തൃശൂരിൽ കനത്ത മഴ; ഡാമുകളെല്ലാം തുറന്നു

തൃശൂർ -  തൃശൂരിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ മഴ തുടരുകയാണ്. ചാലക്കുടിയിൽ പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങൽകുത്ത് ഡാമിൻറെ ഷട്ടറുകൾ തുറന്നതോടെ ഡാമിൽ നിന്നും കൂടുതൽ വെള്ളം ചാലക്കുടി പുഴയിലേക്കെത്തുന്നുണ്ട്. പുഴയുടെ സമീപങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലഭരണകൂടം മുന്നറിയിപ്പ് നൽകി. ചാലക്കുടി റെയിൽവേ അടിപ്പാത വെള്ളക്കെട്ടിൽ മുങ്ങി.
വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പെരിങ്ങൽകുത്ത് ഡാമിൻറെ സ്ലൂയിസ് വാൽവ് തുറന്നു.നേരത്തെ ഷട്ടറുകൾ തുറന്നിരുന്നു. പെരിങ്ങൽക്കുത്തിലേക്ക് പറമ്പിക്കുളത്തു നിന്ന് കൂടുതൽ വെള്ളം വന്നുകൊണ്ടിരിക്കുകയാണ്. പറമ്പിക്കുളം മേഖലയിൽ കനത്ത മഴയുള്ളതിനാൽ കൂടുതൽ വെള്ളം ഇനിയുമൊഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിൻറെ വൃഷ്ടിപ്രദേശത്തും മഴ ശക്തമാണ്. രാത്രിമുതൽ പെയ്യുന്ന കനത്ത മഴ രാവിലെയും തുടരുകയാണ്. ഡാമിലെ ജലനിരപ്പുയർന്നു. ഇതിൻറെ ഫലമായി അതിരപ്പിള്ളി വെള്ളച്ചാട്ടം അതിൻറെ ഏറ്റവും സമൃദ്ധമായ രീതിയിൽ കുതിച്ചൊഴുകുന്ന കാഴ്ചയാണുള്ളത്. വാഴച്ചാലിലും അതിരപ്പിള്ളിയിലും വൻതോതിൽ വെള്ളമെത്തുന്നുണ്ട്. ചാലക്കുടി പുഴയിലും ഇതോടൊപ്പം ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. പരിഭ്രാന്തി ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ല  ഭരണകൂടം മുന്നറിയിപ്പ് നൽകി.
വരും മണിക്കൂറുകളിൽ പെരിങ്ങൽകുത്തിലേക്ക് പറന്പിക്കുളത്തു നിന്ന് കൂടുതൽ നീരൊഴുക്ക് ഉണ്ടാകുമെന്നതിനാൽ ചാലക്കുടി പുഴയിൽ വെള്ളം ഇനിയും കൂടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ഉച്ചയോടെ പറന്പിക്കുളത്തുനിന്നും ഒഴുക്കിവിടുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞത് ആശ്വാസമായി.
ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയാണ്. വ്യാപക കൃഷിനാശം പലയിടത്തു നിന്നും റിപ്പോർട്ടു ചെയ്യുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. ഒരൊറ്റ രാത്രികൊണ്ടാണ് ഇത്രയും കനത്ത മഴ ജില്ലയെ തകർത്തു കളഞ്ഞത്.
മലയോര പ്രദേശങ്ങളിലും തൃശൂർ നഗരപ്രദേശത്തും കനത്ത മഴയാണ് ലഭിക്കുന്നത്.
ചാലക്കുടി താലൂക്കിൽ പരിയാരം വില്ലേജിലെ കുറ്റിക്കാട് സെൻസെബാസ്റ്റ്യൻ സ്‌കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാന്പിൽ നാലു കുടുംബങ്ങളിലെ പതിനാല് അംഗങ്ങളെ മാറ്റി പാർപ്പിച്ചു. ഇതിൽ അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും അഞ്ചു കുട്ടികളുമുണ്ട്. കിഴക്കേ ചാലക്കുടി  കുറ്റാടം പാടം, കോടശേരി വില്ലേജ്, മേലൂർ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
 

Latest News