Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 വിജയ് ഫാന്‍സ് തമിഴ്‌നാട്ടില്‍ പഞ്ചായത്ത് ഭരണവും പിടിച്ചു

ചെന്നൈ-തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയത് നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍. വിജയ് പോലും സഹായിക്കാത്ത തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അദ്ദേഹത്തിന്റെ നൂറിലധികം ആരാധകരാണ് വിജയിച്ചിരിക്കുന്നത്. വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ദളപതി വിജയ് മക്കള്‍ ഇയക്കത്തിലെ (ടിവിഎംഐ) 169 അംഗങ്ങളില്‍ 115 പേരും മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതില്‍ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും ഉള്‍പ്പെടും. വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്തില്‍ വിജയ് ഫാന്‍സിലെ സാവിത്രിയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബര്‍ 6, 9 തീയതികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട 115 പേരില്‍ 13 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. നടന്‍ കമല്‍ഹാസന്റെയും നാം തമിഴര്‍ കച്ചിയുടെയും പാര്‍ട്ടികള്‍ക്ക് പോലും തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പിലാണ് വിജയ് ഫാന്‍സിന്റെ ഈ തകര്‍പ്പന്‍ മുന്നേറ്റം. വിജയ് ആരാധകര്‍ പ്രധാനമായും ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആരാധകരെ പരസ്യമായി പിന്തുണച്ചില്ലങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ടിവിഎംഐ പതാകയും ഉപയോഗിക്കാനും നടന്‍ വിജയ് അനുവദിച്ചിരുന്നു. ഇതാണ് വമ്പന്‍ വിജയത്തിന് വിജയ് ആരാധകരെ സഹായിച്ചിരിക്കുന്നത്.
ഈ വിജയം ഞങ്ങളുടെ നേതാവിനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫോട്ടോകളുമായി ആളുകളിലേക്ക് പോയി, അതു കൊണ്ടാണ് അവര്‍ ഞങ്ങളുടെ നേതാവിന് വോട്ട് ചെയ്തുവെന്നാണ് ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് സംഘടനാ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് വിജയ്‌യോടുള്ള ആദരവ് നേരില്‍ കാണാന്‍ കഴിഞ്ഞതായും ദളപതി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് നടന്ന ഒന്‍പത് ജില്ലകളും സന്ദര്‍ശിച്ച ആനന്ദ് ഫലങ്ങള്‍ ഒരു 'ട്രെയിലര്‍' മാത്രമാണെന്നാണ് തുറന്നടിച്ചത്. 
 

Latest News