Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

റംലാത്ത ഇനിയില്ല, കുടുംബശ്രീയുടെ വിളക്കണഞ്ഞു

അതിജീവനത്തിന്റെ പോരാട്ടത്തിനിറങ്ങി വിജയിച്ച റംല കാൻസറിനോട് കീഴടങ്ങിയാണ് വിടവാങ്ങിയത്

രണ്ട് കിലോ മാങ്ങയും അച്ചാറിടാനൊരു പാത്രവുമായി ജീവിത പ്രതിസന്ധികളോട് തോറ്റു കൊടുക്കാതെ വിജയശ്രീയായ മലപ്പുറത്തിന്റെ കുടുംബശ്രീ 'അച്ചാർ റംലാത്ത' ഓർമയായി.
അതിജീവനത്തിന്റെ പോരാട്ടത്തിനിറങ്ങി വിജയിച്ച റംലകാൻസറിനോട് കിഴടങ്ങിയാണ് കഴിഞ്ഞ ദിവസംവിടവാങ്ങിയത്.ഓലപ്പുരയിലെ അടുക്കളയിലൂടെ എരിവും രുചിയും പുളിയും പകർന്ന് സ്വന്തമായി അച്ചാർ നിർമിച്ച് വിൽപന നടത്തിയാണ് ജീവിതം കരുപ്പിടിപ്പിച്ച് സംസ്ഥാനത്തെ കുടുംബശ്രീ മുഖമുദ്രയായി റംല മാറുന്നത്. 
അടുക്കള ജോലി മാത്രമറിയുന്ന സാധാരണക്കാരിയായ വീട്ടമ്മ സംസ്ഥാന ചരിത്രത്തിലൂടെ മാധ്യമ ശ്രദ്ധയിൽ ഇടം നേടി, തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ പുഴക്കാട്ടിരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെമ്പറാവുന്നതിലൂടെയാണ് റംലയുടെ ജീവിതം മലപ്പുറം രാമപുരം പള്ളിപ്പടിയിലെ പെലശ്ശേരി റംല എന്ന കുടുംബശ്രീ അച്ചാർ റംലത്താത്തയായി മാറ്റിമറിക്കപ്പെടുന്നത്.
കുടുംബശ്രീ രൂപീകരണ കാലം മുതൽ ജില്ലയുടെ ബ്രാന്റ് അംബാസഡറായി മലപ്പുറം കലക്ടറേറ്റ് പടിക്കലും വിവിധ ജില്ലകളിലെ മേളകളിലും   അച്ചാറും ഭക്ഷ്യവസ്തുക്കളുമായി റംലയും ഭർത്താവും കുടുംബവും കച്ചവടം നടത്തിയിരുന്നു. 
സ്വന്തമായൊരു പുരയിടം എന്ന സ്വപ്‌നവുമായാണ് അയൽകൂട്ട സമിതിയിൽ നിന്ന് ലോണെടുത്ത് അച്ചാർ യൂനിറ്റ് തുടങ്ങിയത്, രണ്ട് മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകിയതോടൊപ്പം പതിനഞ്ച് വർഷത്തെ അച്ചാർ വ്യാപാരത്തിലൂടെ മാത്രം സാമ്പാദിച്ച് ആയിരത്തി അറുന്നൂറ് ചതുരശ്ര വിസ്തീർണമുള്ള വീടുവെച്ചു. 
വീട്ടിൽ താമസമാരംഭിച്ചതിലൂടെയാണ് കഴിഞ്ഞ വർഷം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലെ വാർത്താ താരമായി റംലയും കുടുംബവും അറിയപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിനിയാണ് റംല. ഭർത്താവ്രാമപുരം പള്ളിപ്പടിയിലെ പെലെശ്ശേരി മുഹമ്മദ് കുട്ടി എന്ന മമ്മുട്ടിയുടെ പിന്തുണയോടെയാണ് അച്ചാർ കമ്പനി നടത്തിയിരുന്നത്. പുഴക്കാട്ടിരി കുടുംബശ്രീ സി.ഡി.എസ് പ്രഥമകാല മെംബറും  ഭാരവാഹിയുമായിരുന്നു. രാമപുരം കേന്ദ്രീകരിച്ചാണ് ബിസ്മില്ല അച്ചാർ കമ്പനി യൂനിറ്റ് പ്രവർത്തിച്ചിരുന്നത്. നിരവധി അവാർഡുകളും അംഗീകാരങ്ങളും ആദരവും മാതൃകാ വനിതക്ക് ലഭിച്ചിട്ടുണ്ട്.
 വ്യാപാര മേഖലയിൽ സജീവമായിരിക്കേമാസങ്ങൾക്ക് മുമ്പ് അർബുദ രോഗം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിൽസയിലായിരുന്നു. 
നാട്ടുസൗഹൃദ യുവ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചികിൽസാ സഹായ സമിതി പ്രവർത്തിച്ചു വരുന്നതിനിടെയാണ് മരണം. ഉമ്മയോടൊപ്പം ചെറുപ്രായത്തിലേ വിശപ്പകറ്റാനിറങ്ങിയ മക്കൾ ഒരോ രൂപയും സ്വരുക്കൂട്ടി ഉന്നത വിദ്യാഭ്യാസം നേടി, കായിക അധ്യാപകനായ മൂത്ത മകൻ അബ്ദുൽ മുനീർ പിഎച്ച്.ഡി ചെയ്യുന്നത്  പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലാണ്. 
യു.പി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മലപ്പുറം കലക്ടറേറ്റിൽ ചായക്കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപെട്ട അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം വീട്ടിലെത്തി അഭിനന്ദിച്ചതിലൂടെ മാധ്യമ ശ്രദ്ധ നേടിയ സമീറാണ് രണ്ടാമത്തെ മകൻ. സമീർ ഇപ്പോൾ ഒമാനിലാണ് ജോലി ചെയ്യുന്നത്. മരുമക്കളായ പിലാത്തോടൻ ഫദീല മങ്കടയും നസ്രീന കുറ്റിയാടിയും ബിരുദ വിദ്യാർത്ഥികളാണ്.
 

Latest News