ഷാര്‍ജ പുസ്തകമേളക്ക് ഒരുക്കങ്ങളായി, അബ്ദുറസാഖ് ഗുര്‍ന പങ്കെടുക്കും

ഷാര്‍ജ- ലോകത്തെ ഏറ്റവും വലിയ മൂന്നു പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേള (എസ്.ഐ.ബി.എഫ്)ക്ക് ഒരുക്കം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. സാഹിത്യത്തിനുള്ള ഇപ്രാവശ്യത്തെ നൊബേല്‍ ജേതാവ് ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുറസാഖ് ഗുര്‍നയുടെ സാന്നിധ്യമാണ് മേളയിലെ ഏറ്റവും വലിയ സവിശേഷത.
'എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട്'  എന്ന പ്രമേയത്തില്‍ നവംബര്‍ 3 മുതല്‍ 13 വരെ ഷാര്‍ജ അല്‍ താവൂനിലെ എക്‌സ്‌പോ സെന്ററിലാണ്  40 ാമത് മേളയെന്ന് സംഘാടകരായ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമദ് റക്കാദ് അല്‍ അമിരി അറിയിച്ചു. സ്‌പെയിനാണ് ഇപ്രാവശ്യത്തെ അതിഥിരാജ്യം.
യു.എ.ഇ സുംപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധാകാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് പരിപാടി.
അള്‍ജീരിയന്‍ നോവലിസ്റ്റ്  യാസ്മിന ഖുദ്ര,'ദ് പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' എന്ന പ്രശസ്ത അമേരിക്കന്‍ ചിത്രത്തിന് നിദാനമായ ബിസിനസ് മാന്‍ ക്രിസ് ഗാര്‍ഡ്‌നര്‍, ഇന്ത്യയില്‍ നിന്ന് ഇംഗ്ലീഷ് എഴുത്തുകാരായ അമിതാവ് ഘോഷ്, ചേതന്‍ ഭഗത് അടക്കമുള്ളവരും കേരളത്തില്‍നിന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയും പങ്കെടുക്കും.

 

Latest News