Sorry, you need to enable JavaScript to visit this website.

പ്രവാസി ഭാര്യമാരുടെ പരാതികൾ ഏറുന്നു; സഹായം തേടി ദിവസം മൂന്ന് കോളുകൾ

ന്യൂദൽഹി- വിദേശത്ത് ഭർത്താവിനൊപ്പം കഴിയുന്ന ഇന്ത്യൻ പ്രവാസി ഭാര്യമാർ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളിൽ വർധനയെന്ന് കണക്കുകൾ. മോശം പെരുമാറ്റം, ശാരീരിക പീഡനം, വഴക്കുകൾ എന്നീ കാരണങ്ങളാൽ നാട്ടിലേക്ക് തിരിച്ചുവരാൻ സഹായിക്കണമെന്നഭ്യർത്ഥിച്ച് ദിവസം ചുരുങ്ങിയത് മൂന്ന് ഫോൺ കോളുകളാണ് രക്ഷിതാക്കൾക്ക് ലഭിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ച പരാതികളുടെ കണക്ക് വ്യക്തമാക്കുന്നു. 2015 ജനുവരി ഒന്നിനും 2017 നവംബർ 30നുമിടയിലുള്ള 1,064 ദിവസങ്ങൾക്കിടെ വിദേശകാര്യ മന്ത്രാലയത്തിന് 3,328 പരാതികളാണ് ലഭിച്ചത്. ഓരോ എട്ടു മണിക്കൂറിലും ശരാശരി ഒരു പരാതി എന്ന തോതിൽ ദിവസം മൂന്ന് ഫോൺ കോളുകളാണ് നാട്ടിലുള്ള രക്ഷിതാക്കൾക്ക് ലഭിക്കുന്നത്.

പരാതിക്കാരായ പ്രവാസി ഭാര്യമാരിൽ ഭൂരിപക്ഷവും പഞ്ചാബ്, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് കോഓപറേഷൻ ആന്റ് ചൈൽഡ് ഡെവലപ്‌മെന്റ് നേരത്തെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് ഈ കണക്കുകൾ. സ്ത്രീധനം സംബന്ധിച്ച പ്രശ്‌നമാണ് കൂടുതൽ. സ്ത്രീധന സംവിധാനം ശക്തമായി നിലനിൽക്കന്ന ആന്ധ്ര,തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ പരാതികളുമായി സമീപിക്കാറുള്ളതെന്ന് വിദേശ എംബസിയിൽ ഈ പരാതികൾ കൈകാര്യം ചെയ്ത ആരത് റാവു പറയുന്നു. രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം നടത്തുകയും ശേഷം ഒന്നിച്ചു വിദേശത്തെത്തുന്ന ഇന്ത്യൻ യുവാക്കളുടെ ഭാര്യമാരാണ് പീഡനമേൽക്കേണ്ടി വരുന്നത്.

യുഎസ്, കാനഡ എന്നീ രാജ്യങ്ങൾക്കു പുറമെ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കൂടുതലും പരാതികൾ ഉയരുന്നത്. വിദേശത്ത് വച്ച് ദാമ്പത്യ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉപേക്ഷിക്കപ്പെടുകയോ ശാരീരിക പീഡനമേൽക്കേണ്ടി വരികയോ ചെയ്യുന്ന പരാതികളാണ് ഏറെയും. ഇതു മൂലം സാമ്പത്തികമായും നിയമപരമായും ഇവർ പ്രശ്‌നത്തിലകപ്പെടുന്നു. കുടുംബ പ്രശ്‌നത്തെ തുടർന്ന് ബഹ്‌റൈനിലെ ഒരു ഇന്ത്യക്കാരൻ ഭാര്യയുടെ വീസയും മറ്റു രേഖകളും നശിപ്പിച്ച് തിരിച്ചുവരവ് മുടക്കിയ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ച ആരതി പറയുന്നു.

നേരത്തെ പ്രവാസികാര്യങ്ങൾക്കു മാത്രമായി ഒരു മന്ത്രാലയം ഉണ്ടായിരുന്നപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു മാത്രമായി 2007ൽ  പ്രത്യേക പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചതോടെ ഒരു പരാതി പരിഹാര പോർട്ടൽ വഴി മാത്രമായി ഈ സേവനം.

അതേസമയം പ്രവാസി ഭാര്യമാരുടെ എല്ലാ പരാതികളും മന്ത്രാലയത്തിനു ലഭിക്കുന്നില്ലെന്നും ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു. അഭിഭാഷകർ മുഖേന സ്വന്തം നിലയിൽ പരാതി ബോധിപ്പിക്കുന്നവരും ഉണ്ട്.
 

Latest News