Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയിൽ നിർമിച്ച ആദ്യ സാറ്റലൈറ്റ്  ഈ വർഷം വിക്ഷേപിക്കും

ഖലീഫ സാറ്റ് നിർമാണത്തിൽ പങ്കാളിത്തം വഹിക്കുന്ന യു.എ.ഇ എൻജിനീയർമാരും ശാസ്ത്രജ്ഞരും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമിനൊപ്പം സെൽഫിയെടുക്കുന്നു. 

അബുദാബി- പൂർണമായും യു.എ.ഇയിൽ നിർമിക്കുന്ന ആദ്യത്തെ സാറ്റലൈറ്റ് ഈ വർഷം വിക്ഷേപിക്കും. ഖലീഫ സാറ്റ് എന്ന് പേരിട്ട സാറ്റലൈറ്റിന്റെ നിർമാണ പുരോഗതി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഇന്നലെ സന്ദർശിച്ചു. ദുബായിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേയ്‌സ് സെന്ററിൽ യു.എ.ഇ എൻജിനീയർമാർ മാത്രം അടങ്ങിയ സംഘമാണ് സാറ്റലൈറ്റ് നിർമിക്കുന്നത്. പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം ഈ വർഷം സാറ്റലൈറ്റ് വിക്ഷേപിക്കുന്നതിനാണ് പദ്ധതി. ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് സാറ്റലൈറ്റ് വിക്ഷേപിക. ഉയർന്ന കൃത്യതയുള്ള ഫോട്ടോകളും ശൂന്യാകാശ വിവരങ്ങളും സാറ്റലൈറ്റ് ലഭ്യമാക്കും. 
വിദേശ സഹായമില്ലാതെ സാറ്റലൈറ്റ് നിർമിക്കുന്ന ആദ്യത്തെ അറബ് സംഘമാണ് യു.എ.ഇ എൻജിനീയർമാരെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു. വിദേശ പിന്തുണയും സഹായവുമില്ലാതെ പൂർണ തോതിൽ സാറ്റലൈറ്റ് നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കിയ ആദ്യത്തെ അറബ് രാജ്യമായി യു.എ.ഇ മാറി. സ്‌പേയ്‌സ് സാങ്കേതികവിദ്യാ മേഖലയിൽ യു.എ.ഇ യുവാക്കൾ ആർജിച്ച ഉയർന്ന ശേഷിയാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. സ്‌പേയ്‌സ് വ്യവസായ മേഖലയിൽ രാജ്യം വളർച്ച തുടരും. ഈ മേഖലക്ക് ഭരണകൂടം പിന്തുണ നൽകുന്നത് തുടരും. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന മേഖലയായി സ്‌പേയ്‌സ് വ്യവസായ മേഖല മാറും. ഇത് യു.എ.ഇയുടെ മാത്രം നേട്ടമല്ല. മറിച്ച് ലോകത്തെ മനുഷ്യർക്കെല്ലാം പ്രയോജനപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കുന്ന സാറ്റലൈറ്റ് പദ്ധതി ലോക നേട്ടമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 
ഉയർന്ന വ്യക്തതയുള്ള ക്യാമറ, ഫോട്ടോകൾ ഡൗൺലോഡ് ചെയ്യുന്ന വേഗം വർധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ, ലോകത്ത് എവിടെ നിന്നും സാറ്റലൈറ്റുമായി ആശയ വിനിമം നടത്തുന്നതിനുള്ള സാങ്കേതികവിദ്യ, ത്രീഡി ഫോട്ടോകൾ ലഭ്യമാക്കുന്നതിന് ബഹിരാകാശത്തു വെച്ച് സാറ്റലൈറ്റ് ചലിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് കൺട്രോൾ സാങ്കേതികവിദ്യ, ചിത്രീകരിക്കേണ്ട സ്ഥലം നിർണയിക്കുന്ന സാങ്കേതികവിദ്യ എന്നിവ അടക്കം ഏഴു നവീന കണ്ടുപിടുത്തങ്ങൾ അടങ്ങിയതാണ് ഖലീഫ സാറ്റ്. ഉയർന്ന ഗുണമേന്മയുള്ള ചിത്രങ്ങൾ ലഭ്യമാക്കുന്ന മേഖലയിൽ ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ആയി ഈ സാങ്കേതികവിദ്യകൾ ഖലീഫ സാറ്റിനെ മാറ്റുമെന്ന് എൻജിനീയർമാർ പറഞ്ഞു. 
ദുബായിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേയ്‌സ് സെന്റർ വികസിപ്പിക്കുന്ന മൂന്നാമത്തെ സാറ്റലൈറ്റ് ആണ് ഖലീഫ സാറ്റ്. നേരത്തെ 'ദുബായ് സാറ്റ് 1', 'ദുബായ് സാറ്റ് 2' എന്നീ സാറ്റലൈറ്റുകൾ മുഹമ്മദ് ബിൻ റാശിദ് സ്‌പേയ്‌സ് സെന്റർ വിക്ഷേപിച്ചിരുന്നു. നിർമാണ, പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയായ ശേഷം ഖലീഫ സാറ്റ് വിക്ഷേപിക്കുന്നതിന് ജപ്പാനിലെ മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് റോക്കറ്റിൽ എത്തിക്കും. 

 

 

Latest News