Sorry, you need to enable JavaScript to visit this website.

കിളിയേ ദിക്‌റ് പാടി കിളിയേ...വി.എം കുട്ടി പറഞ്ഞ ജീവിതം

മലപ്പുറം ജില്ലയിലെ പുളിക്കൽ വടക്കുങ്ങര പരേതരായ ഉണ്ണീൻ മുസ്ലിയാർ-ചെറുപാലക്കാട്ടിൽ ഇത്താച്ചക്കുട്ടി ദമ്പതികളുടെ മകനാണ്  ഇന്ന് പുലർച്ച മരിച്ച വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി.എം.കുട്ടി. മാപ്പിളപ്പാട്ട് ഗായകൻ, രചയിതാവ്,സംഗീത സംവിധായകൻ,ചിത്രരചന,സാഹിത്യരചന,അഭിനയം തുടങ്ങിയ മേഖലയിൽ മേഖലകളിലെല്ലാം സർഗധനൻ.

ഭാര്യ- പരേതയായ ആമിനക്കുട്ടി,സുൽഫത്ത്. മക്കൾ.അശ്‌റഫ്,മുബാറക്ക്,ബർക്കത്തുല്ല,റഹ്‌മുത്തുല്ല,ബുഷ്‌റ,ഷഹർബാൻ,കുഞ്ഞിമോൾ,സൽമാൻബാവ.

         ***********************

അന്നൊരിക്കൽ വി.എം കുട്ടി പറഞ്ഞ ജീവിതം വീണ്ടും വായിക്കാം..

ജീവിതം പറഞ്ഞു തുടങ്ങുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും മുമ്പുളള പത്ത് വർഷം പിറകോട്ട് നടക്കേണ്ടിവരും.ഓർമ്മകളിൽ കലയുടെ നിഴലാട്ടം തുടങ്ങുന്നത് വീടിന്റെ ഉമ്മറപ്പടിയിൽ നിന്ന് തന്നെയാണ്.മൂന്ന് പ്രധാന ഘടകങ്ങളാണ് എന്നിൽ പാട്ടുകാരൻ എന്ന മോഹമുദിച്ചത്.തരക്കേണ്ടില്ലാത്ത സമ്പന്ന കാർഷിക കുടംബത്തിലാണ് ഞാൻ ജനിച്ചത്.ജോലിക്കാരായി വീട്ടുമുറ്റത്ത് വന്നുപോകുന്നവരിൽ ദലിതരായിരുന്നു കൂടുതലും.അവർക്ക് കൃഷി ചെയ്യാനറിയുന്നതു പൊലെ തന്നെ അവരുടെ തനത് നാടൻ കലകളിലും സർഗശേഷിയുണ്ടായിരുന്നു.ഓണപ്പാട്ടുകൾ,നാടൻ പാട്ടുകൾ,പരിചമുട്ടുകളി,ചവിട്ടുകളി അങ്ങിനെ കണ്ണിനും കാതിനും കൗതുകം പകരുന്ന സർഗസംഗമ ഭൂമിയാക്കിയിരുന്നു അവർ വീടിന്റെ ഉമ്മറപ്പടി.നാടൻ പാട്ടുകളോട് തോന്നിയ ഇഷ്ടം എന്നിലെ കാലാകാരനെ വളരാൻ സഹായിച്ചു.
    കൊയ്ത്തു കാലത്ത് വീട്ടിൽ വിരുന്നെത്തുന്ന ഉണ്ണീൻഎളാപ്പ,നന്നായി പാട്ടുപാടുന്ന പാണ്ടികശാല ഫാത്തിമക്കുട്ടി അമ്മായി ഇവർ എന്റെ ജീവിത്തിൽ ഏറെ സ്വാധീനം ചെലുത്തിയവരാണ്.എളാപ്പ വീട്ടിൽ വരുമ്പോൾ തത്തച്ചുണ്ടൻ മാങ്ങയും,വിളകളും കൊണ്ടുവരും.മങ്ങയേക്കാൾ സ്വാദ് എളാപ്പയുടെ പാട്ടിനുമുണ്ടായിരുന്നു.മോയീൻകുട്ടി വൈദ്യരുടെ പടപ്പാട്ടുകളാണ് എളാപ്പ പാടിയിരുന്നത്.ഞാനും സഹോദരങ്ങളും കാതുകൂർപ്പിച്ചിരിക്കും.അമ്മായി വീട്ടിൽ വിരുന്നെത്തിയാൽ മടക്കം രണ്ടാഴ്ച കഴിഞ്ഞാണ്.പുളിക്കൽ എ.എം.എം.എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അമ്മായി വീട്ടിലെത്താനും വീട്ടിലെത്തിയാൽ മടങ്ങിപ്പോവാതിരിക്കാനുമായിരുന്നു എന്റെ പ്രാർത്ഥന.അമ്മായിയുടെ ചുണ്ടിൽ ഒപ്പനപ്പാട്ടും,കല്ല്യാണപ്പാട്ടുകളും എപ്പോഴും തത്തിക്കളിക്കും.വെളളപ്പൊക്കം,കാളപ്പാട്ട് തുടങ്ങിയവയുടെ പാട്ടുകൾ അമ്മായി പാടുമ്പോൾ എന്റെ മുമ്പിൽ അവ നടക്കുന്നതുപോലെ പ്രതിഫലിക്കും.അങ്ങിനെയായിരുന്നു അമ്മായിയുടെ അവതരണം.
   കാളപൂട്ടിന്റതിശയം പലരുമെ പറഞ്ഞ പൂതി...എന്റെ
   കാലികൾകൊണ്ടരുവിധം ഞാൻ ചെന്നണഞ്ഞ ചേതീ...
  അമ്മായി പാടിയിരുന്ന ഈപാട്ട് തന്നെയാണ് ഞാൻ ആദ്യം പാടിയതും.പിൽക്കാലത്ത് ആയിരത്തിലേറെ തവണ ഈ പാട്ടുപാടിയിട്ടുണ്ട്.ശ്രോതാക്കൾ എന്നെ കൊണ്ടു പാടിപ്പിച്ചിട്ടുമുണ്ട്.അമ്മായിയുടെ പാട്ട് കേട്ടതോടെയാണ് എന്നിൽ ഒരു ഗായകനാവണമെന്ന ആഗ്രഹം മുളപൊട്ടുന്നത്.ഇതോടൊപ്പം ഉമ്മയും സഹോദരിമാരും പാടുന്ന സബീനപ്പാട്ടുകളും മാലപ്പാട്ടുകളും എന്നെ വളരെയേറെ സ്വാധീനിച്ചു. മണ്ണെണ്ണ വിളക്കിന്റെ അരണ്ടവെളിച്ചത്തിൽ ഒരുകയ്യിൽ നിവർത്തിപ്പിച്ച സബീനയും മറുകയ്യിൽ തൊട്ടിലക്കയറും പിടിച്ച് കുഞ്ഞുങ്ങളെ താലോലമാട്ടി ഉറക്കുന്ന ബെയ്ത്തുകളും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

സ്വതന്ത്ര്യത്തിന്റെ മധുരം പാട്ടിന്റെയും

   കുടമണി കിലുക്കിയെത്തുന്ന കാളവണ്ടികളായിരുന്ന അന്നത്തെ ചെമ്മൺ പാതയിൽ ഏറെയും.ചരക്കുമായി പോവുന്ന കാളവണ്ടികളും,വണ്ടിക്കാരും.ബസ്സുൾപ്പടെയുളള വാഹനങ്ങൾ വിരളമാണ്.പുളിക്കലിൽ എൽ.പി വിദ്യാഭ്യാസവും ഓത്തുപളളിയിൽ നിന്ന് മതപഠനവും കഴിഞ്ഞതോടെയാണ് തുടർ പഠനത്തിന് കൊണ്ടോട്ടി ജി.എം.യു.പി.സ്‌കൂളിലേക്ക് പോവുന്നത്.ആദ്യമായി ബസ്സിൽ കയറി വാപ്പയുടെ കൂടെയുളള യാത്ര കൊണ്ടോട്ടിയിലേക്കാണ്.പുളിക്കൽ ഭാഗത്ത് നിന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് കൊണ്ടോട്ടിയിൽ തുടർപഠനത്തിന് പോകുന്നത്.ഉള്ളവരാകാവട്ടെ എന്നേക്കാളും പ്രായം കൂടുതലുളളവർ. അവർ മൂന്ന് നാഴിക കാൽനടയായാണ് സ്‌കൂളിൽ പോയിവരുന്നത്.ഞാൻ ചെറുപ്പമായതിനാൽ വാപ്പ ബസ്സിൽ കയറ്റിയാണ് കൊണ്ടുപോയത്.ബസ്സെന്ന് പറഞ്ഞാൽ ഇന്നോർക്കുമ്പോൾ അൽഭുതമാണ്. പിന്നിൽ നിന്ന് വളഞ്ഞൊരു കമ്പികൊണ്ട് യാന്ത്രം തിരിച്ച് വെളളം ചൂടാക്കിയോടുന്ന ബസ്സ്.ഇന്ത്യൻ ബസ്സ് എന്നായിരുന്നു അതിന്റെ പേര്.
  ബാപ്പക്ക് പുളിക്കലിൽ പലചരക്ക് കച്ചവടമായിരുന്നു.ആയതിനാൽ എന്നെ എന്നും കൊണ്ടോട്ടി സ്‌കൂളിൽ കൊണ്ടുപോവാൻ കഴിയില്ല.അങ്ങിനെയാണ് കൊണ്ടോട്ടിയിലെ ഞങ്ങളുടെ ബന്ധു ചുണ്ടക്കാടൻ കോയാമുട്ടി മാസ്റ്ററുടെ വീട്ടിലെത്തുന്നത്. സ്‌കൂളിനടത്താണ് മാസ്റ്റർ ഉൾപ്പെട്ട വലിയ കുടംബത്തിന്റെ വീട്.ആ വീട്ടിൽ താമസിച്ചു പഠിക്കാനായിരുന്നു നിർദേശം.ശനിയാഴ്ച സ്‌കൂളിൽ നിന്ന് പുളിക്കലിലേക്ക് വരും.തിങ്കളാഴ്ച മുതൽ ശനിവരെ ചുണ്ടക്കാടൻ വീട്ടിൽ താമസിച്ചു പഠിക്കും. ആ വീട്ടിലെ കുട്ടികളുമായി ഞാൻ പെട്ടൊന്ന് ചങ്ങാത്തത്തിലായി.അന്ന് തുർക്കിത്തൊപ്പി ധരിച്ചാണ് ഞാൻ സ്‌കൂളിൽ പോയിരുന്നത്.സ്‌കൂളിൽ കുട്ടികളാരും തുർക്കിത്തൊപ്പിധരിച്ചിരുന്നില്ല.അതോടെ എന്നെ മറ്റുകുട്ടികൾ കളിയാക്കി.പരിഹാസം സഹിക്കാതെ ആയപ്പോൾ ഞാൻ തൊപ്പി അഴിച്ചുവെച്ച് സ്‌കൂളിൽ പോവാൻ തുടങ്ങി.
   ചുണ്ടക്കാടൻ വീടിന്റെ മുൻവശത്തെ ഒരുമുറിപ്പീടികയിൽ ഇസ്തിരിയിടുന്ന കുഞ്ഞിമുഹമ്മദ് എന്നയാൾ താമസിച്ചിരുന്നു. കറുത്ത് മെലിഞ്ഞ നീണ്ട ആമനുഷ്യൻ പാട്ടുകാരനും കവിയുമായിരുന്നു. കെസ്സ് പാട്ടുകളാണ് അയാൾ മൂളിക്കൊണ്ടിരിക്കുക. സ്‌കൂൾ വിട്ടുവന്നാൽ അദ്ദേഹത്തിന്റെ പീടികയിലേക്ക് ഓടും. ഇഷ്ടപ്പെട്ട പാട്ടുകൾ കുറെ എഴുതി എടുക്കും. കൊണ്ടോട്ടിയിൽ അക്കാലത്ത് നിരവധി മാപ്പിളകവികളുണ്ടായിരുന്നു.നിമിഷ നേരം കൊണ്ട് പാട്ടുകെട്ടിപ്പാടുന്നവർ. സമീപത്താണ് ബീഡി തെറുപ്പുകരായ കൊണ്ടോട്ടി തക്കിയാവിലെ തൊഴിലാളികളിൽ മോയീൻ കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകൾ ഹൃദ്യസ്ഥമാക്കുകയും കേട്ടെഴുതി എടുക്കുകയും ചെയ്തു.കൊണ്ടോട്ടിയിൽ ബീഡി തെറുപ്പുകരായ കൊടിമരം പരിസരത്തെ തൊഴിലാളികളിൽ നിമശകവികളും പാട്ടുകാരുമുണ്ടായിരുന്നു.അഥിതിയായി എത്തിയ ഞാൻ പിന്നെ ബീഡിതെറുപ്പുകാർക്കിടിയിൽ സ്ഥിരം സാന്നിദ്യമായി.അതുവഴി മോയീൻ കുട്ടി വൈദ്യരുടെ പാട്ടുകൾ ഹൃദ്യസ്ഥമാക്കാനുമായി.
   1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഞാൻ കൊണ്ടോട്ടി സ്‌കൂളിൽ ഏഴാംക്ലാസ്സിലാണ്.സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിൽ സ്‌കൂളിൽ പായസവും മിഠായി വിതരണവും നടന്നു.അക്കാലമത്രയും സ്‌കൂൾ ചുമരിൽ തൂങ്ങിയ ജോർജ് അഞ്ചാമന്റെയും വിക്ടോറിയ രാജ്ഞിയുടേയും ചിത്രങ്ങൾ എടുത്ത് മാറ്റി മഹാത്മഗാന്ധിയുടെ ചിത്രം വെച്ചു.രാജ്യത്തിന് സ്വന്ത്ര്യംകിട്ടയതോടൊപ്പം എന്റെ പാട്ടുജീവിതത്തിനും സ്വാതന്ത്ര്യം കിട്ടിയിരുന്നു.കലാഹൃദയനായ പിതാവ് അടക്കം എന്നെ പ്രോൽസാഹിപ്പിച്ചിരുന്നു.

സാഹിത്യസമാജത്തിലെ പാട്ടുകാരൻ

  1948-ലാണ് ഫറോക്കിൽ ഹൈസ്‌കൂൾ പഠനത്തിനെത്തുന്നത്.കൊണ്ടോട്ടിയിൽ നിന്നുപഠിച്ച അന്തരീക്ഷമായിരുന്നില്ല ഫറോക്കിൽ എത്തിയപ്പോൾ കണ്ടത്.കോട്ടും ധോത്തിയും ധരിച്ചെത്തുന്ന അധ്യാപകർ.അച്ചടക്കം,പഠനവും മാത്രം ലക്ഷ്യം.പക്ഷെ ക്ലാസ്സിൽ ഓരോ മാസവം സാഹിത്യസമാജങ്ങളുണ്ടാകുമായിരുന്നു.വർഷത്തിലൊരിക്കൽ വാർഷികാഘോവും.പാട്ടുകാരനായി ഞാൻ സാഹിത്യസമാജത്തിൽ പങ്കെടുത്തു കൊണ്ടിരുന്നു.വാർഷികാഘോഷങ്ങൾ നാടകം,ഗാനമേള,പ്രച്ഛന്നമൽസരം തുടങ്ങിയവയിൽ പങ്കെടുത്തു.സാഹിത്യസമാജത്തിൽ പാടാനുളള പാട്ടുകൾ സഹോദരിമാരിൽ നിന്ന് ലഭിച്ചിരുന്നു.അവർ സബീനപ്പാട്ടുകൾ വാങ്ങുകയും അവർ ആലപിക്കുകയും ചെയ്യും.അതോടെ പക്ഷിപ്പാട്ടും മാലപ്പാട്ടുകളും പഠിക്കാൻ എനിക്ക് പ്രചോദനമായി.സാഹിത്യസമാജത്തിൽ പാട്ടുപാടാൻ സഹോദരിമാർ സഹായിക്കുകയും ചെയ്തു.
   എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞതോടെ വീണ്ടും നാട്ടിലെത്തി.സുഹൃത്തുക്കളുമായി ചേർന്ന കലാപ്രവർത്തനങ്ങളിൽ മുഴുകി.പുരോഗമന ആശയക്കാരായിരുന്നു കൂട്ടിനുണ്ടായിരുന്നത്.സ്വന്തം നാടായ പുളിക്കലിൽ ഒരു ലൈബ്രറി തുടങ്ങുകയായിരുന്നു ആദ്യലക്ഷ്യം.പിതാവിന്റെ കടയുടെ മുകളിലെ മുറി ഇതിനായി കണ്ടെത്തി.അങ്ങിനെ യുവജന വായനാശാല നാട്ടിൽ രൂപീകരിക്കപ്പെട്ടു.അതിന്റെ ആദ്യപ്രസിഡണ്ടും ഞാനായിരുന്നു.ഇന്നും പുളിക്കലിൽ പതിനായിരത്തിലേറെ പുസ്തക ശേഖരവുമായി പുതിയ കാലഘട്ടത്തിനും ഈ ഗ്രന്ഥശാല വഴികാട്ടുന്നുണ്ട്.വീടുകളിൽ കയറിയിറങ്ങിയാണ് പുസ്തകങ്ങളും മാസികകളും ഞങ്ങൾ ശേഖരിച്ചിരുന്നത്.
  ഫറോക്കിൽ നിന്ന് രാമനാട്ടുകര സേവാമന്ദിരത്തിലേക്കാണ് പിന്നീട് വന്നെത്തുന്നത്.അധ്യാപക പരിശീലനമായിരുന്നു ലക്ഷ്യം.ജീവിതത്തിൽ പാട്ടിലേക്കും,അധ്യാപക ജോലിയിലേക്കുമുളള വഴിത്തിരവായിരുന്നുവത്.ട്രൈയിനംഗ് കോളേജിലെ പ്രധാനഅധ്യാപകൻ കെ.രാധാകൃഷ്ണ മേനോൻ ജീവിതത്തിൽ നിർണ്ണായ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്.നാടകത്തിലും,പാട്ടിലും,ചിത്രരചനയിലുമൊക്കെ എന്നെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.ചെറുകാടിന്റെ തറവാടിത്തം എന്ന നാടകത്തിൽ ശങ്കരൻകുട്ടിയായിരുന്നു ഞാൻ.നാടകം ശ്രദ്ദിക്കപ്പെട്ടു.കെ.ടി മുഹമ്മദ്,കെ.പി ഉമ്മർ തുടങ്ങിയ പ്രശസ്തർ അഭിനന്ദിച്ചു.പിന്നീട് കുതിരവട്ടം പപ്പു,നെല്ലിക്കോട് ഭാസ്‌കരൻ,കുഞ്ഞാണ്ടി,ഹാജി അബ്ദുറഹിമാൻ തുടങ്ങിയവരോടൊപ്പം നാടകത്തിൽ വേഷമിടാനം കഴിഞ്ഞു.
  സേവാമന്ദിരത്തിൽ വെളളിയാഴ്ച തോറും പുറത്തിറങ്ങുന്ന കയ്യെഴുത്ത് മാസികയും,മുകൂരം മാസികയും എനിക്ക് എഴുത്തിലേക്കും പ്രചോദനമായിരുന്നു.വെളളിനക്ഷത്രത്തിൽ കാർട്ടൂൺ പരമ്പരയും,മുഖ ചിത്രവും വരച്ചും,ലേഖനങ്ങളെഴുതാനും അസവരം കൈവന്നു.ട്രൈയിനംഗ് കോളേജിലെ പ്രധാനഅധ്യാപകൻ കെ.രാധാകൃഷ്ണ മേനോൻ കോഴിക്കോട് ആകാശവാണിയിൽ ഉപദേശക സമിതിയിൽ അംഗമായിരുന്നു.എന്നിലെ പാട്ടുകാരന്റെ ശബ്ദം ആദ്യമായി റോഡിയോയിൽ വരുന്നതും അതുവഴിയാണ്.മൂന്ന് മാസത്തിലൊരിക്കൽ ഞങ്ങളുടെ പാട്ടുപരിപാടി റോഡിയോയിൽ വന്നിരുന്നു.അന്നത്തെ കോഴിക്കോടിന്റെ സഹിത്യസംഗമ ഭൂമിയായിരുന്നു കോഴിക്കോട് ആകാശവാണി നലയം.പി.ഭാസ്‌കരൻ,കെ.രാഘവൻ മാസ്റ്റർ,തിക്കോടിയൻ,ഉറൂബ്,അക്കിത്തം,കെ.എ.കൊടുങ്ങല്ലൂർ,ഉദയഭാനു തുടങ്ങിയ സർഗധനന്മാരുമായി സൗഹൃദത്തിലാവാനും കഴിഞ്ഞു.
 
വയല് നീന്തിക്കടന്ന പ്രധാന അധ്യാപകൻ

   അധ്യാപക ട്രെയിനംഗ് പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തിയപ്പോൾ യുവജന വായനശാലയുടെ പ്രവർത്തികളിൽ മുഴുകി.യുവജനോദയം എന്ന കയ്യെഴുത്ത് മാസിക അന്ന് ഞങ്ങൾ പുറത്തിറക്കിയിരുന്നു.മാസികയുടെ പത്രാധിപർ പി.എൻ.അബ്ദുറഹിമാനും,സഹപത്രാധിപർരും ആർട്ട് ഡയറക്ടറും ഞാനായിരുന്നു.പ്രദേശിക തലങ്ങളിലെ ചൂഷണത്തിനെതിരെയായിരുന്നു ഞങ്ങളുടെ പ്രതിഷേധം.അത് പലപ്പോഴും നാട്ടുപ്രമാണിമാരെയും,അന്നത്തെ രാഷ്ട്രീയക്കാരേയും ചൊടിപ്പിച്ചിരുന്നു.മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിൽ ലൈബ്രറികൾ സ്ഥാപിക്കുന്നതിന് ഫണ്ട് കണ്ടെത്താൻ കളരപ്പയറ്റ് നടത്തിയ സംഭവമുണ്ടായിരുന്നു.എന്നാൽ ഫണ്ട് മുക്കിയതല്ലാതെ വായനശാല തുറന്നില്ല.ഇത് മാസികയിൽ തുറന്ന് കാട്ടിയതോടെ നാടിളകി.എനിക്ക് അനുകൂലമായും പ്രതികൂലമായും വാദങ്ങൾ നടന്നു.എഴുത്തിന്റെയും കാർട്ടൂണിന്റെയും ശക്തിയെന്തെന്ന് തിരിച്ചറിയുന്നത് അക്കാലത്താണ്.
    1957-ലാണ് കൊളത്തൂർ എ.എം.എൽ.പി.സ്‌കൂളിൽ പ്രധാന അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.പ്രശസ്ത മാപ്പിളചരിത്രകാരൻ കെ.കെ.മുഹമ്മദ് അബ്ദുൾകരീം മാസ്റ്റർ അവിടെ അധ്യാപകനായിരുന്നു.മഴതിമർത്തു പെയ്യുന്ന പകലിൽ തോടും വയലും വെളളംനിറഞ്ഞ് ഒന്നായ സമയത്താണ് കൊളത്തൂർ സ്‌കൂളിലേക്ക് ആദ്യമായി പോവുന്നത്.പേങ്ങാടൻ അബൂബർ മാസ്റ്ററായിരുന്നു അതുവരെ പ്രധാന അധ്യാപകൻ.രാജാജി മന്ത്രിസഭ കലാത്ത് ബേസികം സ്‌കൂളിൽ എസ്.എസ്.എൽ.സി പാസായവരും,ബേസിക് ട്രൈയിനംഗ് കഴിഞ്ഞവരുമായിരിക്കണം പ്രധാന അധ്യാപകർ എന്ന നിയമം വന്നിരുന്നു.അബൂബക്കർ മാസ്റ്റർക്ക് ബേസിക് ട്രൈയിനിംഗ് സർട്ടിഫിക്കറ്റില്ലായിരുന്നു.തുടർന്ന് കരീംമാഷും അദ്ദേഹവും കൂടി രാമനാട്ടുകരയിലെ സേവാമന്ദിരത്തിൽ വന്നു ട്രൈയിനിംഗിന് ചേർന്നു.ഇവരാണ് സ്‌കൂളിൽ ഒഴിവുളള വിവരം അറയിച്ചതും പ്രധാന അധ്യാപകനാവാൻ നിർബന്ധിപ്പിച്ചതും.
   കഴുത്തറ്റം വെളളത്തിൽ നീന്തി കൊളത്തൂർ മഞ്ചക്കാട് എത്തിയപ്പോൾ സ്‌കൂളിൽ ആകെയുളളത് 10 വിദ്യാർത്ഥികൾ മാത്രം.ഓലമേഞ്ഞൊരു സ്‌കൂൾ കെട്ടിടമാണ്.ആദ്യദിനത്തിൽ തന്നെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ സ്‌കൂളിലേക്ക് വന്നതിൽ എനിക്ക് സങ്കടമായി.കരീം മാസ്റ്ററും അബൂബക്കർമാസ്റ്ററും എന്നെ കളിയാക്കി.ഇതൊരു തുടക്കമാണ് വി.എം.കുട്ടീ..ശരിയായിക്കോളും.പിറ്റേന്ന് മുതൽ സ്‌കൂളിലേക്ക് കുട്ടികളെ കണ്ടെത്താനുളള നടത്തമായിരുന്നു.അക്കാലത്ത് സമയത്തിന് സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നതിൽ രക്ഷിതാക്കളും ശ്രദ്ദിച്ചിരുന്നില്ല.ഓരോ വീടിന് മുമ്പിലെത്തുമ്പോഴും കരീം മാസ്റ്റർ പറയും.ഇത് പുതിയ മാഷാണ്.പാട്ടുകാരാനാണ് വി.എം.കുട്ടി.സ്‌കൂളിലെത്തിയാൽ കഞ്ഞിയും കിട്ടും എന്റെ പാട്ടും കേൾക്കാമെന്ന ഉൽസാഹത്തിൽ എത്തിയ വിദ്യാർത്ഥികളും അന്നുണ്ടായിരുന്നു.
   സ്‌കൂളിൽ പരിശോധനക്കായി എ.ഇ.ഒ വന്നദിവസം.വയൽക്കരയിലൂടെ എ.ഇ.ഒ സ്‌കൂളിലെത്തുന്നു.കുട്ടികളുടെ തലയെണ്ണി സ്‌കൂളിന് അനുമതി വേണോ എന്ന് നിശ്ചയിക്കാനുളള വരവാണ്.എല്ലാത്തിനും ഉത്തരം പറയേണ്ടത് പ്രധാന അധ്യാപകനായ ഞാനാണ്.സംഗതി കുഴഞ്ഞെന്ന് ബോധ്യമായി.അപ്പോഴാണ് കരീം മാഷും,അബൂബക്കർ മാഷും പറയുന്നത്.വെളളാരിലുളള സൂപ്പിഹാജി മരിച്ചു.ഇന്ന് സ്‌കൂളിന് അവധി.എ.ഇ.ഒ സ്‌കൂളിൽ പ്രവേശിക്കും മുമ്പ് വിദ്യാർത്ഥികളെ കരീം മാസ്റ്റർ സ്‌കൂളിന്റെ പിറക് വശത്തുകൂടി വീട്ടിലേക്ക് പോവാൻ പറഞ്ഞു.മരണ വിവരം നോട്ടീസ് ബോർഡിൽ പതിച്ചു.എനിക്കൊന്നും മനസ്സിലായില്ല.കരീംമാഷ് പറയും പോലെ ഞാൻ പ്രവർത്തിച്ചു.ഇന്ന് സ്‌കൂളില്ലാത്തതിന്റെ കാരണം ബോധിപ്പിച്ചു.മാനേജറുടെ അടുത്ത ബന്ധുവും പൗരപ്രമുഖനാണ് മരിച്ചത്.എ.ഇ.ഒ.എന്നോട് കാര്യങ്ങൾ തിരക്കി.സ്‌കൂൾ ചുമരിൽ തൂക്കിയ ചിത്രങ്ങൾ നോക്കി.ഇതാരാണ് വരച്ചതെന്ന് ചോദിച്ചു.ഞാൻ തന്നെയെന്ന് പറഞ്ഞതോടെ അദ്ദേഹം അഭിമന്ദിച്ചു.ഇന്നത്തെ കാലത്ത് അധ്യാപകർക്ക് വേണ്ട ഗുണനിലവാരമായി ആ ചിത്രങ്ങളെ അദ്ദേഹം കണക്കാക്കി.സ്‌കൂൾ രജിസ്ട്രറിൽ ഒപ്പുവെച്ച് അദ്ദേഹം മടങ്ങി.അബൂബക്കർ മാസ്റ്റർ നോട്ടീസ് ബോർഡ് വലിച്ചു കീറി.ഇൻസ്‌പെക്ഷൻ സമയത്ത് മരിച്ച സൂപ്പിഹാജി മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞെന്ന് ബോധ്യമായത് എനിക്കപ്പോഴാണ്.1985 വരെ സ്‌കൂളിൽ തുടർന്നു.
 
വി.എം.കുട്ടിയും വിളയിൽ വൽസലയും(ഫസീലയും).
 
  1957 -ലാണ്  കേരളത്തിൽ ആദ്യമായി ഒരു മാപ്പിളപ്പാട്ടു ഗായക സംഘം എന്ന ആശയം വാർത്തെടുക്കുന്നത്.സാഹിത്യ സമാജങ്ങളിൽ നിന്നുളള പ്രചോദനം ഒരുഗായകൻ എന്ന ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു.ഇതാണ് മാപ്പിളപ്പാട്ട് ട്രൂപ്പ് തുടങ്ങാൻ തന്നെ തീരുമാനിച്ചത്.കുട്ടീസ് ഓർക്കസ്ട്ര എന്ന് നാമകരണം ചെയ്തു.മലപ്പുറം കോട്ടപ്പടിയിലായിരുന്നു ആദ്യ വേദി.ഗാനമേള ട്രൂപ്പുകൾക്കിടയിൽ അരമണിക്കൂർ മാത്രം മാപ്പിളപ്പാട്ടിനായി മാത്രം വേദി ഒഴിഞ്ഞുനൽകുകയായിരുന്നു.അതു പിന്നീട് മാപ്പിളപ്പാട്ടിനായി മാത്രം വേദിയൊരുക്കി ആസ്വാദകർ കാത്തിരിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു.വേദികളിൽ നിന്ന് വേദികളിലേക്കുളള പരക്കം പാച്ചിലായിരുന്നു പിന്നീട്.
  അക്കാലത്ത് മുസ്ലിംങ്ങളായി പെൺകുട്ടികൾ പാട്ടുരംഗത്തേക്ക് കടന്നുവന്നിരുന്നില്ല.ആയതിനാൽ ഇതര മതവിഭാഗത്തിൽ പെട്ട സരള,ശോഭന,ജയ തുടങ്ങിയവരെ പരിശീലിപ്പിച്ചെടുത്തു.മാപ്പിളപ്പാട്ടുമായി മുന്നേറിയ എനിക്കെതിരെ പളളിയിൽ ഖുതുബ പ്രഭാഷണം വരെ നടത്തി.അതെ പളളിയുടെ കമ്മറ്റിയിൽ ഞാൻ ദീർഘകാലം പ്രവർത്തിച്ചുവെന്നതാണ് മറ്റൊരു കാര്യം.1970-80കളിൽ വിഎം.കുട്ടി,വിളയിൽ വത്സല(വിളയിൽ ഫസീല)കുട്ട് കെട്ട് മാപ്പിളപാട്ടിൽ തരംഗം സൃഷ്ടിച്ചത്.പുളിക്കൽ ആയിഷ സഹോദരിമാർ,മുക്കം സാജിദ,നിഷ മോൾ തുടങ്ങി  നിരവധി ഗായികമാരുണ്ടായിരുന്നു.
   വിളയിൽ വൽസല പിന്നിണി പാടിയിരുന്ന കൊച്ചുഗായികയായിരുന്നു.അതുവരെ എന്റെ നാട്ടുകാരായ ആയിഷ സഹോദരിമാരായിരുന്നു എന്റെ സംഘത്തിലെ പ്രധാനഗായികമാർ.തിരൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാപ്പിളപ്പാട്ട് ഗാനമേള വേണമെന്ന് സഖാവ് ഇ.കെ.ഇമ്പിച്ചിബാവ അടക്കമുളളവർ പറഞ്ഞു.ഇ.എം.എസ്,എ.കെ.ജി,അഴീക്കോടൻ രാഘവൻ തുടങ്ങിയ പ്രഗൽഭരെത്തുന്ന സി.പി.എമ്മിന്റെ മലപ്പുറം ജില്ലാസമ്മേളനമാണ് തിരൂരിൽ നടക്കുന്നത്.അവിടെയാണ് പരിപാടി അവതരിപ്പിക്കേണ്ടത്.ഇതനുസരിച്ച് പാട്ടുകൾ ചിട്ടപ്പെടുത്തി റിഹേഴ്‌സലും നടത്തി.തിരൂരിലേക്ക് പുറപ്പെടാൻ ഒരുങ്ങവെയാണ് പ്രധാന ഗായികമാരായ ആയിഷസഹോദരിമാർ വരില്ലെന്ന് അറിയിച്ചത്.മുസ്ലിംലീഗുകാരനായ അവരുടെ വാപ്പക്ക് ഇടതുമുന്നണിയുടെ പരിപാടിയിൽ മക്കൾ പാടുന്നത് ഇഷ്ടമില്ലെന്നാണ് അറിയിപ്പ്.പ്രധാന ഗായികമാരില്ലാതെ എങ്ങിനെ പരിപാടി നടത്തും.ഞാൻ ഉളളവരെ വച്ച് ഗാനമേളനടത്തി.ആയിഷാ സഹോദരിമാർ പാടേണ്ട പാട്ട് അന്ന് വൽസലയായിരുന്നു പാടിയത്.അതുവരെ പിന്നണി പാടിയിരുന്ന വൽസലയുടെ സമയം തെളിഞ്ഞ വേദിയായിരുന്നവത്.പാട്ടുപാടിയ ബാലികക്ക് ആൾക്കൂട്ടത്തിൽ നിന്ന് നോട്ടുമാലയും പാരിതോഷികങ്ങളും വരെയെത്തി.ഇ.എം.എസ് അടക്കം വൽസലയുടെ നെറുകയിൽ കൈവെച്ച് ആശീർവാദിച്ചു.
    1972-ലാണ് ആകാശവാണി റോഡിയോ പരിപാടിയിലേക്ക് കുട്ടികളെ അന്വേഷിച്ചാണ് ഞാൻ മലപ്പുറം ജില്ലയിലെ വിളയിൽ പറപ്പൂരിലെത്തുന്നത്.അതിലൊരു വിദ്യാർത്ഥിയായിരുന്ന വൽസല.അവളുടെ സ്വരമാധുരി ഞാൻ പെട്ടൊന്ന് തിരിച്ചറിഞ്ഞിരുന്നു.ആയതിനാൽ തന്നെ വീട്ടിൽ താമസിപ്പിച്ച് പാട്ടുകാൾ പഠിപ്പിച്ചെടുത്തു.അറബി ഉച്ചാരണങ്ങൾ വ്യക്തമായി പറയാൻ വൽസലക്കായിരുന്നു.പിന്നീട് നാട്ടിലും വിദേശത്തുമായി ആയിരത്തിലേറെ വേദികളിൽ ഞങ്ങൾ പാടി.പിന്നീട് ഇസ്ലാംമതം സ്വീകരിച്ച് വൽസല ഫസീലയായി.മുഹമ്മദലിയുമായുളള വിവാഹത്തിന് മുന്നിൽ നിന്നതും ഞാനായിരുന്നു.വിവാഹം ശേഷം കുറച്ച് കാലം അകന്നെങ്കിലും അവളുടെ ഉയർച്ചയിലും കുടംബജീവിത വിജയത്തിലും ഞാനെന്നും സന്തോഷിക്കുന്നു.
   
എം.എസ് ബാബുരാജും ഞങ്ങളുടെ ട്രൂപ്പും
   
   ഹിന്ദുസ്ഥാനി സംഗീതം മലയളത്തിലേക്ക് സന്നിവേശിപ്പിച്ച അതുല്യപ്രതിഭ എം.എസ്.ബാബുരാജ് ഞങ്ങളുടെ ട്രൂപ്പിലുണ്ടായിരുന്നു.സിനിമ സംഗീതത്തിൽ തളങ്ങി നിന്നിരുന്ന കാലഘട്ടത്തിലാണ് ഞാൻ ബാബുക്കയെ കാണുന്നത്.കോഴിക്കോട് ഇടയങ്ങരയിൽ വെച്ച് കല്ല്യാണ വീട്ടിൽ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച.ബാബുക്കയുടെ ബന്ധുവീട്ടിലാണ് വിവാഹം.ഞങ്ങളുടെ പാട്ടുസംഘം വേണമെന്ന് നേരത്തെ അവർ അറിയിച്ചിരുന്നു.പാട്ട് തുടങ്ങും മുമ്പ് ബാബുരാജ് വന്ന് ഹാർമോണിയം മീട്ടി പാടാൻ തുടങ്ങി.എനിക്കും സംഘത്തിനും ഇതിലും വലിയ സന്തോഷം വേറെന്തുവേണം.പാട്ടുപാടി തീർന്ന ബാബുക്ക ഞങ്ങളോട് തുടർന്നു കൊളളാൻ പറഞ്ഞു.
   സിനിമയിൽ നിറഞ്ഞു നിന്ന കാലത്ത് ആളുംബഹളവും നിറഞ്ഞതായിരുന്നു ബാബുക്കയുടെ ജീവിതം.ഞാൻ എച്ച്.എം.വിക്ക് വേണ്ടി ഗ്രാമഫോൺ റെക്കോർഡിന് മദ്രാസിൽ എത്തുമ്പോൾ ബാബുക്കയുടെ താമസസ്ഥലത്ത് പോകാറുണ്ട്. പിന്നീട് അവസരങ്ങൾ കുറഞ്ഞപ്പോൾ ആരുമില്ലാതെ വീട്ടിൽ ബാബുക്ക തനിച്ചായി.അതൊരു വേദനയായി തോന്നിയപ്പോഴാണ് കൂടെ ചേരാമോ എന്ന് ചോദിച്ചത്.1973 മുതൽ 1978വരെ ഒരു ഗസ്റ്റ് ആർട്ടിസ്റ്റായാണ് ബാബുരാജ് കൂടെയുണ്ടായിരുന്നത്.ബുബുക്കയെന്ന അതുല്യപ്രതിഭയിൽ സംഗീതത്തിന്റെ നിരവധി പാഠങ്ങൾ ഉൾക്കൊളളാൻ കഴിഞ്ഞിട്ടുണ്ട്.സാധാരണ പാട്ടുകാർക്ക് 25 രൂപ കൊടുത്തിരുന്ന കാലത്ത് ബാബുക്കക്ക് 200 രൂപ നൽകുമായിരുന്നു.ട്രൂപ്പ് അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് പരിപാടി പലപ്പോഴും ഉദ്ഘാടനം ചെയ്യുന്നത് ബാബുക്കയായിരിക്കും.എന്നേക്കാളും പത്ത് വയസ്സിന് മൂത്തയാളായിരുന്നു ബാബുക്ക.
   നിന്റെ ട്രൂപ്പിലായപ്പോഴാണ് ഞാൻ പട്ടിണി മറന്നതെന്ന് അദ്ദേഹം പറയുമായിരുന്നു.വേദിയിൽ ബാബുക്ക ഹാർമോണിയത്തിൽ തലോടിയാൽ പാടുന്ന ആർക്കും സംതൃപ്തി ലഭിക്കും.ബാബുക്കയുടെ വേർപ്പാട് വരെ ഞങ്ങളോടൊപ്പമായിരുന്നു.ആ കാലഘട്ടം തന്നെയാണ് വി.എം.കുട്ടി-ഫസീല കൂട്ട് കെട്ട് ശ്രദ്ദേയമായതും.

ഗൾഫിലും രാജീവ് ഗാന്ധിക്ക് മുമ്പിലും

   വേദിയിൽ നിന്ന് ജനമധ്യത്തിലേക്ക ഇറങ്ങിവന്ന് പാടുന്ന രീതി കുറെ പരീക്ഷിച്ചതാണ്.ആസ്വാദകർക്ക് അതൊരു കൗതുകവും ഇഷ്ടവുമാണ്.പാട്ടുകാരൻ അവരിൽ ഒരാളായി തോന്നും.മലപ്പുറം ജില്ലയിൽ ഒതുങ്ങിയ ഞങ്ങളുടെ മാപ്പിളപ്പാട്ട് സംഘത്തിന്റെ സഞ്ചാരം കേരളത്തിനകത്തും പുറത്തും ഗൾഫിലുമെത്തിയത് പെട്ടൊന്നായിരുന്നു.ദില്ലി,മുംബൈ,കൊൽക്കത്ത,ചെന്നൈ,ബാഗ്ലൂർ തുടങ്ങി വിവിധ നഗരങ്ങളിലും മാപ്പിളപ്പാട്ടു അവതരിപ്പിച്ചു.പിന്നീട് ഗൾഫ് നാടുകളിലുമെത്തി.സൗദി അറേബ്യ,ഖത്തർ,കുവൈത്ത്,ബഹറിൻ,ദുബായ്,അബുദാബി,ഷാർജ തുടങ്ങി വിവിധ നാടുകളിൽ സ്‌റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
  വിദേശത്തെ ആദ്യഗൾഫ് പ്രോഗ്രാമിന് വേദിയായത് അബൂദാബിയാണ്.സത്യത്തിൽ മാപ്പിളപ്പാട്ടിനെ ഇത്രകണ്ട് ജനകീയമാക്കിയത് പ്രവസികളാണ്.ഒരു ടേപ്പറിക്കാർഡും,കുറെ കാസറ്റുകളുമായി ഗൾഫിൽ നിന്ന് നാട്ടിലെത്താത്ത പ്രവാസികൾ അന്നുണ്ടായിരുന്നില്ല.രണ്ടുപെരുന്നാൾ സീസണിലാണ് ഗൾഫിൽ കൂടുതൽ ഗാനമേളകളുണ്ടാവുക.ഒരുവർഷത്തിൽ എട്ടു പ്രോഗ്രാമുകൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ അന്ന് അവതരിപ്പിക്കാനായിട്ടുണ്ട്.നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ഇതുവഴി നേടാനായി.മാപ്പിളപ്പാട്ടുകൾക്ക് ജനകീയത കൈവന്ന കാലമായിരുന്നു പിന്നീട്.എരഞ്ഞോളിമൂസ,പീർമുഹമ്മദ് തുടങ്ങിയവരെല്ലാം രംഗത്തുന്നതും അക്കാലത്താണ്.
    ലക്ഷദ്വീപിൽ ഒരുപ്രോഗ്രാം.അതും പ്രാധാന മന്ത്രി രാജീവ്ഗാന്ധിയുടെ മുമ്പിൽ.ജീവിതത്തിൽ എന്നും ഓർമ്മയിൽ നിന്ന് മായാത്ത അനുഭവമാണത്.രാജീവ് ഗാന്ധി ലക്ഷദ്വീപ് സന്ദർശിക്കാനെത്തുന്നുവെന്നറിഞ്ഞതോടെ അന്നത്തെ ദ്വീപ് എം.പിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന പി.എ.സെയ്ദ് മുഖേനയാണ് ലക്ഷദ്വീപിലെത്തുന്നത്.ലക്ഷദ്വീപിലെത്തുന്ന പ്രധാനമന്ത്രിയെ ഓപ്പനയും മാപ്പിളപ്പാട്ടുമായി വരവേൽക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്.സെയ്ദ് മുഹമ്മദ്,മുല്ലപ്പളളി രാമചന്ദ്രൻ അടക്കമുളളവരോടൊത്താണ് ലക്ഷദ്വീപിലേക്ക് പോയത്.രാജീവ് ഗാന്ധിയെ ഹൃദ്യമായി വരവേറ്റു.അദ്ദേഹത്തിന് കൂടുതൽ ഇഷ്ടപ്പെട്ടത് ഒപ്പനയായിരുന്നു.അത് വീണ്ടും കാണണമെന്ന് പറഞ്ഞു.സുരക്ഷകാരണങ്ങൾ പൊതുവേദി ഒഴിവാക്കി ഒരുമുറിയിൽ സുരക്ഷഭടന്മാരുടെ ഇടയിലാണ് പിന്നീട് രാജീവ് ഗാന്ധിക്ക് വേണ്ടിമാത്രം ഒപ്പന അവതരിപ്പിച്ചത്.പത്ത്മിനിട്ടുളള ഒപ്പന പലതവണയായി ആവർത്തിച്ച് അരമണിക്കൂറോളം അദ്ദേഹം ആസ്വദിച്ചു.റഷ്യയിലേക്കുളള ഇന്ത്യൻ കലാകാരന്മാകുടെ സംഘത്തിൽ ഞങ്ങളേയും ഉൾപ്പെടുത്താമെന്ന് അദ്ദേഹം അറിയിച്ചു.സന്തോഷത്തിൽ ഞങ്ങൾ കഴിയവെയാണ് അദ്ദേഹത്തിന്റെ വേർപ്പാടുണ്ടായത്.

കാസറ്റ് തരംഗവും യേശുദാസും.

  1962-ലാണ് ആദ്യമായി ഗ്രാമഫോൺ റെക്കോർഡ് ചെയ്യുന്നത്.ചാക്കീരി ബദർ,മലപ്പുറം പട തുടങ്ങിയവയായിരുന്ന ആദ്യ റെക്കോർഡ്.പിന്നീട് ഗ്രാമഫോൺ റെക്കോർഡും തരംഗമായി.പിന്നീടാണ് കാസറ്റ് തരംഗമുണ്ടായത്.ദുബൈ പ്രാഗ്രോമിന് വേണ്ടി വീട്ടിൽ റിഹേഴ്‌സൽ ചെയ്യുന്ന സമയത്താണ് ഗാനഗന്ധർവ്വൻ യേശുദാസിന്റെ സുഹൃത്ത് ഇമ്പിച്ചിക്കോയ എന്നൊരാൾ വീട്ടിലെത്തുന്നത്.ആവശ്യം തരംഗിണിക്ക് വേണ്ടി മാപ്പിളപ്പാട്ട് ഒരുക്കണം.യേശുദാസിനെ ഞാനിതുവരെ കണ്ടിട്ടോ സംസാരിച്ചിട്ടോയില്ല.എന്നെ അദ്ദേഹം അറിയുമോ എന്നും എനിക്കറിയില്ല.
  പഴയ 12 മാപ്പിളപ്പാട്ടുകൾ സെലക്ട് ചെയ്യാനും അതിന് ട്യൂൺ തയ്യാറാക്കാനും ഏൽപ്പിച്ച് ഇമ്പിച്ചിക്കോയ മടങ്ങി.തിരവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാമെന്നും പറഞ്ഞു.ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു.മനസ്സിൽ പലതാളങ്ങളുമുയരുന്നുണ്ട്.ഒടുവിൽ തശ്‌രിഫും മുബാറാക്കാദര..പാട്ടും,ഇമാം ബൂസൂരിയുടെ ബുർദയടക്കം ചേർത്ത് 12 പാട്ടുകൾ സെലക്ട് ചെയ്തു.വിളയിൽ വൽസല,ഇന്ദിരി,ബീന,സാജിത തുടങ്ങിയ ഗായികമാരെ കോറസ് പാടാനുമായി തിരുവനന്തപുരത്തേക്ക് പോയി.
  സങ്കൃതപ മഗരി തംഗത്തുഗത്തധിംഗിണ
  കിങ്കൃത തൃിമികിട മേളം.....
  യേശുദാസിന് ആത്മവിശ്വാസവും സംതൃപ്തിയും.1962-ൽ എച്ച്.എം.വി കമ്പനിക്ക് വേണ്ടി ഗ്രാമഫോൺ റെക്കോർഡ് ചെയ്ത് പാട്ടായിരുന്നുവത്.കല്ല്യാണ വീടുകളിൽ പാടിപ്പതിഞ്ഞ ഗാനം.ദാസേട്ടൻ പറഞ്ഞുകൊടുത്തതിനനുസരിച്ച് അതേറ്റുപാടുകയും ചെയ്തു.എനിക്ക് വല്ലാത്ത അപകർഷകതാ ബോധമുണ്ടായി.രാജ്യം കണ്ടമികച്ച ഗായകന് നിർദേശം നൽകുകയാണ്.പക്ഷെ അദ്ദേഹം തനിക്കറിയാത്ത കാര്യങ്ങൾ ആരോടും ചോദിച്ച് മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളാണ്.അറബി അക്ഷരങ്ങളൊന്നു അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല.പിന്നീട് ആവർത്തിച്ചു സംശയങ്ങൾ ചോദിക്കും.നിവധി തവണ മാറ്റിപ്പാടും.ഇത്തരത്തിലുളള കഠിന ശ്രമമാണ് യേശുദാസ് എന്ന സംഗീത പ്രതിഭയുടെ വിജയവും.മൈലാഞ്ചി വോള്യം ഒന്ന് കാസറ്റിലെ ഗാനങ്ങൾ ഇന്നും തേടിനടക്കുന്നവരുണ്ട്.
   യേശുദാസിന് പുറമെ കെ.ജി.മാർക്കോസ്,ജയചന്ദ്രൻ,ഉണ്ണിമേനോൻ തുടങ്ങിയ ഗായകർക്കു വേണ്ടിയും കാസറ്റുകൾ സംഗീതം നൽകിയിട്ടുണ്ട്.മലയാള ചലചിത്രങ്ങളിലും ചെറിയ സാന്നിദ്യമുണ്ടായിട്ടുണ്ട്.പതിനാലാം രാവ്,മൈലാഞ്ചി എന്നീസിനിമകളിലാണ് ആകെ പാടിയത്. ഐ.വി.ശശി സംവിധാനം ചെയ്ത 1921 എന്ന സിനിയയുടെ സംഗീതസംവിധാനം ഞാനായിരുന്നു.മുത്തുനാവാ രത്‌നം മുഖം(ഗയകൻ നൗഷാദ്)...,ഫിർദൗസിൽ അണയുവാൻ(ചിത്രം-വിളയിൽ ഫസീല)..തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റായിരുന്നു.മാർക്ക് ആന്റണി എന്ന സിനിമക്ക് ഗാനമെഴുതിയിട്ടുണ്ട്.പതിനാലാം രാവ്,മാന്യമഹാജനങ്ങളെ,മൈലാഞ്ചി,സമ്മേളനം തുടങ്ങിയ സിനിമകളിൽ അഭിനേതാവുമായി.

കിളിയേ ദിക്‌റ് പാടി കിളിയേ...

  മാപ്പിളപ്പാട്ട് പാടുന്നതിനൊപ്പം അവയെ കുറിച്ച് ഗഹനമായി പഠിക്കാനും ശ്രമിച്ചിരുന്നു.അതുകൊണ്ട് തന്നെ ഗാനങ്ങൾ എഴുതാനുമായത്.കിളിയേ ദിക്‌റ് പാടി കിളിയേ...(മുക്കം സാജിദ),അറബ് നാട്ടിൽ അകലെയങ്ങാണ്ടിരിക്കും ബാപ്പ അറിയാൻ...(വിളയിൽ ഫസീല)തുടങ്ങിയ ഗാനമൊക്കെ എഴുതാനും സംഗീതം നൽകാനുമായി.ഭക്തിഗാനങ്ങൾ,മൈത്രീഗാനങ്ങൾ,ഇശൽനിലാവ്,മാപ്പിളപ്പാട്ടിന്റെ ലോകം,മാപ്പിളപ്പാട്ടിന്റെ തായ്‌വേരുകൾ(കേരള സാഹിത്യ അക്കാദമി),മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരം,മാപ്പിളപ്പാട്ടിന്റെ ചരിത്രം വർത്തമാനം(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്),മോയീൻകുട്ടി വൈദ്യർ(കേന്ദ്രസാഹിത്യ അക്കാദമി),വൈക്കം മുഹമ്മദ് ബഷീർ,ഒപ്പന വട്ടപ്പാട്ട്(ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്),കനിവും നിനവും തുടങ്ങി പുസ്തകങ്ങളും രചിക്കാനായി.
   കവികളായ നല്ലളം വീരാൻ,ചാക്കീരി അഹമ്മദ്കുട്ടി.ടി.ഉബൈദ്്,തോട്ടോളി മുഹമ്മദ്,ഇരുമ്പുഴി മുഹമ്മദ് എന്നിവരിൽ നിന്നാണ് മാപ്പിളപ്പാട്ടിലെ പരമ്പരാഗതമായ പ്രാസനിയമങ്ങൾ ഞാൻ പഠിച്ചത്.മനുഷ്യന്റെ എല്ലാവിചാര വികാരങ്ങളേയും മാപ്പിളപ്പാട്ടിന് പൂർവ്വീകർ വിഷയമായിട്ടുണ്ട്.എന്നാൽ അവയിൽ കവിതയുണ്ടായിരുന്നു.ആയതിനാൽ അവക്ക് ഇന്നും ജീവൻ തുടക്കുന്നു.മോയീൻകുട്ടി വൈദ്യരുടേയും ടി.ഉബൈദിന്റെയുമൊക്കെ വരികൾക്ക് ഇന്നും ആസ്വാദകരുണ്ടാവുന്നത് അതുകൊണ്ടാണ്.മാപ്പിളപ്പാട്ട് ഗാനമേളയിൽ സദസ്സിൽ നിന്ന് എഴുത്ത് നൽകി പുതുതലമുറയെ കൊണ്ട് പാടിപ്പിക്കുന്നതും അർത്ഥ സമ്പുഷ്ടമായ വരികൾ തന്നെയാണ്.ഇന്ന് ട്യൂണിനനസരിച്ച് പെണ്ണിന്റെ പേരിട്ട് നാലുവരികൾ എഴുതിയാൽ മാപ്പിളപ്പാട്ടായി എന്നു കരുതുന്നവരാണ്.അവിടെയാണ് മാപ്പിളപ്പാട്ടിന്റെ മാധുര്യവും രചന വൈഭവും നഷ്ടപ്പെടുന്നത്.പി.ടി അബ്ദുറഹിമാൻ,പ്രോംസൂറത്ത്,കാനേഷ് പൂനൂർ,ഒ.എം.കരുവാരക്കുണ്ട് അടക്കമുളളവർ പഴയ തലമുറയെ ഉൾക്കാണ്ട് എഴുതിയവരും എഴുതുന്നവരുമാണ്.അല്ലാത്തവയെ ജീവനളളുടത്തോളം കാലം എതിർക്കുകയും സംസാരിക്കുകയും ചെയ്യും.പുതു തലമുറയിൽ നല്ലപ്രതിഭകളുണ്ട്.അവർ മാപ്പിളപ്പാട്ടിന്റെ പാട്ടുപാരമ്പര്യം പഠിക്കണമെന്നു മാത്രം.

അംഗീകാരങ്ങളുടെ നിറവിൽ

    ഇശലു പാടുമ്പോൾ മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റുന്ന സദസ്സുണ്ടാകണം.ജീവിതത്തിൽ അത്തരത്തിലുളള ആയിരക്കണക്കിന് വേദികളിൽ പാടാനുളള അവസരം കൈവന്നിട്ടുണ്ട്.രാജീവ് ഗാന്ധി,സോണിയാ ഗാന്ധി,പി.വി.നരസിംഹറാവു അടക്കമുളളവരുടെ മുമ്പിൽ പാടാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.ചെറുതും വലുതുമായി നിരവധി അംഗീകാരങ്ങളും ഇതുവഴി ലഭിച്ചു.1997ൽ കേരള സംഗീത നാടക അക്കാഡമി അവാർഡ്.99ൽ കേരള സർക്കാർ മാനവീയം കൾചറൽ മിഷൻ അവർഡ്.94ൽ ലക്ഷദ്വീപ് എംബ്ലോയീസ് പുരസ്‌കാരം,84ൽ മുസ്ലിം ആർട്‌സ് ആന്റ് ലേബേഴ്‌സ് മുംബൈ അവാർഡ്.98ൽ കെ.എം.സി.സി.ദുബായ് അവാർഡ്,2000ൽ ദുബായ് തരംഗം അവാർഡ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിളപാട്ട് സ്റ്റഡീസ് അവാർഡ് തുടങ്ങി പുരസ്‌കാരങ്ങൾ ഏറെ ലഭിച്ചിട്ടുണ്ട്.അതുതന്നെയാണ് പ്രായം തളർത്താതെ ഇന്നും പാടാൻ കഴിയുന്നതും.

Latest News