ദുബായ്- യു.എ.ഇയില്‍ 18 മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 156 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 216 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് ശേഷം ഇതാദ്യമായാണ് ഇത്രയും കുറഞ്ഞ കോവിഡ് രോഗികളുടെ എണ്ണം. മൂന്ന് പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 7,37,229 പേര്‍ക്കാണ് യു.എ.ഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 730,309 പേര്‍ രോഗമുക്തി നേടി. 2107 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 29 നാണ് യു.എ.ഇയില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
വിശദമായ കോവിഡ് പരിശോധനയും വാക്‌സിനേഷനുമാണ് രോഗികളുടെ എണ്ണം കുറയാനുള്ള കാരണം. 2.2 കോടി ഡോസ് വാക്‌സിന്‍ നല്‍കിയ രാജ്യത്ത് 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് ഇപ്പോഴത്തെ വാക്‌സിനേഷന്‍. 95 ശതമാനത്തോളം പേര്‍ ഒന്നാം ഡോസ് വാക്‌സിനും 85 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രതിദിനം 4,000 പേര്‍ക്ക് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2,98,908 പേരെ പരിശോധിച്ചതില്‍നിന്നാണ് ഇന്നലെ പുതിയ രോഗികളെ കണ്ടെത്തിയത്. 85,810,321 കോവിഡ് പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്.
ഫൈസര്‍ ബയോടെക്, സ്പുട്‌നിക് വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ രാജ്യം തീരുമാനിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 50 നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍, ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗങ്ങളുള്ള 18 നോ അതിന് മുകളിലോ പ്രായമുള്ളവര്‍ എന്നിവരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. രണ്ട് വാക്‌സിനുകളുടെയും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോഴുള്ളത്.