കോഴിക്കോട്- ബി.ജെ.പി നേതാവ് ശ്രീധരൻ പിള്ളയെ പരിചയപ്പെടാൻ ചെന്നപ്പോൾ നീ മുസ്ലിമല്ലേ എന്ന് ചോദിച്ച് സ്‌റ്റേജിൽനിന്ന് ഒരാൾ പിടിച്ചുതള്ളിയെന്ന് ബി.ജെ.പിയുടെ മുൻ സഹയാത്രികൻ താഹ ബാഫഖി തങ്ങൾ. ശ്രീധരൻ പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പിടിച്ചു തള്ളിയതെന്നും താഹ ബാഫഖി തങ്ങൾ ആരോപിച്ചു. മാതൃഭൂമി ന്യൂസിന്റെ ചാനൽ ചർച്ചയിലാണ് താഹ ബാഫഖി തങ്ങൾ ഇക്കാര്യം പറഞ്ഞത്. ശ്രീധരൻ പിള്ള ഗവർണറായപ്പോൾ കോഴിക്കോട് അളകാപുരിയിൽ നടന്ന പരിപാടിക്കിടെയാണ് സ്റ്റേജിലേക്ക് പരിചയപ്പെടാൻ ശ്രമിച്ചത്. മാർക്കറ്റിംഗ് സ്ട്രാറ്റജി വെച്ചാണ് ബി.ജെ.പി കേരളത്തിൽ മുസ്ലിംകളെ തേടിപ്പിടിക്കുന്നത്. മനുഷ്യരല്ല, ബി.ജെ.പിക്ക് മതമാണ് വലുത്. അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളുടെ പേരക്കുട്ടി എന്ന മാർക്കറ്റിംഗിനാണ് അവർ തന്നെ ഉപയോഗിച്ചത്. ബി.ജെ.പിയിൽ ചേരുന്ന സമയത്ത് ഇക്കാര്യം മനസിലായിരുന്നില്ല. മാധ്യമങ്ങളിലൂടെ ഒരാഴ്ച തന്റെ പേരിൽ പ്രചാരണം നടത്തിയെന്നും താഹ ബാഫഖി തങ്ങൾ ആരോപിച്ചു.