Sorry, you need to enable JavaScript to visit this website.

മരിച്ച അമ്മ ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ പെൺമക്കൾ രണ്ടു ദിവസം മൃതദേഹത്തിനരികിൽ കഴിഞ്ഞു


ചെന്നൈ: മരിച്ചുപോയ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹത്തിനരികെ രണ്ടുദിവസം പെൺകുട്ടികൾ കഴിഞ്ഞു. ഒടുവിൽ പോലീസ് ഏറെ പണിപ്പെട്ട് ഇവരെ പറഞ്ഞുമനസ്സിലാക്കിയതിന് ശേഷമാണ്  മൃതദേഹം സംസ്‌കരിച്ചത്.

തിരുച്ചിറപ്പള്ളിയിലെ മണപ്പാറയ്ക്കടുത്ത് ചൊക്കംപട്ടിയിലാണ് സംഭവം. പ്രദേശവാസിയായ മേരി (75) അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചു. എന്നാൽ ഇവരുടെ മക്കളായ ജസീന്തയും ജയന്തിയും അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച് വീട്ടിൽ പ്രാർഥനയുമായി കഴിയുകയായിരുന്നു. വീട് സന്ദർശിക്കാനെത്തിയ ബന്ധുവാണ് മക്കൾ മൃതദേഹം അടക്കംചെയ്യാതെ പ്രാർഥിച്ചിരിക്കുന്നത് പുറത്തറിയിച്ചത്. 
വിവരമറിഞ്ഞ പോലീസ് സംഘം  വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ജസീന്തയും ജയന്തിയും ആദ്യം സമ്മതിച്ചില്ല. അമ്മ അബോധാവസ്ഥയിലാണെന്നും വീട്ടിൽവെച്ച് ചികിത്സ നൽകുകയാണെന്നും ഇവർ അറിയിച്ചു. പോലീസ് അമ്മയെ കൊല്ലാൻ നോക്കുകയാണെന്നും ആരോപിച്ചു.

 വിദഗ്ധചികിത്സ നൽകാമെന്ന് പറഞ്ഞ് മക്കളെക്കൊണ്ട് സമ്മതിപ്പിച്ച് മൃതദേഹം ആംബുലൻസിൽ മണപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇവിടുത്തെ ഡോക്ടർ മരണം ഉറപ്പാക്കി. എന്നാൽ അമ്മ മരിച്ചിട്ടില്ലെന്നായിരുന്നു മക്കളുടെ വാദം 
നാലുമണിക്കൂറോളം മക്കളുമായി വാദിച്ചാണ് മൃതദേഹം പോലീസിന് മോർച്ചറിയിലേക്ക് മാറ്റാനായത്. മേരി രണ്ടുദിവസംമുമ്പ് മരിച്ചതായും മൃതദേഹവുമായി മക്കൾ ചില ആശുപത്രികളിൽ പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അമ്മ മരിച്ചുവെന്നു ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് മൃതദേഹവുമായി മക്കൾ വീട്ടിലേക്ക് തിരിച്ചത്. പിന്നീട് ഉയിർത്തെഴുന്നേൽക്കാൻ പ്രാർഥന നടത്തുകയായിരുന്നു. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു.  മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

Latest News