Sorry, you need to enable JavaScript to visit this website.

തായിഫ് എയര്‍പോര്‍ട്ട് നിര്‍മാണം: പുതിയ കരാര്‍ നല്‍കുന്നു

റിയാദ് - പുതിയ തായിഫ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് നിര്‍മാണത്തിന് നേരത്തെ നല്‍കിയ കരാര്‍ റദ്ദാക്കി വീണ്ടും ടെണ്ടര്‍ ക്ഷണിച്ച് കരാര്‍ അനുവദിക്കാന്‍ ആവശ്യമായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഗതാഗത മേഖലാ സ്വകാര്യവല്‍ക്കരണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിയോട് മന്ത്രിസഭ നിര്‍ദേശിച്ചു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ എയര്‍പോര്‍ട്ട് നിര്‍മിക്കാനാണ് പദ്ധതി. ബി.ഒ.ടി അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് നിര്‍മാണത്തിന് നേരത്തെ ഒപ്പുവെച്ച കരാറുകള്‍ റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കരാറുകള്‍ റദ്ദാക്കുന്നതിന് ആവശ്യമായ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും പുതിയ സ്വകാര്യവല്‍ക്കരണ നിയമം അനുസരിച്ച് പദ്ധതിക്ക് വീണ്ടും ടെണ്ടറുകള്‍ ക്ഷണിക്കാനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
2017 ജനുവരി ഒന്നു മുതല്‍ തായിഫ് എയര്‍പോര്‍ട്ട് നിര്‍മാണ പദ്ധതി ആരംഭിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കരാറുകള്‍ നേടിയ കണ്‍സോര്‍ഷ്യത്തിന് നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടു. പുതിയ എയര്‍പോര്‍ട്ട് നിര്‍മാണം തായിഫില്‍ വലിയ വികസനങ്ങള്‍ക്കും സാമ്പത്തിക, ടൂറിസം മേഖലയിലെ വളര്‍ച്ചക്കും വഴിവെക്കും. മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാന്‍ തായിഫ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ശേഷിയുണ്ടാകും. ഇതിനു പുറമെ ഹജ്, ഉംറ ടെര്‍മിനലില്‍ പ്രതിവര്‍ഷം 15 ലക്ഷം തീര്‍ഥാടകരെയും സ്വീകരിക്കാന്‍ സാധിക്കും. സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഹജ്, ഉംറ തീര്‍ഥാടകരെ സ്വീകരിച്ച് സേവനങ്ങള്‍ നല്‍കുകയും യാത്രക്കാര്‍ക്ക് മുന്തിയ സേവനങ്ങള്‍ നല്‍കുകയുമെന്ന ലക്ഷ്യത്തോടെയാണ് തായിഫില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നത്.
തായിഫില്‍ വിമാന സര്‍വീസുകള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യവുമായി ഒത്തുപോകാനും തായിഫില്‍ ടൂറിസം അടക്കം സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും മക്ക പ്രവിശ്യയില്‍ മൊത്തത്തില്‍ സാമ്പത്തിക പശ്ചാത്തല സൗകര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് പുതിയ വിമാനത്താവളം നിര്‍മിക്കുന്നത്. എയര്‍ബസ് എ-380 പോലുള്ള പുതിയ തലമുറയില്‍ പെട്ട ഭീമന്‍ വിമാനങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന നിലയിലും വാണിജ്യാടിസ്ഥാനത്തിലുമാണ് പുതിയ എയര്‍പോര്‍ട്ട് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്. ടെര്‍മിനലിനകത്തും പുറത്തുമായി പുതിയ വിമാനത്താവളം സ്വകാര്യ മേഖലക്ക് നിരവധി നിക്ഷേപാവസരങ്ങള്‍ നല്‍കും.

 

 

Latest News