Sorry, you need to enable JavaScript to visit this website.

സി.പി.എമ്മിന്റെ കോൺഗ്രസ് പ്രേമം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കളിൽ കൂടുതൽ  പേർ ബംഗാളിന്റെ നിലപാടിനൊപ്പമാണെങ്കിലും പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം പാർട്ടിക്ക് തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ ഇതിന് ഉത്തരം നൽകേണ്ട രാഷ്ട്രീയമായ വലിയ പ്രതിസന്ധിയാണ് 23 ാം പാർട്ടി കോൺഗ്രസിൽ സി.പി.എം നേരിടേണ്ടി വരിക.

സി.പി.എം ബംഗാൾ ഘടകത്തിന് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒടുങ്ങാത്ത കോൺഗ്രസ് പ്രേമമാണ്. കോൺഗ്രസുമായി കൂട്ടുകൂടിയാൽ മാത്രമേ ബി.ജെ.പിയെ നേരിടാനാകൂവെന്ന ചിന്ത ബംഗാളിലെ സി.പി.എമ്മുകാർക്ക് തോന്നിത്തുടങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പാർട്ടി ഭരണം അവസാനിച്ചപ്പോഴായിരുന്നു. അതുവരെ കോൺഗ്രസ് അവർക്ക് എടുക്കാ ചരക്കായിരുന്നു. നീണ്ട കാലം പാർട്ടി അടക്കി ഭരിച്ച സംസ്ഥാനത്ത് നിയമസഭയിൽ പ്രാതിനിധ്യം പോലുമില്ലാതെ വലിയ തകർച്ചയെ പാർട്ടി നേരിടുമ്പോൾ കോൺഗ്രസിന്റെ കുടക്കീഴിലേക്ക് നീങ്ങാനുള്ള പാർട്ടി നേതാക്കളുടെ മോഹത്തെ കുറ്റം  പറഞ്ഞിട്ട് കാര്യമില്ല. മുപ്പത് വർഷത്തിലേറെക്കാലം  അധികാരത്തിന്റെ ശീതളഛായയിൽ മയങ്ങിയവർക്ക് നേരം ഇരുട്ടി വെളുക്കുമ്പോഴേക്കും എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെടുമ്പോഴുള്ള ഒരു തരം വിഭ്രാന്തിയാണിത്.
എന്നാൽ ദേശീയ തലത്തിൽ കോൺഗസുമായി സി.പി.എം സഖ്യമുണ്ടാക്കണമെന്ന ബംഗാൾ നേതൃത്വത്തിന്റെ വാശി പാർട്ടിയെ വലിയൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. സി.പി.എം 23 ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ട തീരുമാനിക്കാനായി കഴിഞ്ഞ ദിവസം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കണമെന്ന ബംഗാൾ ഘടകത്തിന്റെ ആവശ്യത്തിനെതിരെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു തീരുമാനം സി.പി.എമ്മിന്റെ രാഷ്ട്രീയ വളർച്ചയെ വലിയ തോതിൽ ബാധിക്കുമെന്നാണ് ഇതിനെ എതിർക്കുന്നവർ പറയുന്നത്.
ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്ന നിലപാട് സി.പി.എം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.  കോൺഗ്രസുമായി അടുത്തതുകൊണ്ട് ബി.ജെ.പിയെ നേരിടാൻ കഴിയുമോയെന്നതാണ് കാതലായ ചോദ്യം. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബി.ജെ.പിയെ ദേശീയ തലത്തിൽ നേരിടാനുള്ള കെൽപ് കോൺഗ്രസിന് ഒറ്റക്കില്ലെന്ന കാര്യം കോൺഗ്രസ് നേതാക്കൾ പോലും സമ്മതിക്കും. ഓരോ തെരഞ്ഞെടുപ്പ് കഴിയും തോറും കോൺഗ്രസ് ശോഷിച്ചു വരികയാണ്.  രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഒറ്റയ്ക്ക് ഒരു ശക്തിയായി നിൽക്കാനുള്ള കരുത്ത് അവർക്കില്ല. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പ്രാദേശിക പാർട്ടികളുടെ പിന്നാലെ പോകുകയാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. വോട്ട് ബാങ്കിന്റെ വലിപ്പം കൊണ്ടല്ല, മറിച്ച് ഒരു ദേശീയ പാർട്ടി എന്ന ലേബലുള്ളതുകൊണ്ട് മാത്രമാണ് പ്രാദേശികമായി ശക്തിയുള്ള പല പാർട്ടികളും കോൺഗ്രസിനെ തങ്ങളുടെ തെരഞ്ഞെടുപ്പ് സഖ്യത്തിൽ ഉൾപ്പെടുത്താൻ തയാറാകുന്നത്. അത്രയ്ക്കും ദുർബലമായ കോൺഗ്രസിനോടാണ് സി.പി.എം ഇപ്പോൾ അമിത പ്രേമം കാണിക്കുന്നത്. 
കോൺഗ്രസിനോടുള്ള പ്രേമം വെടിഞ്ഞ് ഓരോ സംസ്ഥാനത്തെയും സാഹചര്യമനുസരിച്ച് മതേതര പ്രാദേശിക കക്ഷികളുമായി സഖ്യം ചേരുകയും അതിനെ ദേശീയ തലത്തിലുള്ള ഒരു വിശാല സഖ്യമായി വളർത്തിയെടുക്കുന്നതിന് മുൻകൈ എടുക്കുകയുമാണ് പാർട്ടി നേതൃത്വം ചെയ്യേണ്ടതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ഈ സഖ്യത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് തയാറാകട്ടെയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അത് തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എമ്മിന് പ്രായോഗികമായി എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം. അതിലൂടെ മാത്രമേ ദേശീയ തലത്തിൽ പ്രാമുഖ്യം നേടാൻ സി.പി.എമ്മിന് സാധിക്കുകയുള്ളൂ.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികൾ നിർണായക സ്വാധീനമായിരിക്കും ചെലുത്തുകയെന്ന കാര്യത്തിൽ സംശയമില്ല. ബി.ജെ.പി പേടിക്കുന്നതും ഇവരെ തന്നെയാണ്. 2024 ആകുമ്പോഴേക്കും പല വാഗ്ദാനങ്ങളും നൽകി കഴിയാവുന്നത്ര പ്രാദേശിക കക്ഷികളെ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കുകയെന്ന തന്ത്രമാണ് ബി.ജ.പി നേതൃത്വം പയറ്റാൻ ശ്രമിക്കുന്നത്. ബി.ജെ.പിയെ തറ പറ്റിക്കാൻ പ്രാദേശിക കക്ഷികളുടെ കൂട്ടുകെട്ടിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന കാര്യം മനസ്സിലാക്കുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടത്. ഇത്തരം കക്ഷികൾ ബി.ജെ.പി പാളയത്തിലേക്ക് പോകാതെ അവരെ ഒരുമിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിക്കേണ്ടതുണ്ട്. അതിന് നേതൃത്വം കൊടുക്കുന്നതിന് പകരം കോൺഗ്രസിന്റെ പിന്നാലെ പോകുന്നതിന് നിരന്തരമായി ചർച്ചകൾ നടത്തിയിട്ട് കാര്യമില്ല.
പ്രാദേശിക കക്ഷികൾ പലപ്പോഴും ദേശീയമായ കാഴ്ചപ്പാട് പുലർത്താറില്ലെന്നതാണ് സി.പി.എമ്മിന്റെ ഏറ്റവും വലിയ പരാതി. അതുകൊണ്ട് തന്നെ ഒരു പരിധിക്കപ്പുറം ഇവരെ ആശ്രയിക്കാനാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇത് ഒരു പരിധി വരെ ശരിയാണ്. എന്നാൽ മുഖ്യശത്രുവായ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുന്നത് തടയുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെങ്കിൽ പ്രാദേശിക കക്ഷികളെ മുഖവിലക്കെടുത്തേ മതിയാകൂ. അല്ലെങ്കിൽ നരേന്ദ്ര മോഡി വീണ്ടും ഭരണം പിടിക്കുന്ന അവസ്ഥയുണ്ടാകും.
2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രാദേശിക കക്ഷികൾ ഒരു വിശാല കൂട്ടായ്മക്ക് രൂപം കൊടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മമതാ ബാനർജിയും ശരത് പവാറുമാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. മമതാ ബാനർജി ഇതിന്റെ നേതൃസ്ഥാനത്ത് നിൽക്കുന്നതുകൊണ്ട് തന്നെ ഈ കൂട്ടായ്മയിലേക്ക് അടുക്കുന്നതിന് സി.പി.എം ബംഗാൾ ഘടകത്തിന് താൽപര്യമില്ല. കോൺഗ്രസിനെ മുന്നിൽ നിർത്തി ഒരു വിശാല സഖ്യത്തിന് രൂപം നൽകുകയും അതിൽ ഉൾച്ചേരുകയുമാണ് സി.പി.എമ്മിന്റെ തന്ത്രം. കോൺഗ്രസ് ഇല്ലാതെ വിശാല ഐക്യത്തിന് രൂപം നൽകുന്നതുകൊണ്ട് കാര്യമില്ലെന്നാണ് ബംഗാളിലെ നേതാക്കളുടെ അഭിപ്രായം.
 വിശാല ഐക്യം രൂപപ്പെട്ടാൽ അതിൽ മമതക്കുണ്ടാകുന്ന പ്രാധാന്യം കുറച്ചു കാണിക്കുകയെന്നതാണ് ബംഗാൾ സി.പി.എം ലക്ഷ്യമിടുന്നത്. എന്നാൽ ഇതിന് നേരെ വിപരീതമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. ബി.ജെ.പി മുഖ്യ ശത്രുവാണെങ്കിലും ഇവിടെ ഭരണത്തിലുള്ള സി.പി.എം ഏറ്റവും വലിയ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുന്നണിയുമായിട്ടാണ്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ കോൺഗ്രസുമായി ചങ്ങാത്തം കൂടാനുള്ള പാർട്ടി നീക്കം കേരളത്തിലെ സി.പി.എം നേതാക്കൾക്കും അണികൾക്കും ദഹിക്കുന്ന കാര്യമല്ല.
കോൺഗ്രസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് പാർട്ടി ബംഗാൾ ഘടകവും കേരള ഘടകവും തമ്മിലുള്ള  പരസ്പര വിരുദ്ധമായ നിലപാട് പാർട്ടി ദേശീയ നേതൃത്വത്തെ വലിയൊരു പ്രതിസന്ധിയിലാണ് എത്തിച്ചിട്ടുള്ളത്. 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കളിൽ കൂടുതൽ  പേർ ബംഗാളിന്റെ നിലപാടിനൊപ്പമാണെങ്കിലും പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം പാർട്ടിക്ക് തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ ഇതിന് ഉത്തരം നൽകേണ്ട രാഷ്ട്രീയമായ വലിയ പ്രതിസന്ധിയാണ് 23 ാം പാർട്ടി കോൺഗ്രസിൽ സി.പി.എം നേരിടേണ്ടി വരിക.

Latest News