Sorry, you need to enable JavaScript to visit this website.

തൊഴിൽ നൈപുണ്യത്തിന്റെ പ്രസക്തി

തൊഴിൽ വിപണിയിൽ സാധ്യതകളേറെയാണ്. അതിനനുസരിച്ച് നാം പഠിക്കുകയും മാറുകയും ചെയ്യണമെന്നതായിരുന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞ സാരാംശം. ആർട്ടിഫീഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ സാങ്കേതിക വിദ്യ വശത്താക്കുന്നതോടൊപ്പം ഭാഷാ നൈപുണ്യമാണ് ഏതൊരിടത്തും തൊഴിലിനു വേണ്ടതെന്ന കാര്യമാണ് വിഷയാവതാരകരും ആശംസകരും എടുത്തു പറഞ്ഞത്.

തൊഴിലില്ലായ്മയാണ് കുടുംബങ്ങളെയും രാജ്യങ്ങളെയും അലട്ടുന്ന പ്രധാന പ്രശ്‌നം. തൊഴിൽ തേടി അലയുന്ന യുവജനതയും അവരുണ്ടാക്കുന്ന പൊല്ലാപ്പുകളും ഭരണകർത്താക്കൾക്കെന്ന പോലെ കുടുംബങ്ങൾക്കും തലവേദനയാണ്. 
കുടുംബങ്ങൾ അണു കുടുംബങ്ങളിലേക്കു ചുരുങ്ങിയെങ്കിലും തൊഴില്ലായ്മ പല കുടുംബങ്ങളുടെയും ജീവിത താളം തെറ്റിക്കുകയാണ്,  കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും. വിദ്യാസമ്പന്നരാൽ സമ്പന്നമാണെങ്കിലും തൊഴിൽ രഹിതരാണെവിടെയും. 
അതേ സമയം ആഗോള തലത്തിൽ തൊഴിൽ സാധ്യതകൾ വർധിക്കുകയുമാണ്.   ആവശ്യത്തിന് ഉദ്യോഗാർഥികളെ കിട്ടുന്നില്ലെന്നതാണ് വാസ്തവം. മാറിയ തൊഴിൽ സാഹചര്യങ്ങൾക്കനുഗുണമായ പരിചയ സമ്പന്നരുടെ അഭാവവും കാലാനുസൃതമായ വിദ്യാഭ്യാസത്തിന്റെ പോരായ്മയുമാണ് ഇതിനു പ്രധാന കാരണം. ഇതു തിരിച്ചറിഞ്ഞ് ആഗോള തലത്തിലെ തൊഴിൽ സാധ്യതകൾ  എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലേക്കു വെളിച്ചം വീശുന്നതായിരുന്നു കഴിഞ്ഞ ദിവസം നോർക്ക, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ്. 
ഓൺലൈനായും തിരുവനന്തപുരം നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലുമായും സംഘടിപ്പിച്ച  പരിപാടി വിദേശ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നാം എങ്ങനെ മാറണം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനും അതിനനുസൃതമായി എന്തെല്ലാം ചെയ്യണം എന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടി നിയമസഭാ സ്പീക്കർ, വിദേശ മന്ത്രാലയ സെക്രട്ടറി, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാർ, വിദേശ രാജ്യങ്ങളിലെ മലയാളി സംരംഭകർ തുടങ്ങി പ്രഗൽഭരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടുള്ളതായിരുന്നു ഇതിൽ അവതരിപ്പിക്കപ്പെട്ട ഓരോ വിഷയങ്ങളും ചർച്ചകളും. തൊഴിലിന്റെ ഭാവിയും നവനൈപുണ്യ വികസനവും പുതിയ കുടിയേറ്റ മേഖലകൾ; മിഡിൽ ഈസ്റ്റിലെ പുതിയ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്.
തൊഴിൽ വിപണിയിൽ സാധ്യതകളേറെയാണ്. അതിനനുസരിച്ച് നാം പഠിക്കുകയും മാറുകയും ചെയ്യണമെന്നതായിരുന്നു ചർച്ചയിൽ ഉരുത്തിരിഞ്ഞ സാരാംശം. ആർട്ടിഫീഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതിയ സാങ്കേതിക വിദ്യ വശത്താക്കുന്നതോടൊപ്പം ഭാഷാ നൈപുണ്യമാണ് ഏതൊരിടത്തും തൊഴിലിനു വേണ്ടതെന്ന കാര്യമാണ് വിഷയാവതാരകരും ആശംസകരും എടുത്തു പറഞ്ഞത്. ഈ രീതിയിലേക്ക് നാം നമ്മുടെ വിദ്യാസമ്പന്നരായ പുതിയ തലമുറയെ മാറ്റേണ്ടതുണ്ടെന്നാണ് ഇന്നത്തെ തൊഴിലില്ലായ്മക്കു പരിഹാരമായി നിർദേശിക്കപ്പെട്ടത്. അതോടൊപ്പം ഇപ്പോൾ തൊഴിൽ രംഗത്തുള്ളവർ അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന പരിശീലനത്തിൽ വ്യാപൃതരാവുകയും പഠിക്കുകയും ചെയ്യുകയെന്നതും അനിവാര്യതയായി ചൂണ്ടിക്കാണിക്കപ്പെട്ടു. 
മലയാളികളുടെ കഴിവും പ്രാഗത്ഭ്യവും ലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം തൊഴിലിന് ആവശ്യമായ പരിശീലനമില്ലെന്നതാണ് തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നതിനു കാരണം. തൊഴിൽ ലഭിക്കുന്നതിന് ഭാഷ ഒരു പധാന ഘടകമാണ്. മാതൃഭാഷ കൂടാതെ ഇംഗ്ലീഷിൽ അൽപം പരിജ്ഞാനമായാൽ എല്ലാമായി എന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിൽ തന്നെ മലയാളികൾക്ക് പരിമിതികൾ ഏറെയുണ്ടെന്നതാണ് സത്യം. ഏതൊക്കെ ഭാഷ വശമാക്കാൻ കഴിയുമോ അത്രയും സാധ്യതകൾ തുറക്കപ്പെടുമെന്നതാണ് അനുഭവ സാക്ഷ്യം. അതിനാൽ നാട്ടിൽ വിവിധങ്ങളായ ഭാഷാ പഠന കേന്ദ്രങ്ങൾക്ക് സർക്കാരും സ്ഥാപനങ്ങളും സംഘടനകളുമൊക്കെ മുൻകൈ എടുക്കണം. ഒരു ഭാഷയും തൊഴിൽ പരിജ്ഞാനവും ഇല്ലെങ്കിലും മുൻകാലങ്ങളിൽ ഗൾഫ് നാടുകളിൽ എത്തിപ്പെട്ടാൽ തൊഴിൽ ലഭിക്കുമായിരുന്നു. അതുകൊണ്ടാണ് 18 മില്യൺ വരുന്ന വിദേശ ഇന്ത്യക്കാരിൽ പകുതി പേരും ഗൾഫ് നാടുകളിലുണ്ടാവാൻ കാരണം. ഒരു വിദ്യാഭ്യാസമില്ലാത്തവരും ഗൾഫിൽ എത്തിപ്പെട്ട് ജീവിതോപാധി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്നു സ്ഥിതി മാറുകയാണ്. ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിൽ നിന്നും വിദേശികൾ പുറന്തള്ളപ്പെടുകയാണ്. സൗദി അറേബ്യയിൽനിന്നു മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലി നഷ്ടപ്പെട്ട  വിദേശികൾ  എട്ടര ലക്ഷമാണ്. സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് തന്നെ വെളിപ്പെടുത്തിയ കണക്കാണിത്. സൗദിയിലെ വിദേശികളിൽ കൂടുതൽ ഇന്ത്യക്കാരാണെന്നതിനാൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ അധികവും ഇന്ത്യക്കാർ തന്നെയാണ്. സ്വദേശിവൽക്കരണവും പുതിയ സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവവുമാണ് അധികപേർക്കും തൊഴിൽ നഷ്ടപ്പെടാനിടയാക്കിയത്. മറ്റു ഗൾഫ് രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെയാണ്. അതേസമയം പുതിയ തൊഴിൽ സാധ്യതകൾ ഇവിടങ്ങളിൽ തുറക്കപ്പെടുന്നുമുണ്ട്്. അതിനു തക്ക യോഗ്യതകൾ ഉള്ളവരുടെ കുറവാണ് ഇപ്പോൾ നാം നേരിടുന്ന പ്രതിസന്ധി. അതിനാൽ ആധുനിക കാലത്തിനനുസൃതമായി തൊഴിൽ നൈപുണ്യം സ്വായത്തമാക്കുകയെന്നതാണ് ഇതിനുള്ള പോംവഴി. അതിനു സഹായകമായ രീതിയിലായിരുന്നു കോൺഫറൻസിലെ ചർച്ചകളും നിർദേശങ്ങളും.
ഗൾഫ് മേഖലയിൽ തൊഴിൽ സാധ്യതങ്ങൾ മങ്ങുമ്പോൾ ജപ്പാൻ, ജർമനി, ഇറ്റലി, യു.കെ, അമേരിക്ക, കാനഡ തുടങ്ങി ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ തൊഴിൽ സാധ്യതകൾ വേണ്ടുവോളം തുറക്കപ്പെടുന്നുണ്ടെന്നത് ആശ്വാസകരമാണ്. പക്ഷേ അവിടെ എത്തിപ്പെടുന്നതിനും തൊഴിൽ നേടുന്നതിനും തൊഴിൽ നൈപുണ്യത്തോടൊപ്പം ഭാഷാ പ്രാവീണ്യവും ഉണ്ടാവേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  ഗൾഫ് രാജ്യങ്ങളിൽ അവരുടെ ജനതയിൽ അധികപേരും യുവാക്കളായതിനാൽ തൊഴിൽ സാധ്യതകൾ കൂടുതൽ അവരിലേക്ക് പോകുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുകയാണ്. 
പ്രായമായവർ വിരമിക്കുന്ന ഒഴിവുകളിലേക്ക് സാധ്യതകൾ ഏറെയാണെന്നും, പ്രത്യകിച്ച് ആരോഗ്യം, ഐ.ടി മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ലോകത്ത് എവിടെയും സാധ്യതകൾ വർധിക്കുകയാണെന്നുമായിരുന്നു സമ്മേളനത്തിന്റെ വിലയിരുത്തൽ. തൊഴിൽ അന്വേഷകർക്ക് ആശ്വാസം പകരുന്നതായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത ഓരോ വിദഗ്ധരുടെയും അഭിപ്രായങ്ങൾ. പക്ഷേ നിലവിലെ പഠന, പരിശീലന ശൈലികളിൽ മാറ്റും വരുത്തുകയും  തൊഴിൽ നവനൈപുണ്യം നേടുകയും അതോടൊപ്പം കൂടുതൽ ഭാഷകളിൽ പ്രാവീണ്യം നേടുകയും ചെയ്താൽ തൊഴിൽ സാധ്യതകൾക്ക് ഒരു കുറവുമില്ലെന്നു തന്നെയായിരുന്നു ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസിന്റെ വിലയിരുത്തൽ.

Latest News