യെദിയൂരപ്പയുടെ സഹായിയുടേതടക്കം 750 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

ബെംഗളുരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പയുടെ മുന്‍ സഹായിയുടെ വീട് അടക്കം മൂന്ന് സംസ്ഥാനങ്ങളിലായി 47 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ വ്യാപക റെയ്ഡില്‍ 750 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. കര്‍ണാടക സര്‍ക്കാരിന്റെ ജലസേചന, ഹൈവെ നിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്ത ബെംഗളുരുവിലെ മൂന്ന് പ്രധാന കോണ്‍ട്രാക്ടര്‍മാരുമായി ബന്ധമുള്ളവരുടേയും അവരുടെ ഓഫീസുകളിലും വീടുകളിലുമായാണ് വന്‍ റെയ്ഡ് നടത്തിയത്. 300ലേറെ ആദായ നികുതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴിനാണ് റെയ്ഡ് തുടങ്ങിയത്. 

വ്യാജ പര്‍ചേസ് രേഖകളും പെരുപ്പിച്ച് കാണിച്ച തൊഴിലാളി ചെലവുകളും, വ്യാജ ഉപകരാര്‍ ചെലവുകളും കണക്കുകളില്‍ കാണിച്ച് ഈ മൂന്ന് കോണ്‍ട്രാക്ടര്‍മാരും അവരുടെ യഥാര്‍ത്ഥ വരുമാനം മറച്ചുവെച്ചു എന്നാണ് ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണ മേഖലയുമായി ബന്ധമില്ലാത്ത 40 വ്യക്തികളുടെ പേര് ഉപയോഗിച്ച് ഇവരില്‍ ഒരു ഗ്രൂപ്പ് വ്യാജ ഉപകരാറുകള്‍ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തികളെല്ലാം ഇവ വ്യാജമാണെന്ന് സമ്മതിച്ചതായും അന്വേഷണം പറയുന്നു. 

ഇല്ലാത്ത കമ്പനിയുടെ പേരില്‍ ബില്ലുണ്ടാക്കി ഒരു കോണ്‍ട്രാക്ടര്‍ 105 കോടി രൂപ വരെ വെട്ടിച്ചു. മറ്റൊരു കോണ്‍ട്രാക്ടര്‍ 382 കോടി രൂപ വരെ തൊഴില്‍ ചെലവായി പെരുപ്പിച്ചു കാണിച്ചു. റെയ്ഡില്‍ 4.69 കോടി രൂപ രേഖകളില്ലാതെ സൂക്ഷിച്ച പണമായും പിടിച്ചെടുത്തു. 8.67 കോടി രൂപ മൂല്യമുള്ള സ്വര്‍ണവും ആഭരണങ്ങളും 29.83 ലക്ഷം രൂപ മൂല്യമുള്ള വെള്ളി ഉരുപ്പിടികളും രേഖകളില്ലാതെ പിടികൂടി. ആകെ കണ്ടെത്തിയ അനധികൃത സമ്പാദ്യമായ 750 കോടി രൂപയില്‍ 487 കോടി രൂപയും തങ്ങളുടെ രേഖപ്പെടുത്താത്ത സമ്പാദ്യമാണെന്ന് മൂന്ന് കോണ്‍ട്രാക്ടിങ് കമ്പനികളും സമ്മതിച്ചതായും ആദായ നികുതി വകുപ്പ് പറഞ്ഞു.
 

Latest News