Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക്ക് വാഹനം: 200 കോടി മുതൽമുടക്കാൻ ഒരുങ്ങി ടാറ്റ മോട്ടോർസ് 

ടാറ്റാ മോട്ടോർസിന്റെ ഇലക്ട്രിക് സ്‌പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ നെക്‌സൺ ഇവി. 
  • അബുദാബി കമ്പനിക്കും പങ്കാളിത്തം 

വൈദ്യുതി വാഹന ബിസിനസിൽ 200 കോടി ഡോളർ മുതൽമുടക്കാനൊരുങ്ങി ടാറ്റാ മോട്ടോർസ്. സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടി.പി.ജിയിൽനിന്ന് ഫണ്ട് ശേഖരിച്ചതിനു പിന്നാലെയാണ് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റാ മോട്ടോർസിന്റെ പ്രഖ്യാപനം. 
ടി.പി.ജിയുടെ ക്ലൈമറ്റ് ഫണ്ടും അബുദാബി സ്റ്റേറ്റ് ഹോൾഡിംഗ് കമ്പനിയായ എഡിക്യുവും 100 കോടി ഡോളർ ഇലക്ട്രിക് വെഹിക്കിൾ ബിസിനസിൽ നിക്ഷേപിക്കുമെന്ന് നേരത്തെ ടാറ്റാ മോട്ടോർസ് വെളിപ്പെടുത്തിയിരുന്നു. പുതുതായി ആരംഭിക്കുന്ന വൈദ്യുതി വാഹന യൂനിറ്റിൽ ടി.പി.ജിയും എ.ഡി.ക്യുവും യഥാക്രമം 11, 15 ശതമാനമാണ് ഓഹരി നേടുക. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ മോഡൽ വാഹനങ്ങൾക്കും ബാറ്ററി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ചാർജിംഗ് സംവിധാനങ്ങൾക്കുമാണ് മുതൽമുടക്കുകയെന്ന് ടാറ്റാ മോട്ടോർസ് എക്‌സിക്യുട്ടീവ് പറഞ്ഞു. 
വിപണിയിൽ വൈദ്യുതി വാഹനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ടാറ്റാ മോട്ടോർസ് വെഹിക്കിൾ ബിസിനസ് മേധാവി ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.  കാർബണില്ലാത്ത ലോകത്തിനുവേണ്ടി പ്രവർത്തിക്കുന്ന നിക്ഷേപകരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവറിന്റെ ഉടമസ്ഥർ കൂടിയായ ടാറ്റാ മോട്ടോർസിന്റെ ഓഹരി മൂല്യം ബുധനാഴ്ച 20 ശതമാനമാണ് ഉയർന്നത്. 2017 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഓഹരി വില ഇത്രയും ഉയരത്തിൽ എത്തുന്നത്. 
ഇലക്ട്രിക് വാഹനങ്ങളിൽ ചൈനക്കുള്ള മേധാവിത്തം തകർക്കുന്നതിന് ജനറൽ മോട്ടോർസ്, വോക്‌സ് വാഗെൻ, ടൊയോട്ട തുടങ്ങിയ അന്താരാഷ്ട്ര കമ്പനികൾ ശതകോടികൾ മുതൽമുടക്കുന്നതിനിടെയാണ് ഇന്ത്യൻ വാഹന നിർമതാക്കളും വിപണി പിടിക്കാൻ നടത്തുന്ന ശ്രമം. 
ഇന്ത്യയിൽ ഇലക്ട്രിക് കാർ വിപണിയിലിറക്കാൻ ഒരുങ്ങിയിരിക്കുന്ന ടെസ് ല ഇറക്കുമതി നികുതി കുറച്ചുകിട്ടുന്നതിന് കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തി വരികയാണ്. 
ഇലക്ട്രിക് വാഹന നിർമാണത്തിൽ 2025 ആകുമ്പോഴേക്കും ആഗോള നിക്ഷേപം 330 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. 


 

Latest News