രാമനേയും കൃഷ്ണനേയും ആദരിക്കാന്‍ പാര്‍ലമെന്റ് നിയമം പാസാക്കണം- ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്-രാമനേയും കൃഷ്ണനേയും ആദരിക്കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. രാജ്യത്തെ സ്‌കൂളുകളില്‍ ഈ വിഷയം നിര്‍ബന്ധിത് പാഠ്യവിഷയമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാമന്‍, കൃഷ്ണന്‍, രാമായണം, ഗീത അവയുടെ കര്‍ത്താക്കളായ മഹര്‍ഷി വാത്മീകി, വേദ വ്യാസന്‍ എന്നിവര്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അവര്‍ക്ക് ദേശീയ തലത്തില്‍ ആദരം നല്‍കാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവ് നിരീക്ഷിച്ചത്.
    രാമനെയും കൃഷ്ണനെയും ആയിരക്കണക്കിനു വര്‍ഷങ്ങളായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ആദരിച്ചു വരുന്നു. സ്‌കൂളുകളില്‍ ഇവരെക്കുറിച്ചുള്ള കാര്യങ്ങള്‍ നിര്‍ബന്ധമായും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. എന്നാലേ കുട്ടികള്‍ സംസ്‌കാര സമ്പന്നരായും ജീവിത മൂല്യങ്ങള്‍ അറിഞ്ഞും വളരൂ എന്നും ജഡ്ജി ചൂണ്ടിക്കാട്ടി. നിലവിലെ പാഠ്യപദ്ധതി ഒട്ടും ശരിയല്ല. മുഖസ്തുതികളും സ്വാര്‍ഥതയും കൊണ്ട് ചരിത്രകാരന്‍മാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരുപാട് കളങ്കം ഏല്‍പ്പിച്ചിട്ടുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
അയോധ്യ രാമജന്‍മ ഭൂമി കേസില്‍ സുപ്രീംകോടതി വിധി രാമനെ വിശ്വസിക്കുന്നവര്‍ക്ക് അനുകൂലമായിരുന്നുവെന്നും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും ഹൃദയത്തില്‍ രാമനുണ്ട്. രാമന്‍ ഇന്ത്യയുടെ ആത്മാവാണ്. രാജ്യത്തിന്റെ സംസ്‌കാരം തന്നെ രാമനില്ലാതെ പൂര്‍ണമാകുകയുമില്ലെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.
    രാമനെയും ലക്ഷ്മണനെയും കുറിച്ച് ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ആകാശ് ജാധവിന് ജാമ്യം അനുവദിക്കവേയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തിയത്. കേസില്‍ പത്തു മാസത്തോളം ജയിലില്‍ കിടന്ന ഇയാളുടെ പേരിലുള്ള നിയമ നടപടികള്‍ ഉടനൊന്നും അവസാനിക്കില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
    അടുത്തയിടയായി സമുദായ നേതാക്കളെ, അതിപ്പോള്‍ ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, സിക്ക് തുടങ്ങി ഏത് വിഭാഗത്തില്‍ പെട്ട വലിയവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ കണ്ടു വരുന്നു. രാമനെയും കൃഷ്ണനെയും അപമാനിക്കുന്നത് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസത്തെ ഹനിക്കുന്ന പ്രവര്‍ത്തിയാണ്. അത് സാമുഹത്തിലെ സമാധാനവും സാഹോദര്യവും തകര്‍ക്കുക മാത്രമല്ല നിഷ്‌കളങ്കരായ ജനങ്ങള്‍ അതിന്റെ പ്രതികൂല ഫലം അനുഭവിക്കേണ്ടിയും വരുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
    

 

Latest News