Sorry, you need to enable JavaScript to visit this website.

നിയമസഭ കയ്യാങ്കളി കേസ്; കുറ്റവിമുക്തരാക്കണമെന്ന ഹരജി തള്ളി

തിരുവനന്തപുരം- നിയമസഭ അഴിഞ്ഞാട്ടകേസിൽ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതൽ ഹർജി തള്ളി. എം.എൽ.എമാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക്‌സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ കുറ്റവിമുക്തരാക്കണമെന്ന ഹർജിയാണ് തള്ളിയത്. എല്ലാപ്രതികളും വിചാരണ നേരിടണം. കുറ്റം ചുമത്തലിന് എല്ലാ പ്രതികളും ഹാജരാകാൻ സി.ജെ.എം ആർ.രേഖ ഉത്തരവിട്ടു.  പ്രതികളെ വിചാരണ ചെയ്യാൻ പ്രഥമദൃഷ്ട്യാ മതിയായ തെളിവുകളുണ്ടെന്ന് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.
പോലീസ് റിപ്പോർട്ടും സാക്ഷിമൊഴികളും കേസ് റെക്കോർഡുകളും പരിശോധിച്ചതിൽ കുറ്റപത്രത്തിന് അടിസ്ഥാനമുണ്ട്. പ്രതികൾ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാൻ അടിസ്ഥാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ  കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടത്.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന  നിയമസഭാ കയാങ്കളി ദ്യശ്യങ്ങൾ വ്യാജമെന്നതടക്കമുള്ള പ്രതികളുടെ വാദങ്ങൾ കോടതി തള്ളി. നേരത്തേ  കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി തള്ളിക്കൊണ്ട് പ്രതികൾ വിചാരണ നേരിടാൻ  ഉത്തരവ് പുറപ്പെടുവിച്ച മുൻ സിജെഎമ്മും നിലവിൽ പോക്‌സോ കോടതി ജഡ്ജിയുമായ ആർ. ജയകൃഷ്ണൻ 2020 സെപ്തംബർ 22 ൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎമാരായ കെ.അജിത്, കുഞ്ഞമ്പു മാസ്റ്റർ, മുൻ കായിക മന്ത്രിയായ ഇ.പി.ജയരാജൻ, സി.കെ.സദാശിവൻ, നിലവിൽ സംസ്ഥാന വിദ്യാഭ്യസ മന്ത്രി  വി.ശിവൻകുട്ടി, മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി. ജലീൽ എന്നിവരാണ് നിയമസഭയ്ക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ.
ജർമൻ നിർമ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉൾപ്പെടെ നശിപ്പിച്ചതിൽ 2.21 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. സ്പീക്കറുടെ ചേമ്പറിൽ ഡയസുൾപ്പെടെ മറിച്ചിട്ടു. മുൻ ധന മന്ത്രി   കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്.
 

Latest News