Sorry, you need to enable JavaScript to visit this website.

തൊലിപ്പുറത്തെ ചികിത്സയല്ല വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്

കേരളത്തിൽ മാർക്ക് ജിഹാദാണ് എന്നു പറഞ്ഞ ദൽഹി സർവകലാശാലാ അധ്യാപകന്റെ വർഗീയ ലക്ഷ്യം വ്യക്തമാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മാർക്ക് വാരിക്കോരി കൊടുക്കുകയാണ് കേരള ബോർഡ് ചെയ്യുന്നതെന്നതിൽ സംശയമില്ല. പ്ലസ് ടു മാർക്ക് അടിസ്ഥാനമായെടുക്കുന്ന സ്ഥാപനങ്ങളിലെല്ലാം മലയാളി സാന്നിധ്യം കൂടുമ്പോൾ മത്സര പരീക്ഷകൾ വഴി പ്രവേശനം നടക്കുന്നിടങ്ങളിൽ അതല്ലല്ലോ കാണുന്നത്. 

ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് സ്വയം മഹത്വവൽക്കരിക്കുക എന്നത് മലയാളികളുടെ ചോരയിൽ അലിഞ്ഞ സ്വഭാവമാണ്. ഒപ്പം മറ്റുള്ളവരെ പുഛിക്കലും. സമീപകാലത്താകട്ടെ, ഈ പ്രവണത കൂടുതൽ ശക്തമായിരിക്കുകയാണ്. നാഴികക്ക് നാൽപതു വട്ടം നമ്പർ വൺ ജനത എന്ന് കൊട്ടിഘോഷിക്കുകയും മറ്റു ജനവിഭാഗങ്ങള , പ്രത്യേകിച്ച് തമിഴരെയും ഉത്തരേന്ത്യക്കാരെയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നമ്മുടെ വിനോദം. 
ശരിയല്ലാത്ത അവകാശവാദങ്ങൾ നമ്മൾ നിരന്തരമായി ഉന്നയിക്കുന്ന ഒന്നാണ് വിദ്യാഭ്യാസ മേഖല. കേരളത്തിന്റെ വിദ്യാഭ്യാസം ലോകനിലവാരത്തിൽ തന്നെ മുന്നിലാണെന്നെല്ലാം പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ യാഥാർത്ഥ്യം അതിൽ നിന്നെല്ലാം എത്രയോ അകലെയാണ്. ഒന്നു ശരിയാണ്. സാക്ഷരതയിലും പ്രാഥമിക വിദ്യാഭ്യാസത്തിലും ഇന്ത്യയിൽ നമ്മൾ മുന്നിൽ തന്നെയാണ്. തീർച്ചയായും അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ദേശീയ പ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും ക്രിസ്ത്യൻ മിഷനറിമാരും ഇടതുപക്ഷ പ്രസ്ഥാനവുമൊക്കെ അതിൽ പങ്കുവഹിച്ചിട്ടുണ്ട്. മാറിമാറി ഭരിച്ച സർക്കാരുകൾക്കും അതിൽ പങ്കുണ്ട്. അതിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. എന്തായാലും എല്ലാവരുടെയും ശ്രമഫലമായാണ് സമ്പൂർണ സാക്ഷരതയും മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസ നിലവാരവും നാം നേടിയത്. എന്നാൽ ആ നേട്ടം നിലനിർത്താനോ അതിന്റെ തുടർച്ച ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു വ്യാപിപ്പിക്കാനോ നമുക്ക് കഴിയുന്നില്ല. അതിന്റെ പ്രതിഫലനമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്തു പുറത്തു വരുന്ന വാർത്തകളും വിവാദങ്ങളും. 
വാസ്തവത്തിൽ ആദ്യകാല നേട്ടങ്ങൾക്കു ശേഷം  പൊതുവിദ്യാഭ്യാസ മേഖല രൂക്ഷമായ പ്രതിസന്ധി നേരിടുകയായിരുന്നു. അധ്യാപകരുടെ മാഗ്‌നാകാർട്ട എന്നറിയപ്പെടുന്ന 1957 ലെ വിദ്യാഭ്യാസ ബിൽ മുതൽ അതാരംഭിച്ചു. അതോടെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം സർക്കാർ നൽകാൻ തുടങ്ങി. എന്നാൽ നിയമനാധികാരം മാനേജ്മെന്റിൽ തന്നെ തുടർന്നു. സ്‌കൂൾ കൊണ്ടുനടക്കാനുള്ള ചെലവ് മാനേജ്മെന്റ് വഹിക്കണമെന്നതിനാൽ നിയമിക്കുന്ന അധ്യാപകരിൽ നിന്ന് വാങ്ങിയിരുന്ന വലിയ കോഴ ന്യായീകരിക്കപ്പെട്ടു. അതേസമയം സർക്കാർ വേതനം നൽകിയിട്ടും  സംവരണം നിഷേധിക്കപ്പട്ടു. മാത്രമല്ല, ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകരുടെ നിലവാരം സ്വാഭാവികമായും താഴെയായിരുന്നു. എന്നാൽ മറുവശത്ത് സമൂഹത്തോടോ വരും തലമുറയോടോ ഒരു പ്രതിബദ്ധതയുമില്ലാത്തവരായി സർക്കാർ സ്‌കൂൾ അധ്യാപകർ മാറിയപ്പോൾ എയ്ഡഡ് സ്‌കൂളുകളിലേക്കായി കുട്ടികളുടെ പ്രവാഹം. പക്ഷേ അതിനിടയിലായിരുന്നു ഇരുകൂട്ടർക്കും ഭീഷണിയായി അൺ എയ്ഡഡ് സിബിഎസ്ഇ സ്‌കൂളുകളുടെ രംഗപ്രവേശം. സർക്കാർ, എയ്ഡഡ് സ്‌കൂളുകളുടെ നിലവാരക്കുറവും സിബിഎസ്ഇയിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികളെ പഠിപ്പിക്കൽ അന്തസ്സിന്റെ പ്രതീകവുമായപ്പോൾ കുട്ടികളുടെ പ്രവാഹം അങ്ങോട്ടായി. തുഛം വേതനം വാങ്ങി ജോലി ചെയ്തിരുന്ന അധ്യാപകരായിരുന്നു അവിടെ പഠിപ്പിക്കുന്നതെന്നതു പോലും ആരും ഓർത്തില്ല. സർക്കാർ  എയ്ഡഡ് അധ്യാപകരിൽ ഭൂരിഭാഗവും സ്വന്തം മക്കളെ പോലും അവിടേക്കയക്കാനാരംഭിച്ചു. എന്തായാലും പെട്ടെന്നു തന്നെ സർക്കാർ  എയ്ഡഡ് സ്‌കൂളുകളുടെ തകർച്ചയുമാരംഭിച്ചു. ഇടക്കാലത്തെ ഡിപിഇപി അടക്കമുളള പരിഷ്‌കാരങ്ങൾ ഈ തകർച്ചക്ക് ആക്കം കൂട്ടുകയാണുണ്ടായത്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളില്ലാതായി. 
അതിനെയെല്ലാം മറികടക്കാനുള്ള നീക്കങ്ങളാണ് പിന്നീടുണ്ടായത്. ജോലി പോകുമെന്ന ഭയം വന്നപ്പോൾ അധ്യാപകർ ആത്മാർത്ഥമായി തൊഴിൽ ചെയ്യാനാരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന് സർക്കാർ തന്നെ വ്യപകമായ പ്രചാരണമാരംഭിച്ചു. കടം വാങ്ങിയ കോടികൾ ചെലവഴിച്ച് വലിയ കെട്ടിടങ്ങൾ നിർമിച്ചു. അതാകട്ടെ പലയിടത്തും കുട്ടികളുടെ കളിസ്ഥലങ്ങൾ ഇല്ലാതാക്കിയായിരുന്നു. ഏറ്റവും പ്രധാന കാര്യം സർക്കാർ നയങ്ങളിൽ നിന്നു വ്യത്യസ്തമായി പൊതുവിദ്യാലയങ്ങളിൽ വ്യാപകമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു എന്നതാണ്. അതോടെയാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചത്. അന്ധമായ ഭാഷാ മൗലികവാദം ഉപേക്ഷിച്ചത് തീർച്ചയായും അഭിനന്ദനാർഹം തന്നെ.
അതേസമയം യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത പ്രവണതയും ശക്തമായി. വാരിക്കോരി മാർക്ക് കൊടുക്കുക എന്നതാണത്. പൊതുവിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടു എന്നു കാണിക്കാനുള്ള ആവേശമായിരുന്നു അതിന്റെ പിറകിൽ. ഓരോ വർഷവും മുൻവർഷത്തേക്കാൾ കൂടുതൽ വിജയ ശതമാനമുണ്ടാക്കുകയായിരുന്നു ഓരോ സർക്കാരും ചെയ്തത്. ഇപ്പോഴത് ഏറെക്കുറെ നൂറു ശതമാനത്തിലെത്തിയിരിക്കുന്നു. എസ് എസ് എൽ സിക്കും പ്ലസ് ടുവിനും അതു തന്നെ അവസ്ഥ. ഫുൾ എ പ്ലസുകാരുടെ എണ്ണം, ഫുൾ വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം എന്നിവയെല്ലാം വർധിച്ചു, അഥവാ വർധിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അതിനനുസരിച്ച് ഉന്നത പഠനത്തിനുള്ള സൗകര്യങ്ങൾ നിലവിലില്ല എന്നത് ആരുമോർത്തില്ല. അതിന്റെ തിക്തഫലമാണ് ഈ വർഷം പ്ലസ് വൺ അഡ്മിഷനിൽ മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഓൺ ലൈൻ വിദ്യാഭ്യാസം വൻവിജയമാണെന്നു സ്ഥാപിക്കാനുള്ള ശ്രമവും ഇക്കുറിയുണ്ടായിരുന്നു. ഉത്തര കേരളത്തിൽ സ്ഥിതി അതിരൂക്ഷമാണ്. മലബാറിനോടുള്ള അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് പ്ലസ് വൺ സീറ്റിലുള്ള വൻ അന്തരം. കൃത്യമായ ഒരു മറുപടി പറയാൻ പോലുമാകാതെ വിദ്യാഭ്യാസമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ഒരുപക്ഷേ ആവശ്യത്തേക്കാൾ കൂടുതൽ കെട്ടിടങ്ങൾ പണിത് പണം ധൂർത്തടിച്ച  സർക്കാർ പറയുന്നത് കൂടുതൽ ബാച്ചുകൾ ആരംഭിക്കാൻ പണമില്ലെന്നാണ്. എല്ലാ സ്‌കൂളിലും പ്ലസ് വൺ കോഴ്‌സ് ആരംഭിച്ച് എസ്.എസ്.എൽ.സി ബോർഡ് പരീക്ഷ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണിക്കുന്നതേയില്ല. ഇല്ലാത്ത മികവ് ഉണ്ടെന്നു വരുത്താനുള്ള ശ്രമമാണ് വാസ്തവത്തിൽ ഈ പ്രതിസന്ധിക്ക് കാരണം. 
ഇതു തന്നെ പ്ലസ് ടു റിസൾട്ടിന്റെയും അവസ്ഥ. കേരളത്തിൽ മാർക്ക് ജിഹാദാണെന്നു പറഞ്ഞ ദൽഹി സർവകലാശാലാ അധ്യാപകന്റെ വർഗീയലക്ഷ്യം വ്യക്തമാണ്. അതേസമയം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മാർക്ക് വാരിക്കോരി കൊടുക്കുകയാണ് കേരള ബോർഡ് ചെയ്യുന്നതെന്നതിൽ സംശയമില്ല. പ്ലസ് ടു മാർക്ക് അടിസ്ഥാനമായെടുക്കുന്ന സ്ഥാപനങ്ങളിലെല്ലാം മലയാളി സാന്നിധ്യം കൂടുമ്പോൾ മത്സരപരീക്ഷകൾ വഴി പ്രവേശനം നടക്കുന്നിടങ്ങളിൽ അതല്ലല്ലോ കാണുന്നത്. എന്തിനേറെ, കേരളത്തിലെ തന്നെ എൻജിനീയറിംഗ് പ്രവേശനത്തിൽ പോലും സി.ബി.എസ്.സിക്കാർക്കാണല്ലോ ആധിപത്യം. ഈ വർഷത്തെ സിവിൽ സർവീസിൽ ചെറിയ നേട്ടമുണ്ടായപ്പോൾ അതു നമ്മൾ ആഘോഷിക്കുന്നതിനു കാരണവും മറ്റൊന്നല്ല. രാജ്യത്തെ മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതു തന്നെയാണ് അവസ്ഥ. കേരളത്തിനകത്താകട്ടെ, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ സർവകലാശാലകളോ ഇല്ലതാനും. അക്കാര്യത്തിൽ എത്രയോ പിറകിലാണ്  നാം. ഈ യാഥാർത്ഥ്യങ്ങളെല്ലാം മറച്ചുവെച്ചാണ് വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ഇല്ലാത്ത അവകാശവാദങ്ങൾ നമ്മൾ മുഴക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്നതോ? യാഥാർത്ഥ്യം മറച്ചുവെക്കുന്നതിനാൽ അതിനെ അഭിമുഖീകരിക്കാനോ പരിഹാരം കാണാനോ ആരും ശ്രമിക്കുന്നില്ല, മറിച്ച് നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ്, അല്ലെങ്കിൽ ഇരുട്ടു കൊണ്ട് ഓട്ടയടക്കൽ മാത്രമാണ്.

Latest News