Sorry, you need to enable JavaScript to visit this website.

ഓഹരി സൂചികകൾ ഒരിക്കൽ കൂടി ഉയരത്തിലേക്ക്

മ്യൂച്വൽ ഫണ്ടുകൾ കൈനിറയെ പണവുമായി രംഗത്ത് ഇറങ്ങിയതോടെ ഓഹരി സൂചികകൾ ഒരിക്കൽ കൂടി പറന്ന് ഉയർന്നു. നിഫ്റ്റി ഐ റ്റി ഇൻഡക്‌സ് ആറ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര പ്രകടനം കാഴ്ച്ചവെച്ചു. ബോംബെ സെൻസെക്‌സ് 1293 പോയിന്റും നിഫ്റ്റി 363 പോയിന്റും കഴിഞ്ഞവാരം ഉയർന്നു. രണ്ട് ഇൻഡക്‌സുകളും രണ്ട് ശതമാനം നേട്ടം സ്വന്തമാക്കി. 
നിഫ്റ്റി ഏതാനും ആഴ്ച്ചകളായി 18,000 പോയിന്റ് മറികടക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഉയർന്ന നിലവാരത്തിലെ വിൽപ്പന സമ്മർദ്ദം തിരിച്ചടിയായി. ഓഗസ്റ്റ് ആദ്യം 16,000 പോയിന്റിൽ നീങ്ങിയ നിഫ്റ്റി ഓഗസ്റ്റ് അവസാനം 17,000 ലേയ്ക്ക് കുതിച്ചു, എന്നാൽ സെപ്റ്റംബറിൽ അത്തരം ബുൾ റാലി ദൃശ്യമായില്ല. ഒക്ടോബർ ആദ്യവാരം പിന്നിടുമ്പോഴും 18,000 പോയിന്റ് വൻ മതിൽ തീർത്തു. 
കഴിഞ്ഞവാരം വ്യക്തമാക്കിയിരുന്നു നിഫ്റ്റിക്ക് 17,947 ൽ തടസം നേരിടുമെന്ന്. സൂചിക 17,620 നിന്ന് ഉയർന്നങ്കിലും 17,941 ൽ  കാലിടറിയതോടെ ക്ലോസിങിൽ 17,895 ലേക്ക് താഴ്ന്നു. ഈവാരം 18,017-18,139നെ ലക്ഷ്യമാക്കിയാവും ചലനം. ഇതിനിടയിൽ ലാഭമെടുപ്പിന് നീക്കമുണ്ടായാൽ തിരുത്തൽ 17,696-17,497വരെ തുടരാം. 
ബോംബെ സെൻസെക്‌സ് 60,000 ന് മുകളിൽ സ്ഥാനം പിടിച്ചു. മുൻവാരത്തിലെ 58,765 പോയിന്റിൽ നിന്ന് കരുത്തോടെയാണ് തിങ്കളാഴ്ച്ച ഇടപാടുകൾ ആരംഭിച്ചത്, വാരാന്ത്യത്തിലെ ബുൾ റാലിയിൽ സെൻസെക്‌സ് 60,212 വരെ കയറിയശേഷം ക്ലോസിങിൽ 60,059 ലാണ്. ഈവാരം ആദ്യലക്ഷ്യം 60,472 പോയിന്റാണ്. എന്നാൽ ഇത് മറികടക്കാൻ 59,386 പോയിന്റിലെ സപ്പോർട്ട് നിലനിർത്തിയെ തീരൂ. വെളളിയാഴ്ച്ച അനുഭവപ്പെട്ട ബുൾ റാലി തുടരാനായാൽ 60,885 61,971 ലേക്ക് ഒക്ടോബർ രണ്ടാം പകുതിയിൽ സെൻസെക്‌സ് സഞ്ചരിക്കും. 
രൂപയുടെ മൂല്യ തകർച്ച തുടരുന്നു. ഡോളറിന് മുന്നിൽ രൂപ 74.12 ൽനിന്ന് 75.17ലേയ്ക്ക് ദുർബലമായ ശേഷം ക്ലോസിങിൽ 74.99 ലാണ്. കഴിഞ്ഞ വാരം സൂചിപ്പിച്ചതാണ് മൂല്യം 75 ലേയ്ക്ക് ദുർബലമാകുമെന്നത്. 
ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 79.13 ഡോളറിൽ നിന്ന് 83.39 വരെ ഉയർന്നശേഷം 82.46 ഡോളറിലാണ്. ആഗോള ഡിമാന്റ് കണക്കിലെടുത്താൽ ബാരലിന് 8087 ഡോളറിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞവാരം വ്യക്തമാക്കിയിരുന്നു. 
വിദേശ ഫണ്ടുകൾ 4546 കോടി രൂപയുടെ ഓഹരികൾ പോയവാരം വിറ്റു. ആഭ്യന്തര ഫണ്ടുകൾ കനത്ത വാങ്ങലുകൾക്ക് മത്സരിച്ചു. മൊത്തം 4625 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ ശേഖരിച്ചതിനിടയിൽ 1167 കോടിയുടെ വിൽപ്പന അവർ നടത്തി.
വായ്പാ അവലോകനത്തിൽ തുടർച്ചയായ എട്ടാം തവണ റിസർവ് ബാങ്ക് പലിശ സ്‌റ്റെഡിയായി നിലനിർത്തി. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലുമാണ്. 
ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും മുൻനിര ഓഹരികളിൽ വാങ്ങൽതാൽപര്യം കാണിച്ചു. നിഫ്റ്റി ഐ റ്റി ഇൻഡക്‌സ് ആറ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞവാരം കാഴ്ച്ചവെച്ചു. ടെക്‌നോളജി ഓഹരികളായ വിപ്രോ, ഇൻഫോസീസ്, റ്റിസിഎസ്, എച്ച് സി എൽ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഒ എൻ ജിസി, എംആൻറ് എം, ആർ ഐ എൽ, എയർടെൽ, ബിപിസി എൽ, മാരുതി, ഐ ഒ സി എന്നിവ ശ്രദ്ധിക്കപ്പെട്ടു. 

Latest News