ഈ മാസാവസാനത്തോടെ തീരുമാനമുണ്ടാകും, സൗദി അംഗീകൃത വാക്‌സിനെടുത്തവർക്ക് വരാനാകും
റിയാദ്- സൗദി അറേബ്യയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാവുകയും ഭൂരിഭാഗം പേരും വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്തതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രവേശനവിലക്ക് പിൻവലിക്കാൻ സാധ്യതയേറി. കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും ഒക്ടോബർ അവസാന വാരത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് മലയാളം ന്യൂസിനോട് പറഞ്ഞു.
സൗദി അംഗീകൃത കോവിഡ് വാക്‌സിൻ രണ്ട് ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെയും ഒരു ഡോസെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ സഹിതവുമുള്ള പ്രവേശനാനുമതിയാണ് വരാനിരിക്കുന്നത്. ഇപ്രകാരമാണ് വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായതെന്നറിയുന്നു.
ഇതനുസരിച്ച് വാക്‌സിനെടുത്തവർ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ-സർവീസസിൽ വാക്‌സിനേഷൻ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ഇതനുസരിച്ചായിരിക്കും ഹോട്ടൽ ക്വാറന്റൈൻ ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുക. ഫൈസർ, ആസ്ട്രാസെനിക്ക, ജോൺസൻ ആന്റ് ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ച വാക്‌സിനുകൾ. കോവാക്‌സിന്റെ അനുമതിക്കായി ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നപക്ഷം സൗദി അറേബ്യയും കോവാക്‌സിനെ അംഗീകരിക്കും. അതോടെ കോവാക്‌സിനെടുത്തവർക്കും സൗദിയിലേക്ക് വരാനാവും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൗദിയിൽനിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിവിവര പോർട്ടലായ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ച് ഇന്ത്യയിലെത്തിയവർക്ക് സൗദിയിലേക്ക് നേരിട്ട് തിരിച്ചുവരുന്നതിന് തടസ്സമില്ല. അവർക്ക് ക്വാറന്റൈനും ആവശ്യമില്ല. അതേസമയം ഇന്ത്യയടക്കം നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ള സൗദിയിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയത് ശുഭസൂചകമാണ്. വാക്‌സിൻ പൂർത്തിയാക്കാത്തവർക്ക് സൗദിയിലെത്തിയാൽ അഞ്ചുദിവസ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാക്കിയും രണ്ടു ഡോസെടുത്തവർക്ക് ക്വാറന്റൈൻ ഇല്ലാതെയുമുള്ള അനുമതിയാണ് സൗദി സർക്കാർ അധ്യാപകരടക്കമുള്ളവർക്ക് നൽകിയിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഈ മാസാവസാനം വരെ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയതിനാൽ അതിന് മുമ്പ് സുഗമമായ വിമാന സർവീസ് ഉണ്ടാകുക പ്രയാസമാണ്. അതിനാൽ ചാർട്ടേഡ്, വന്ദേഭാരത് സർവീസുകളോ ഗൾഫ് രാജ്യങ്ങളുടെ കണക്ഷൻ സർവീസുകളോ ഉപയോഗിക്കേണ്ടിവരും.
ഈ മാസം 20 മുതൽ റിയാദിൽ റിയാദ് സീസൺ ഉത്സവം ആരംഭിക്കുകയാണ്. തലസ്ഥാന നഗരിയുടെ ദിനരാത്രങ്ങൾ വിനോദ പരിപാടികളിലൂടെ സജീവമാക്കുന്ന ഈ സമയത്ത് വൻതോതിൽ വിദേശ ടൂറിസ്റ്റുകളെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. അതിന് മുമ്പേ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.






