VIDEO - ഉംറ, ഹജ് തീർത്ഥാടകർക്കുള്ള സേവനം; ഏറ്റെടുത്ത് ലോകം

റിയാദ് - ഹജ്, ഉംറ തീർഥാടകർക്ക് സ്വദേശങ്ങളിൽ വെച്ച് വിരലടയാളങ്ങളും നേത്ര അടയാളങ്ങളും സ്വയം രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുന്ന പുതിയ ആപ്പിനെ സ്വാഗതം ചെയ്ത് ലോകം. കഴിഞ്ഞ ദിവസം വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് പ്രവർത്തിപ്പിക്കുന്ന രാജ്യങ്ങളിലെ ഹജ്, ഉംറ തീർഥാടകർക്ക് തങ്ങളുടെ വീടുകളിൽ വെച്ച് സ്മാർട്ട് ഫോണുകൾ വഴി എളുപ്പത്തിൽ വിരലടയാളങ്ങളും നേത്ര അടയാളങ്ങളും രജിസ്റ്റർ ചെയ്യാനാകുന്ന പദ്ധതിയാണിത്. 
ആപ്പ് വഴി വിരലടയാളങ്ങളും നേത്രഅടയാളങ്ങളും രജിസ്റ്റർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ തീർഥാടകർക്ക് ഇ-വിസകൾ അനുവദിക്കും. ഇവർ സൗദിയിലെത്തുമ്പോൾ വിരലടയാളങ്ങളും നേത്രഅടയാളങ്ങളും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരം വിരലടയാളങ്ങളും നേത്രഅടയാളങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഒത്തുനോക്കി ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുക. വിസാ അപേക്ഷകർക്ക് സ്മാർട്ട് ഫോണുകൾ വഴി വിരലടയാളങ്ങളും നേത്രഅടയാളങ്ങളും രജിസ്റ്റർ ചെയ്യുന്ന സേവനം നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് സൗദി അറേബ്യ. 
തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താണ് ഹജ്, ഉംറ തീർഥാടകർ വിരലടയാളങ്ങളും നേത്രഅടയാളങ്ങളും സ്വയം രജിസ്റ്റർ ചെയ്യേണ്ടത്. എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും ഹജ്, ഉംറ തീർഥാടകരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പുതിയ സേവനം സഹായിക്കും.
 

Latest News