Sorry, you need to enable JavaScript to visit this website.

കുരുമുളക് വില ഉയർന്നു

ഉത്സവകാല ഡിമാന്റിൽ കുരുമുളക് വില ഉയർന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ വൈറ്റ് പെപ്പർ വില ഉയർന്നതിനിടയിൽ ഉത്തരേന്ത്യൻ വ്യാപാരികൾ നവരാത്രി ഡിമാന്റ് മുൻ നിർത്തി കുരുമുളക് സംഭരിക്കാൻ മത്സരിച്ചു. വാങ്ങൽ താൽപര്യത്തിൽ അൺ ഗാർബിൾഡ് മുളക് വില 40,600 രൂപയിൽ നിന്ന് 41,000 രൂപയായി. വിലക്കയറ്റം കണ്ട് ഇടപാടുകാർ രംഗത്ത് നിന്ന് അകന്നതിനാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ വില സ്‌റ്റെഡിയായി നീങ്ങി. കർണാടകത്തിൽ നിന്നുള്ള ചരക്ക് നീക്കം കുറവാണ്. ഇറക്കുമതി മുളകിന് ഏരിവ് കുറഞ്ഞത് ദക്ഷിണേന്ത്യൻ മുളകിന് ഡിമാന്റ് ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ വെള്ള കുരുമുളക് വില ഉയർന്നു. ഇന്തോനേഷ്യ വൈറ്റ് പെപ്പർ വില ടണ്ണിന് 7209 ഡോളറായി ഉയർത്തിയപ്പോൾ മലേഷ്യയുടെ നിരക്ക് 8126 ഡോളറിലെത്തിച്ചു. വിയറ്റ്‌നാം 100 ഡോളർ ഉയർത്തി 6290 ഡോളറാക്കി. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5500 ഡോളറാണ്. മലേഷ്യ 5972 ഡോളറിനും ഇന്തോനേഷ്യ 4380 ഡോളറിനും വിയറ്റ്‌നാം 4290 നും ബ്രസീലും 4100 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
മികച്ച കാലാവസ്ഥയിൽ രാജ്യത്ത് തേയില ഉൽപാദനം ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ജനുവരി-ഓഗസ്റ്റിൽ ഉൽപാദനം 18 ശതമാനം വർധിച്ചു. തേയില ഉൽപാദനം കഴിഞ്ഞ വർഷത്തെ 670 ദശലക്ഷം കിലോയിൽ നിന്ന് 792 ദശലക്ഷം കിലോയായി. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉൽപാദനം ഉയർന്നു. കേരളത്തിൽ ഉൽപാദനം ആറ് ശതമാനത്തോളം വർധിച്ച് 41.46 ദശലക്ഷം കിലോയായി. കൊച്ചിയിൽ പോയവാരം നടന്ന ലേലത്തിൽ ഇല-തേയില വിലകൾ കിലോ രണ്ട് മുതൽ മൂന്ന് രൂപ വരെ ഉയർന്നു. ലീഫ്, ഡസ്റ്റ് ഇനങ്ങൾക്ക് ആഭ്യന്തര വിദേശ ഡിമാന്റുണ്ട്. 
രാജ്യാന്തര റബർ വില ഉയർന്നത് കേരളത്തിലെ കർഷകരിൽ പ്രതീക്ഷ പകർന്നു. അവധി വ്യാപാരത്തിലെ ഉണർവ് റെഡി മാർക്കറ്റിന് അനുകൂലമാവും. ബാങ്കോക്കിൽ കിലോ 134 രൂപയായി കയറിയെങ്കിലും ആഭ്യന്തര വിലയിൽ മാറ്റമില്ല. മികച്ച കാലാവസ്ഥയിൽ റബർ ഉൽപാദനം ഉയർന്നങ്കിലും ഒക്ടോബർ ആദ്യ വാരത്തിലും ഷീറ്റ് വരവ് ചുരുങ്ങി. അതേ സമയം മരങ്ങളിൽ നിന്നുള്ള യീൽഡ് ഉയരുന്നതിനാൽ ലഭ്യത വർധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ടയർ ലോബി. ചില ഭാഗങ്ങളിൽ മഴ ടാപ്പിങിനെ ചെറിയ അളവിൽ ബാധിച്ചു. വിൽപ്പനക്കാർ കുറഞ്ഞിട്ടും നാലാം ഗ്രേഡ് 17,000 രൂപയിലും അഞ്ചാം ഗ്രേഡ് 16,400-16,800 രൂപയിലുമാണ്.     
അന്തർസംസ്ഥാന വ്യാപാരികളിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ട്. ഗൾഫ് കയറ്റുമതി മുന്നിൽ കണ്ട് ചിലർ മികച്ചയിനം ചുക്ക് ശേഖരിച്ചു. അന്തരീക്ഷ ഈർപ്പം ഉയരുന്നത് ചുക്കിന് കുത്ത് വീഴാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് പലരും. ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചുക്കിന് ഉത്തരേന്ത്യൻ ഡിമാന്റ് പ്രതീക്ഷിക്കുന്നു. വിവിധയിനം ചുക്ക് 16,500-17,500 രൂപ. 
പിന്നിട്ടവാരം ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഏലക്ക ലേലം നടന്നു. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും പുതിയ ചരക്ക് എത്തിയത് വാങ്ങലുകാർക്ക് ആശ്വാസമായി. ഉത്സവ ഡിമാന്റ് മുൻ നിർത്തി ആഭ്യന്തര ഇടപാടുകാർ ഏലക്ക ശേഖരിച്ചു. കയറ്റുമതിക്കാരും ചരക്കിൽ താൽപര്യം കാണിച്ചു. വാരാന്ത്യം മികച്ചിനങ്ങൾ കിലോ 1528 രൂപയിലാണ്. 
നാളികേര ഉൽപാദകരെ നിരാശപ്പെടുത്തി വെളിച്ചെണ്ണ, കൊപ്ര വിലകൾ താഴ്ന്നു. പ്രാദേശിക തലത്തിൽ എണ്ണക്ക് ആവശ്യം കുറഞ്ഞത് തിരിച്ചടിയായി. കൊപ്ര സംഭരണം മില്ലുകാർ കുറച്ചതിനാൽ ഏതാനും ആഴ്ചകളായി 10,000 രൂപയിൽ നിലകൊണ്ട ശേഷം വാരാന്ത്യം 9900 രൂപയിലും വെളിച്ചെണ്ണ 16,200 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണ വില ഉയർന്നു. പവൻ 34,800 രൂപയിൽ നിന്ന് 35,120 രൂപയായി, ഗ്രാമിന് വില 4390 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1757 ഡോളർ. 


 

Latest News