Sorry, you need to enable JavaScript to visit this website.

വൈറലായ ആ ചിത്രത്തിന് നൂറുനാവ്; യു.എ.ഇയുടെ അഭിമാനം

ദുബായ്- ആയിരം വാക്കുകള്‍ക്ക് പകരം ഒരു ചിത്രം മതിയെന്ന കാര്യം അക്ഷരാര്‍ഥത്തില്‍ ശരിവെച്ചു കൊണ്ട് ആ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദുബായ് കിരീടാവകാശിയും ഫസ്സ എന്ന പേരില്‍ അറിയപ്പെടുന്ന കവിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തതായിരുന്നു ആ ചിത്രം. മറ്റാരുടേതുമല്ല, പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റേതാണ് നൂറു നാവുള്ള ആ ചിത്രം.
മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ യു.എ.ഇ  വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിനു ചുറ്റും കൂടിയിരിക്കുന്നത് വനിതകളടങ്ങുന്ന ഒരു കൂട്ടം യുവ ശാസ്ത്രജ്ഞരാണ്.
യു.എ.ഇയെ കുറിച്ച് ധാരാളം പറയുന്ന ഈ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ശൈഖ് ഹംദാന്‍ എഴുതി:
ഈ ചിത്രം ആയിരം കഥ പറയുന്നു. യു.എ.ഇയിലെ വനിതകളുടെ കഥ. യുവാക്കളുടെ ശാക്തീകരണം...നമ്മുടെ രാജ്യത്തിന്റെ സാങ്കേതിക നേട്ടങ്ങള്‍..അവരുടെ കണ്ണുകളിലെ സന്തോഷം. ഹിസ് ഹൈനസിന്റെ നേതൃത്വം..കണ്ണുകളിലെ പിതൃവാത്സല്യം..യു.എ.ഇയുടെ ഭാവി... എല്ലാം ഒറ്റ ചിത്രത്തില്‍.
യുവശാസ്ത്രജ്ഞരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ശൈഖ് മുഹമ്മദ് സ്‌പേസ് സെന്ററിലെത്തിയത്. വര്‍ഷാവസാനത്തോടെ വിക്ഷേപിക്കുമെന്ന് കരുതുന്ന ഖലീഫാസാറ്റിന്റെ പുരോഗതി അദ്ദേഹം വിലയിരുത്തി.

Latest News