മാലെ- മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ലാ യമീനെ അറസ്റ്റ് ചെയ്യാനോ ഇംപീച്ച് ചെയ്യാന്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാല്‍ ചെറുക്കാന്‍ സര്‍ക്കാര്‍ പോലീസിനും സൈന്യത്തിനും നിര്‍ദേശം നല്‍കി. രാഷ്ട്രീയ തടവുകാരെ വിട്ടയക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ സുപ്രീം കോടതിയുടെ നീക്കം.
ടൂറിസ്റ്റ് കേന്ദ്രമായ മാലദ്വീപില്‍ പുതിയ സംഭവവികാസങ്ങളോടെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരതരമാവുകയാണ്. എതിരാളികളെ അടിച്ചമര്‍ത്താന്‍ നടപടികള്‍ സ്വീകരിച്ചതോടെയാണ് പ്രസിഡന്റിനെതിരെ സുപ്രീം കോടതി തിരിഞ്ഞത്.
യമീന്റെ ഭരണകക്ഷിയില്‍നിന്ന് കൂറുമാറിയതിനെ തുടര്‍ന്ന് പുറത്താക്കിയ 12 ജനപ്രതിനിധികളുടെ സീറ്റുകള്‍ പുനസ്ഥാപിക്കണമെന്നും ഒമ്പത് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും വ്യാഴാഴ്ച ജഡ്ജിമാര്‍ ഉത്തരവിട്ടിരുന്നു. തീര്‍ത്തും രാഷ്ട്രീയപ്രേരിത നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.
എന്നാല്‍ യമീന്‍ സര്‍ക്കാരിനെ ഞെട്ടിച്ച ഉത്തരവ് അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര അഭ്യര്‍ഥനകള്‍ മാനിക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ തയാറാകുന്നില്ല.
പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പോലീസും സൈന്യവും നിയമവിരുദ്ധ ഉത്തരവ് നടപ്പിലാക്കരുതെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അനില്‍ രാജ്യത്തോട് നടത്തിയ പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടു.
സുപ്രീം കോടതി ഉത്തരവ് അനുസരിക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരിന്റെ നടപടി അട്ടിമറിയാണെന്ന് മുന്‍ പ്രസിഡന്റും നിലവില്‍ പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ പോലീസും സൈന്യവും തയാറാകണമെന്ന് നഷീദ് അഭ്യര്‍ഥിച്ചു. ഭീകരത ആരോപിച്ച് 2105 ല്‍ 13 വര്‍ഷം ജയില്‍ ശിക്ഷക്കു വിധിക്കപ്പെട്ടയാളായിരുന്നു പ്രതിപക്ഷ നേതാവ് നഷീദ്. പ്രസിഡന്റ് യമീന്‍ ഉടന്‍ സ്ഥാനമൊഴിയണമെന്ന് നഷീദ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
ചികിത്സക്കെന്ന പേരില്‍ 2016 ല്‍ ജയിലില്‍നിന്ന് വിദേശത്തേക്ക് പുറപ്പെട്ട നഷീദ് ഇപ്പോള്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലാണ്. ഇവിടെ മാലദ്വീപ് വിമതരുമായി അദ്ദേഹം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പുറത്താക്കപ്പെട്ട ഒരു ഡസന്‍ അംഗങ്ങളെ വീണ്ടും പാര്‍ലമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കെ, പ്രസിഡന്റ് യമീനെ ഇംപീച്ച് ചെയ്യാന്‍ ആവശ്യമായ ഭൂരിപക്ഷം പ്രതിപക്ഷത്തിനായിട്ടുണ്ട്. ഇംപീച്ച്‌മെന്റ് തടയുന്നതിന് പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കയാണ്. കോടതി തീരുമാനത്തിനു പിന്നാലെ രണ്ട് പോലീസ് മേധാവികളെ യമീന്‍ പുറത്താക്കി. സുപ്രീം കോടതി ഉത്തരവ് ചെറുക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ അസ്വസ്ഥതയിലേക്ക് നയിക്കുമെന്ന് നഷീദ് നേതൃത്വം നല്‍കുന്ന മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി. 3,40,000 ആണ് മാലദ്വീപിലെ ജനസംഖ്യ. ഭീകരത, അഴിമതി, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തവരെ വിട്ടയക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മാലദ്വീപ് കോടതി തീരുമാനത്തെ ഐക്യരാഷ്ട്ര സംഘടനക്കു പുറമെ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കനഡ, ഇന്ത്യ, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. മാലദ്വീപില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കമായാണ് ഈ രാജ്യങ്ങള്‍ കോടതി ഉത്തരവിനെ കാണുന്നത്.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നഷീദിനെ 2012 ലാണ് അട്ടിമറിച്ചത്. ഭീകരത ആരോപിച്ചതിനാല്‍ 2015 മുതല്‍ ഇദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുമുണ്ട്.