങ്കിലും ആധുനിക സാങ്കേതിക വികാസത്തിന്റെ അടിസ്ഥാനവും സാധ്യതയും കുടികൊള്ളുന്നത് ഫിസിക്‌സിലെ സിദ്ധാന്തങ്ങളുടെയും തത്വങ്ങളുടെയും അടിത്തറയിലാണെന്നു പറയാം.
ഭൗതികശാസ്ത്രം, ഊർജതന്ത്രം എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഫിസിക്‌സ് ശാസ്ത്രാഭിനിവേശം, ഗണിതശാസ്ത്രത്തോടും സംഖ്യകളോടുമുള്ള താൽപര്യം, അപഗ്രഥനയുക്തി എന്നിവയുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട കരിയർ മേഖലയാണ്. ദ്രവ്യം, ഊർജം എന്നിവയുമായി ബന്ധപ്പെട്ട താപം, വൈദ്യുതി, കാന്തികത, ശബ്ദം, അറ്റോമിക് സ്ട്രക്ച്ചർ, എയ്‌റോ ഡൈനാമിക്‌സ്, മെക്കാനിക്‌സ് എന്നിങ്ങനെയുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് തന്നെ ജീവിതത്തിന്റെ സമഗ്ര മേഖലകളിലും ഫിസിക്‌സിന്റെ സാന്നിധ്യം ദർശിക്കാനാവും. പുതുകാലത്തെ പരീക്ഷണ, ഗവേഷണങ്ങൾ ഫിസിക്‌സിനെ ദ്രുതഗതിയിൽ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന ഒരു കരിയർ മേഖലയാക്കി മാറ്റുന്നു. പ്ലസ്ടു തലത്തിൽ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുത്തവർക്ക് അതിവിപുലമായ കരിയർ സാധ്യതകളാണ് ഫിസിക്‌സിന്റെ മേഖലയിൽ കാത്തിരിക്കുന്നത്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ബി.എസ്‌സി ഫിസിക്‌സ് എന്ന സാധ്യത കൂടാതെ പ്ലസ്ടുവിന് ശേഷം ഫിസിക്‌സും അനുബന്ധ വിഷയങ്ങളും പഠിക്കാവുന്ന ചില പ്രമുഖ സ്ഥാപനങ്ങൾ താഴെകൊടുക്കുന്നു


1) ഐ.ഐ.ടികാൺപൂർ:  നാല് വർഷ ബി.എസ്‌സി ഫിസിക്‌സ്(പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
2) ഐ.ഐ.എസ്.സി ബാംഗ്ലൂർ:  നാല് വർഷ ബി.എസ് (റിസർച്ച്) (പ്രവേശനം കെ.വി.പി.വൈ, ജെ.ഇ.ഇമെയിൻ, ജെ.ഇ.ഇഅഡ്വാൻസ്ഡ്, നീറ്റ് ചാനലുകൾ വഴി)
3) ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ട്: മൂന്നു വർഷ ബി.എസ്‌സി ഹോണേഴ്‌സ് മാത്തമാറ്റിക്‌സ് ആന്റ് ഫിസിക്‌സ് (പ്രവേശനം എൻട്രൻസ് വഴി)
4) )ഐ.ഐ.ടി.മദ്രാസ്: അഞ്ച് വർഷ ബി.എസ്.എം.എസ്. ഡ്യുവൽ ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
4) ഐ.ഐ.ടി. റൂർഖി, ഖരഗ്പൂർ എന്നിവിടങ്ങളിലെ അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
5) റൂർഖേല, പട്‌ന, സൂറത്ത് എന്നീ എൻ.ഐ.ടികളിലെ അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി (പ്രവേശനം ജെ.ഇ.ഇ മെയിൻവഴി)
7) നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആന്റ് റിസർച്ച് (ഭുവനേശ്വർ), യു.എം.ഡി.എ.ഇ. സെന്റർഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (മുംബൈ): അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി (പ്രവേശനം നാഷണൽ എൻട്രൻസ് സ്‌ക്രീനിംഗ്‌ടെസ്റ്റ് (എൻ.ഇ.എസ്.ടി  നെസ്റ്റ് വഴി)
8) തിരുവനന്തപുരം അടക്കമുള്ള ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആന്റ് റിസർച്ച് (ഐസർ):  അഞ്ച്  വർഷ ബി.എസ് എം.എസ്.ഡ്യൂവൽ ഡിഗ്രി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്)  (പ്രവേശനംകെ.വി.പി.വൈ/ജെ.ഇ.ഇ (അഡ്വാൻസ്ഡ്)/ഐസർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴി)
9) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഫിസിക്‌സ്, അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻഫോട്ടോണിക്‌സ് (പ്രവേശനം സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് സി.എ.ടി ക്യാറ്റ് വഴി).
10)ഹൈദരാബാദ്, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സ് (പ്രവേശനം അതത് സർവകലാശാലകൾ നടത്തുന്ന എൻട്രൻസ് വഴി)
11)ജമ്മു, രാജസ്ഥാൻ, തമിഴ്‌നാട്, ഹരിയാന എന്നിവിടങ്ങളിലെ കേന്ദ്രസർവകലാശാലകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി
 കോഴ്‌സ് (പ്രവേശനം സി.യു.സി.ഇ.ടി പ്രവേശന പരീക്ഷ വഴി)
12) ഐ.ഐ.ടി ഖരഗ്പൂർ  അഞ്ച് വർഷ എം.എസ്‌സി എക്‌സ്‌പ്ലൊറേഷൻ ജിയോഫിസിക്‌സ് ( പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
13) തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലുള്ള അഞ്ച് വർഷബി.ടെക് (എൻജിനീയറിങ് ഫിസിക്‌സ്)+ മാസ്റ്റർഓഫ്‌സയൻസ്/മാസ്റ്റർഓഫ് ടെക്‌നോളജിഡ്യുവൽ ഡിഗ്രി കോഴ്‌സ് (പ്രവേശനം, ജെ.ഇ.ഇ (അഡ്വാൻസ്ഡ്) റാങ്ക് അടിസ്ഥാനത്തിൽ)
14) ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (കൊൽക്കത്ത): അഞ്ച്  വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്‌സ്  മാസ്‌റ്റേഴ്‌സ് സയൻസ് (ഫിസിക്‌സ് ഉൾപ്പടെ): (പ്രവേശനം, അണ്ടർഗ്രാജുവേറ്റ്പ്രീ ഇന്റർവ്യൂ സ്‌ക്രീസിംഗ് ടെസ്റ്റ് വഴി)
15) എൻ.ഐ.ടി കോഴിക്കോട്, ഹാമിർപുർ എന്നിവിടങ്ങളിലെ  നാല് വർഷ ബി.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ് (പ്രവേശനം ജെ.ഇ.ഇ മെയിൻവഴി)
16) മദ്രാസ്, ബോംബെ, ദൽഹി അടക്കം ഏഴ്  ഐ.ഐ.ടികളിലെ  നാല് വർഷ ബി.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
17) ഐ.ഐ.ടി വരാണസി: അഞ്ച് വർഷബി.ടെക്, എം.ടെക് എഞ്ചിനീയറിങ് ഫിസിക്‌സ് ഡ്യുവൽ ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
18) എൻ.ഐ.ടി അഗർത്തല  അഞ്ച് വർഷ ബി.ടെക്, എം.ടെക്എഞ്ചിനീയറിങ് ഫിസിക്‌സ് ഡ്യുവൽ ഡിഗ്രി (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
19) ഇന്ത്യൻസ്‌കൂൾഓഫ് മൈൻസ്, ധൻബാദ്  അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.ടെക് (പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴി)
ഇതിനു പുറമെ ദൽഹി സർവകലാശാലക്ക് കീഴിലുള്ള നിരവധി കോളേജുകൾ, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ ബി.എസ്‌സി ഫിസിക്‌സ് (ഹോണേഴ്‌സ്) പ്രോഗ്രാം പഠിക്കാൻ അവസരമുണ്ട്.


ഫിസിക്‌സിലെ ബിരുദം മാത്രം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര ബിരുദത്തിനു മാത്രമായും പ്രമുഖ സ്ഥാപനങ്ങളെ ആശ്രയിക്കാവുന്നതാണ്. ജാംഎന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി വഴി ഐ.ഐ.ടികളിലെ എം.എസ്‌സി, ഐ.ഐ.ടികൾ, ബംഗളുരുവിലെ ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി എന്നിവക്കും കൂടാതെ ജെസ്റ്റ് എന്നറിയപ്പെടുന്ന ജോയിന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് വഴി നിരവധി സ്ഥാപങ്ങളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്കും പ്രവേശനം തേടാവുന്നതാണ്. 
ആസ്‌ട്രോഫിസിക്‌സ്, അസ്‌ട്രോണമി, ജിയോഫിസിക്‌സ്, ബയോഫിസിക്‌സ്, മാത്തമാറ്റിക്കൽ ഫിസിക്‌സ്, ക്വാണ്ടംഫിസിക്‌സ്, ന്യൂക്ലിയർ ഫിസിക്‌സ്, തിയററ്റിക്കൽ ഫിസിക്‌സ്, പ്ലാസ്മ ഫിസിക്‌സ്, ഇലക്ട്രോണിക്‌സ്, മെറ്റീരിയയോളജി, അറ്റ്‌മോസ്‌ഫെറിക് ഫിസിക്‌സ്, ഓഷ്യാനോഗ്രഫി, കംപ്യൂട്ടേഷണൽ സീസ്‌മോളജി, സീസ്‌മോളജിക്കൽ ഫിസിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ്, മിറ്റീരിയോളജി, അക്കൂസ്റ്റിക്‌സ്, റേഡിയേഷൻ ഫിസിക്‌സ്, സ്‌പേസ് സയൻസ്,  എന്നിങ്ങനെ മേഖലകളിൽ ബിരുദാനന്തര ബിരുദം തിരഞ്ഞെടുക്കാം.
ബിരുദ പഠനത്തിന് ശേഷം വേണമെങ്കിൽ തൊഴിലധിഷ്ഠിതമായ കോഴ്‌സുകൾ തിരഞ്ഞെടുത്ത് തൊഴിൽ മേഖലയിൽ സാധ്യത തേടുന്നതും പരിഗണിക്കാവുന്നതാണ്. കാർഡിയാക് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ റെക്കോർഡ്‌സ് സയൻസ്, ന്യൂറോടെക്‌നോളജി, സൗണ്ട് എഞ്ചിനീയറിങ് ആന്റ് ഡിസൈൻ, റേഡിയോ ഐസോടോപ്പ് ടെക്‌നോളജി, ഫൗൺഡ്രി, ഫോർജ്‌ടെക്‌നോളജി, വി.എൽ.എസ്.ഐഡിസൈൻ, ബ്രോഡ്കാസ്റ്റ് ടെക്‌നോളജി, ത്രീഡി പ്രിന്റിങ്, പാക്കേജിംഗ് കോഴ്‌സ് എന്നിവ ലഭ്യമാണ്. സിഡിറ്റ് (https://www.cdit.org/), സിഡാക് (https://www.cdac.in), നീലിറ്റ് (https://www.nielit.gov.in/), കെൽട്രോൺ (https://ketlron.org/), ഐസിടിഅക്കാഡമി (http://www.ictacademy.in/), അസാപ് (https://asapkerala.gov.in/)എന്നീസ്ഥാപനങ്ങൾ നടത്തുന്ന കോഴ്‌സുകളും തിരഞ്ഞെടുക്കാവുന്നതാണ്.


എയർട്രാഫിക് കൺട്രോൾ (ജൂനിയർ എക്‌സിക്യുട്ടീവ്), ഫോറൻസിക് ലാബ് അസിസ്റ്റന്റ്, ഫോറൻസിക ്അസിസ്റ്റന്റ്, റെയിൽവേ സിഗ്‌നൽ ടെക്‌നിഷ്യൻ, ലീഗൽ മെട്രോളജി സീനിയർ ഇൻസ്‌പെക്ടർ തുടങ്ങിയ തസ്തികകളിലേക്ക് ബി.എസ്‌സി ഫിസിക്‌സ് കഴിഞ്ഞവർക്ക് അപേക്ഷ സമർപ്പിക്കാം. കൂടാതെ മറ്റു ബിരുദധാരികൾക്കും അപേക്ഷിക്കാവുന്ന സിവിൽസർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ, സെക്രട്ടറിയേറ്റ്/കമ്പനി അസിസ്റ്റന്റ്, സബ്ഇൻസ്‌പെക്ട്ടർ പോലീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ് ജയിലർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ബാങ്കിങ്, ഇൻഷുറൻസ് ഓഫീസർ, ഡിഫൻസ് സർവീസ് തുടങ്ങിയ നിരവധി മേഖലകളിൽ തസ്തികകൾ വേറെയുമുണ്ട്.
ഫിസിക്‌സ് ബിരുദ പഠനത്തിന് ശേഷം മാറിചിന്തിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മാനേജ്‌മെന്റ് പഠനം, നിയമം, സോഷ്യൽ വർക്ക്, ജേണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്‌മെന്റ്, എം.സി.എ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ മേഖലകളിൽ സാധ്യതകൾ കണ്ടെത്താനാവും.ഡിഗ്രി, പിജി പഠനത്തിന്‌ശേഷം അധ്യാപക പരിശീലനം കൂടി നേടുന്നമുറക്ക് സ്‌കൂൾ, കോളേജ് തലങ്ങളിൽ അധ്യാപക ജോലിക്ക് ശ്രമിക്കാവുന്നതാണ്.
എം.എസ്‌സി പഠനം കഴിഞ്ഞാൽ ഗവേഷണത്തിനോ, കംപ്യൂട്ടേഷണൽ ബയോളജി, നാനോ സയൻസ് ആൻഡ് ടെക്‌നോളജി, ഗ്രീൻ എനർജി ടെക്‌നോളജി, എൻവയോൺമെന്റൽ എൻജിനീയറിങ് പോലുള്ള വിഷയങ്ങളിൽ എം.ടെക് ചെയ്യുകയുമാവാം. 


ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സ് (ബംഗളുരു), ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (മുംബൈ), ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർഫോർ അസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സ് (പൂനെ), ജവാഹർലാൽ നെഹ്‌റു സെന്റർഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ബംഗളൂരു), രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (ബംഗളുരു), ഫിസിക്കൽ റിസർച്ച് ലബോറട്ടറി (അഹമ്മദാബാദ്), നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഭുവനേശ്വർ), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ട്( കൊൽക്കത്ത), ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്‌സ് (ഭുവനേശ്വർ), ബോസ് ഇൻസ്റ്റിറ്റിയൂട്ട് (കൊൽക്കത്ത) തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഇതിനായി സൗകര്യം ഒരുക്കുന്നുണ്ട്. ടോഫെൽ, ഐ.ഇ.എൽ.ടി.എസ്, ജി.ആർ.ഇ എന്നിവയിൽ മികവോടെ വിജയം നേടുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളിലും പ്രവേശനം തേടാവുന്നതാണ്. ഗവേഷണം ഉദ്ദേശിക്കുന്നില്ലെങ്കിൽ എം.എസ്‌സിക്ക് ശേഷം ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ, സി.എസ്.ഐ.ആർ ലാബുകൾ എന്നിവിടങ്ങളിലെ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ജിയോളജിക്കൽ സർവേ ഇന്ത്യയിലെ ജിയോ ഫിസിസ്റ്റ്, അറ്റോമിക് ഊർജ വകുപ്പിലെ സയന്റിഫിക് ഓഫീസർ എന്നീ തസ്തികകളിൽ ജോലിക്കായി ശ്രമിക്കാം.

Latest News