ഗ്വാളിയോര്‍- തനിക്ക് വേണ്ടി സംഗീത വീഡിയോ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ 16 കാരനാണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. അജിത് വന്‍ഷ്കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി മോഡിക്കും മധ്യപ്രദേശ് സര്‍ക്കാറിനും കത്തെഴുതിയാണ് വിദ്യാര്‍ഥിയുടെ കടുംകൈ.
തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന് അരിജിത് സിംഗ് ഗാനം ആലപിക്കണമെന്നുമാണ് കത്തിലെ ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നു.
വലിയ നര്‍ത്തകനായി പേരെടുക്കണമെന്നായിരുന്നു വിദ്യാര്‍ഥിയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്നും പോലീസ് പറഞ്ഞു. സ്വപ്നങ്ങള്‍ പിന്തുടരാന് മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചു.
പണമുള്ളവര്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്നാണ് മാതാപിതാക്കളുടെ ധാരണ. അതുകൊണ്ടു തന്നെ അവര്‍ തന്റെ ഹെയര്‍സ്റ്റൈല്‍ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.






