Sorry, you need to enable JavaScript to visit this website.

ഇരുതല മൂർച്ചയുള്ള വാൾ

ഈ കുന്ത്രാണ്ടം കൈയിലുള്ളിടത്തോളം കാലം തൗബാ ചെയ്ത് മരിക്കാനാവൂന്ന് തോന്ന്ണില്ലാ.. 
സരസനായ  ഒരു വയോധികൻ  രോഗശയ്യയിൽ കിടന്ന് തന്റെ മൊബൈൽ ഫോൺ എടുത്തുയർത്തി  പറഞ്ഞത് ഓർത്തു പോവുകയാണ്. സ്വജീവിതത്തിൽ രഹസ്യവും പരസ്യവുമായി  ദൈവിക വിധിവിലക്കുകൾക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്തു പോവുന്നതിൽ ഖേദിച്ച് സ്രഷ്ടാവും വിധിനിർണയ നാളിന്റെ ഉടയോനും പാപങ്ങൾ പൊറുത്തു തരുന്നവനും  ദയാലുവുമായ ദൈവത്തോട്  ഇടനിലക്കാരാരുമില്ലാതെ പശ്ചാത്താപ വിവശരായി  ഇസ്‌ലാം മത വിശ്വാസികൾ  ചില നിബന്ധനകൾ പാലിച്ച് നടത്തുന്ന  ഏറ്റുപറച്ചിലും  പ്രാർത്ഥനയുമാണ് തൗബ.സ്മാർട്ട് ഫോണിന്റെയും   സോഷ്യൽ മീഡിയയുടെയും  വരവോട് കൂടി ലോകത്ത് ഒട്ടനവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും വാക്കുകൾക്കതീതമായ അദ്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  കൂടുതൽ എടുത്തു പറയേണ്ടത് മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും  കാര്യത്തിൽ വന്ന അനൽപമായ വഴിത്തിരിവാണ്. കുടുംബ  കൂട്ടായ്മ മുതൽ ആഗോള സൗഹൃദ കൂട്ടായ്മ വരെ വിപുലമായ തോതിൽ സോഷ്യൽ മീഡിയയുടെ സൗകര്യവും ദുരിതവും അനുഭവിക്കുന്നു.
ജീവിതത്തിൽ ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ പലരും ഒരു വിളിപ്പാട് അകലെയെന്ന് പറയുന്നതിനേക്കാൾ ഒരു ക്ലിക് അകലെയായി മാറി എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
ചെറിയ ക്ലാസ് മുതൽ യൂനിവേഴ്‌സിറ്റി തലം വരെയുള്ള ഒരുമിച്ചുപഠിച്ചവരുടെ കൂട്ടായ്മകൾ അതാത് പ്രായത്തിലെ കളിയും ചിരിയും കുസൃതികളും കൈവിടാതെ, ഒട്ടും പ്രായമാവാതെ തുടരുന്നു.
അവയിൽ പലരെയും കാണാം. നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വിവിധ സവിശേഷതകളും താൽപര്യവുമുള്ളവർ. ചിലർ മൗനി ബാബകളായി ചില ഗ്രൂപ്പിൽ തുടരുമ്പോൾ മറ്റു ചില ഗ്രൂപ്പുകളിൽ വീരശൂര പരാക്രമികളായും അതിവാചാലരായും വിലസുന്നു.ചിലർ ഗാലറിയിലിരുന്ന് കാഴ്ച കാണും. ചിലർ ഫലിതങ്ങളുമായെത്തും. ചിലരാവട്ടെ തത്വവും സാഹിത്യവുമായിട്ടാവും. മറ്റു ചിലർ ഫോർവാഡികളാണ്. ചിലരുടെ സംസാരം എത്ര കേട്ടാലും മതിവരില്ല.
ചിലരുടേതാകട്ടെ, ഒറ്റ പോസ്റ്റ് മതി മനം മടുത്ത് മൃഷിയാൻ. കുടുംബയിടങ്ങളിലും കാണും ഇങ്ങനെ വിവിധ തരക്കാർ.  സോഷ്യൽ മീഡിയ കൂട്ടായ്മയിലെ പുറത്താക്കലും അകത്താക്കലും ഔചിത്യ ബോധം കൈവിട്ടുപോവുന്ന മത, രാഷ്ട്രീയ ചർച്ചകളുടെ അതിപ്രസരവും പല കുടുംബങ്ങളിലും  വലിയ കോലാഹലങ്ങൾക്കും കലഹങ്ങൾക്കും കാരണമാവുന്നുണ്ട്.
സോഷ്യൽ മീഡിയയുടെ തുടക്ക കാലത്ത് അറിവില്ലായ്മ കൊണ്ടും ഈ രംഗത്തെ പരിചയക്കുറവ്  മൂലവും  ഇത്തരം സംഭവങ്ങൾ വളരെ കൂടുതലായിരുന്നു.
ഇതിനെല്ലാം പുറമെ, ജീവകാര്യണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും  സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുറഞ്ഞ കാലയളവ് കൊണ്ട് കോടിക്കണക്കിന് രൂപ സ്വരൂപിക്കുന്ന  മഹനീയ മാതൃകകൾ നമ്മുടെ നാട്ടിൽ സുവിദിതമാണ്. വ്യാപാര വ്യവസായ സംരംഭകർ പുത്തൻ ഉൽപന്നങ്ങളുടെ മാർക്കറ്റിംഗിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ സൗഹൃദ പ്ലാറ്റ്‌ഫോമുകളെയാണ്. അതോടൊപ്പം തന്നെ, വികല മനസ്‌കർ വ്യാജ ഐ ഡി നിർമിച്ചും മറ്റുള്ളവരുടെ അക്കൗണ്ട് ഹാക്ക് ചെയ്തും അപര നാമങ്ങൾ ഉപയോഗിച്ചും ഇല്ലാക്കഥകൾ മെനയാനും ജനഹിതത്തെ സ്വാധീനിച്ച് അവരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും അന്യരെ വഞ്ചിച്ച് ധനം തട്ടിയെടുക്കാനും സമൂഹത്തിൽ ഭിന്നതയും അനൈക്യവും വളർത്താനുമെല്ലാം    ഈ സൗകര്യത്തെ ഇപ്പോഴും  യഥേഷ്ടം ദുരുപയോഗിക്കുന്നുണ്ട്.  
സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും  ഊട്ടിയുറപ്പിക്കാൻ ഏറെ സഹായകമായ ഇതേ സോഷ്യൽ മീഡിയ നിരവധി ദാമ്പത്യ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമായതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ഭൂതകാല പ്രണയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും തീവ്രമായ പ്രണയങ്ങൾ തിരികൊളുത്തപ്പെടുകയും അക്കാരണത്താൽ പ്രായവും പ്രകൃതവും മറന്ന് അന്ധമായി കൗമാര സ്മൃതികളുടെ തള്ളിച്ചയിൽ വൈവാഹിക ബന്ധങ്ങളിൽ പതറി കാലിടറിപോവുന്നവരുടെ കഥകൾ നിരവധിയാണ്.
മനസ്സാന്നിധ്യം നഷ്ടപ്പെട്ട് അത്തരം കാണാക്കുരുക്കുകളിൽ അകപ്പെട്ട് നീറുന്നവരുടെ ദയനീയ കഥകൾ നാം നിരന്തരംഒരുപാട് കേൾക്കുകയും കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ് കാലം സോഷ്യൽ മീഡിയയെ അക്കാദമികമായും വേണ്ടുവോളം  ഉപയോഗപെടുത്തുന്നുണ്ട്. ഇളംതലമുറയ്ക്ക് ഏറെ നിയന്ത്രണങ്ങളോടെ നൽകിയ സ്മാർട്ട് ഫോണുകൾ അവരുടെ ഒഴിച്ചു കൂടാനാവാത്ത പഠനോപകരണമാണിപ്പോൾ. യഥേഷ്ടം അവർക്ക് ലഭ്യമായ ഈ സൗകര്യം ഇരുതല മൂർച്ചയുള്ള വാളുപോലെ അപകടകാരി കൂടിയാണ്. പല രക്ഷിതാക്കളും അത് മൂലമുള്ള പല വിധ കെടുതികൾ അനുഭവിക്കുകയാണെന്ന് പറയേണ്ടതില്ല. വൈറലാകാനും സബ്സ്‌ക്രൈബേഴ്‌സിനെ കൂട്ടാനും വിവാദങ്ങളും  വിടുവായിത്തങ്ങളുമായി സഭ്യതയുടെ എല്ലാ സീമകളും  ലംഘിച്ച് ഏതറ്റം വരെ പോവാനും പലരും മൽസരിക്കുകയാണിപ്പോൾ.
ലഭ്യമായ എല്ലാ സെക്യൂരിറ്റി ടിപ്‌സും ഓപ്ഷൻസുംഉപയോഗിച്ച്,നാം എത്ര ചെറുത്താലും സ്വയം നിയന്ത്രിച്ചാലും നമ്മുടെ മുന്നിലേക്ക് ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക് ഇടതടവില്ലാതെ  ഇവയെല്ലാം ഇൻഫർമേഷൻ ഹൈവേയിലൂടെ ഒഴുകിയെത്തുകയാണ്.
ബലഹീനരും ദുർബല മനസ്‌കരുമായാണ് മനുഷ്യർ സൃഷ്ടിക്കപ്പെട്ടതെന്നും തെറ്റുകളിലേക്ക് ചായാനുള്ള പ്രവണത അവരിൽ കൂടുതലാണെന്നും വേദഗ്രന്ഥം അടിക്കടി ഓർമിപ്പിക്കുന്നുണ്ട്.  അതോടൊപ്പം അവരിൽ പരമാവധി സൂക്ഷ്മത പാലിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നവരാണ് ഉത്തമരെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.ഏറെ മനസാന്നിധ്യത്തോടെയും ജാഗ്രതയോടെയും  ഉപയോഗിച്ചില്ലെങ്കിൽ  സോഷ്യൽ മീഡിയ പ്രായഭേദമില്ലാതെ ആരെയും   വശീകരിച്ചടുപ്പിച്ച് അടിമയാക്കിക്കളയുമെന്നതിൽ സംശയമില്ല.

Latest News