1958 ബേണിലെ മായാജാലം

പന്തുരുണ്ട വഴികൾ


സ്വിറ്റ്‌സർലാന്റ്, 16 ജൂൺ-4 ജൂലൈ, 1958
ലോക യുദ്ധത്തിൽ നിഷ്പക്ഷമായി നിന്ന രാജ്യമെന്ന നിലയിലാണ് യൂറോപ്പിലെ ആ ലോകകപ്പ് ഫിഫ സ്വിറ്റ്‌സർലന്റിന് നൽകിയത്. സ്വപ്‌നസുന്ദരമായ സ്വിറ്റ്‌സർലന്റിൽ ആൽപ്‌സ് മലനിരകളെ സാക്ഷിയാക്കി അരങ്ങേറിയ അഞ്ചാം ലോകകപ്പ് ഹംഗറിയുടേതാവേണ്ടതായിരുന്നു. 31 മത്സരങ്ങളിലെ അപരാജിത റെക്കോർഡുമായാണ് 'മാജിക്കൽ മാഗ്യാറുകൾ' ലോകകപ്പിനെത്തിയത്. 1952 ലെ ഒളിംപിക്‌സിലെ ചാമ്പ്യന്മാരായിരുന്നു ഫെറഞ്ച് പുഷ്‌കാസിന്റെ ഹംഗറി. പക്ഷെ തുടർച്ചയായ രണ്ടാം ലോകകപ്പിലും കലാശപ്പോരാട്ടത്തിൽ അമ്പരപ്പിച്ച അട്ടിമറി അരങ്ങേറി. ബേണിലെ മായാജാലം എന്നു വിശേഷിപ്പിക്കപ്പെട്ട ഫൈനലിൽ രണ്ടു ഗോളിന് പിന്നിലായ ശേഷം പശ്ചിമ ജർമനി 3-2 ന് ഹംഗറിയെ ഞെട്ടിച്ചപ്പോൾ ഫുട്‌ബോൾ ലോകം തരിച്ചുനിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് 3-8 ന്റെ നാണംകെട്ട തോൽവി വാങ്ങിയ ടീമാണ് പശ്ചിമ ജർമനി.  പുഷ്‌കാസും കൂട്ടരും തലകുനിച്ചു നിൽക്കെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് യൂൾസ്‌റിമെയിൽനിന്ന് ജർമൻ നായകൻ ഫ്രിറ്റ്‌സ്‌വാൾടർ ലോകകപ്പ് ഏറ്റുവാങ്ങി. 

ആതിഥേയർ: സ്വിറ്റ്‌സർലന്റ്
ചാമ്പ്യന്മാർ: പശ്ചിമ ജർമനി
ടീമുകൾ 16, യോഗ്യതാ റൗണ്ടിൽ കളിച്ച ടീമുകൾ 45
ടോപ്‌സ്‌കോറർ: സാന്റോർ കോഷിസ് (11)
ആകെ മത്സരങ്ങൾ: 26. 
ആകെ ഗോൾ 140 (ശരാശരി 5.38), കൂടുതൽ ഗോളടിച്ച ടീം ഹംഗറി (27)
പ്രധാന അസാന്നിധ്യം: സ്‌പെയിൻ
അപ്രതീക്ഷിതമായി യോഗ്യത നേടിയ ടീം: തെക്കൻ കൊറിയ
മത്സരക്രമം: നാലു ടീമുകളുള്ള നാലു ഗ്രൂപ്പുകൾ, ഓരോ ഗ്രൂപ്പിലും രണ്ട് സീഡ് ടീമുകൾ. സീഡ് ചെയ്യപ്പെട്ട ടീമുകൾ സീഡില്ലാത്ത രണ്ടു ടീമുകളുമായി മാത്രം ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടി. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം സ്ഥാനത്ത് രണ്ടു ടീമുകൾക്ക് തുല്യ പോയന്റാണെങ്കിൽ പ്ലേഓഫ്.  


ലോകകപ്പിനു മുമ്പുള്ള നാലു വർഷം ഹംഗറി മത്സരിച്ച 27 കളികളിൽ ഒന്നിൽ പോലും പരാജയപ്പെട്ടിരുന്നില്ല. ഇരുപത്തിമൂന്നും അവർ ജയിച്ചു. നാലെണ്ണം സമനിലയായി. ഇംഗ്ലണ്ടിനെ അവരുടെ ഫുട്‌ബോളിന്റെ മക്കയായ വെംബ്ലിയിൽ 6-3 ന് തോൽപിച്ച് ചരിത്രം സൃഷ്ടിച്ചു. ബുഡാപെസ്റ്റിലെ റിട്ടേൺ ലെഗിൽ ഇംഗ്ലണ്ടിനെ വീണ്ടും 7-1 ന് നാണം കെടുത്തി.
'ഗാലപ്പിംഗ് മേജർ' പുഷ്‌കാസിന്റെ ഇടങ്കാലനടിയുടെ കരുത്തിൽ എതിരാളികൾ ഞെരിഞ്ഞമർന്നു. പുഷ്‌കാസ് മാത്രമായിരുന്നില്ല ഹംഗറി. സാന്റോർ കോഷിഷും നന്തോർ ഹിഡെകുടിയും ജോസെഫ് ബോസികുമടങ്ങുന്ന ആ ടീം അനഗർഗളമായി ഒഴുകിയ ആക്രമണ ഫുട്‌ബോളിലൂടെ കാലത്തിനും മുമ്പെ സഞ്ചരിച്ചു.  
പ്രതീക്ഷിച്ചതു പോലെ മാഗ്യാറുകൾ ലോകകപ്പ് തുടങ്ങി. ആദ്യ റൗണ്ടിൽ തെക്കൻ കൊറിയയെ 9-0 നും പശ്ചിമ ജർമനിയെ 8-3 നും കശക്കിവിട്ടു. 9-0 വിജയം ഇന്നും ലോകകപ്പിലെ ഏറ്റവും വലിയ വിജയ മാർജിനാണ്. ജർമനി 7-2 ന് തുർക്കിയെ തോൽപിച്ചതോടെ ഈ ഗ്രൂപ്പിൽ മാത്രം 41 ഗോൾ പിറന്നു. 1954 ലെ ലോകകപ്പ് ഇന്നും ഗോൾസ്‌കോറിംഗിന്റെ കാര്യത്തിൽ റെക്കോർഡ് നിലനിർത്തുന്നു. 26 കളികളിൽ പിറന്നത് 140 ഗോളായിരുന്നു, ഒരു കളിയിൽ അഞ്ചിലേറെ ശരാശരിയിൽ. സ്വിറ്റ്‌സർലാന്റ് ക്വാർട്ടറിൽ 5-7 ന് ഓസ്ട്രിയയോട് തോറ്റു. ആദ്യ 19 മിനിറ്റിൽ 3-0 ന് മുന്നിലെത്തിയ ആതിഥേയരെ ഇടവേളക്ക് മുമ്പുള്ള 10 മിനിറ്റിൽ അഞ്ചു ഗോളടിച്ച് ഓസ്ട്രിയ വകവരുത്തുകയായിരുന്നു. സ്‌കോട്‌ലന്റിനെ 7-0 ന് ഉറുഗ്വായ് തുരത്തി. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും ഉറുഗ്വായ് പറഞ്ഞുവിട്ടു. 
ഹംഗറിയും ബ്രസീലും തമ്മിലുള്ള ക്വാർട്ടർ കാലം ഓർത്തുവെച്ച കളിയായിരുന്നു. മാന്ത്രിക നിമിഷങ്ങളായിരുന്നില്ല പക്ഷെ കളിക്കളത്തിൽ കണ്ടത്, നാടൻ തല്ലായിരുന്നു. ഫുട്‌ബോളിലെ രണ്ട് വമ്പന്മാർ തമ്മിലുള്ള പോരാട്ടം ബേണിലെ യുദ്ധമെന്ന പേരിലാണ് പിൽക്കാലത്ത് കുപ്രശസ്തിയാർജിച്ചത്. ബോസികും ബ്രസീലിന്റെ നിൽടൺ സാന്റോസ്, ഹ്യുംബർടൊ എന്നിവരും ചുവപ്പ് കാർഡ് കണ്ടു. മത്സരശേഷം കളിക്കാർ കൂട്ടമായി നിന്നു തല്ലി. കോസിസിന്റെ ഇരട്ട ഗോളിൽ ഹംഗറി 4-2 ന് ജയിച്ചു.  
ഉറുഗ്വായ്-ഹംഗറി സെമി ക്ലാസിക് പോരാട്ടമായിരുന്നു. കോഷിഷിന്റെ രണ്ട് എക്‌സ്ട്രാ ടൈം ഹെഡറുകളിൽ ഹംഗറി 4-2 ന് ജയിച്ചു. രണ്ടു ഗോളിന് പിന്നിലായ ശേഷം യുവാൻ ഹോൾബർഗിന്റെ ഇരട്ട ഗോളിൽ ഉറുഗ്വായ് തിരിച്ചടിച്ചെങ്കിലും എക്‌സ്ട്രാ ടൈമിൽ ഹംഗറി ജയം സ്വന്തമാക്കി. ലോകകപ്പിൽ ഉറുഗ്വായ്‌യുടെ ആദ്യ തോൽവിയായിരുന്നു അത്. 
കഠിനമായ രണ്ട് പോരാട്ടങ്ങൾക്കു ശേഷമാണ് ഹംഗറി ഫൈനലിലെത്തിയതെങ്കിൽ, ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിയോട് നാണംകെട്ട ശേഷം പശ്ചിമ ജർമനി സുഗമമായി മുന്നേറുകയായിരുന്നു. യൂഗോസ്ലാവ്യയെ 2-0 നും ഓസ്ട്രിയയെ 6-1 നും അവർ തോൽപിച്ചു. ഓസ്ട്രിയക്കെതിരെ ജർമൻ സഹോദരന്മാരായ ഫ്രിറ്റ്‌സ്‌വാൾടറും ഓറ്റ്മർ വാൾടറും ഇരട്ട ഗോൾ വീതം സ്‌കോർ ചെയ്തു.
മഴ വെള്ളം തളം കെട്ടിനിന്ന വാൻക്‌ദോർഫ് സ്റ്റേഡിയത്തിലായിരുന്നു ഫൈനൽ. ഫ്രിറ്റ്‌സ്‌വാൾടർക്ക് അത് ആഹ്ലാദകരമായ കാഴ്ചയായി. ലോകയുദ്ധത്തിനു ശേഷം മലേറിയ ബാധിച്ച ഫ്രിറ്റ്‌സ്‌വാൾടർ ചൂടിൽ എളുപ്പം തളർന്നുപോവുമായിരുന്നു. 

അറിയാമോ? എല്ലാ ടീമുകളും ഒരു തവണയെങ്കിലും തോറ്റ ഏക ലോകകപ്പായിരുന്നു 1954 ലേത്.


അതേസമയം ജർമനിക്കെതിരായ ഗ്രൂപ്പ് മത്സരത്തിനു ശേഷം പുഷ്‌കാസ് വിട്ടുനിൽക്കുകയായിരുന്നു. ജർമനിയുടെ വെർണർ ലീബ്‌റിച്ചിന്റെ ചവിട്ട് കൊണ്ട് പുഷ്‌കാസിന്റെ കണങ്കാലിന് പരിക്കുണ്ടായിരുന്നു. പരിക്ക് പൂർണമായി ഭേദമാവാതിരുന്നിട്ടും പുഷ്‌കാസ് ഫൈനലിൽ കളിച്ചു. ആറാം മിനിറ്റിൽ പുഷ്‌കാസും രണ്ടു മിനിറ്റിനകം സോൽടാൻ സിബോറും ജർമൻ വല കുലുക്കി. ജർമനി വിട്ടുകൊടുത്തില്ല. 18 മിനിറ്റാവുമ്പോഴേക്കും സ്‌കോർ തുല്യമായി. പത്താം മിനിറ്റിൽ മാക്‌സ് മോർലോക്കും പതിനെട്ടാം മിനിറ്റിൽ ഹെൽമുട് റാനുമാണ് സ്‌കോർ ചെയ്തത്. മഴ കളിയെ കൂടുതൽ സംഘർഷഭരിതമാക്കി. ഹിഡെകുടിയുടെ ഷോട്ട് ജർമൻ ക്രോസ് ബാറിൽ വെള്ളിടിയായി. ആറ് മിനിറ്റ് ശേഷിക്കെ ജർമനി വിജയ ഗോൾ സ്‌കോർ ചെയ്തു. ബോക്‌സിന്റെ മൂലയിൽനിന്ന് റാൻ പായിച്ച ഇടങ്കാലൻ ഷോട്ട് ഹംഗറിയുടെ നെഞ്ചകം പിളർന്ന് വലയിൽ ഇടിമുഴക്കം സൃഷ്ടിച്ചു. ഹംഗറി വിട്ടുകൊടുത്തില്ല. ആഞ്ഞടിച്ച പുഷ്‌കാസ് രണ്ടു മിനിറ്റ് ശേഷിക്കെ വലയിൽ പന്തെത്തിച്ചു. റഫറി വിസിലൂതിയെങ്കിലും ലൈൻസ്മാൻ ഓഫ്‌സൈഡ് വിധിച്ചു. ഇരുവരും തമ്മിലുള്ള ചർച്ചക്കുശേഷം ഗോൾ റദ്ദാക്കി. ജർമനി വിജയത്തിൽ കടിച്ചുതൂങ്ങി. ലോക ഫുട്‌ബോളിൽ പുതിയൊരു ശക്തി ഉദയം ചെയ്തു.
മിറാക്കിൾ ഓഫ് ബേൺ എന്ന പേരിൽ 2003 ൽ ഒരു സിനിമ പുറത്തിറങ്ങി. 
ഫൈനലിന്റെ ഇടവേളയിൽ ജർമൻ കളിക്കാർ ഉത്തേജകമടിച്ചിരുന്നതായി 2004 ൽ ജർമൻ ചരിത്രകാരൻ ഗ്വിഡൊ നോപ് ആരോപിക്കുകയുണ്ടായി. ലോകകപ്പ് നേടിയതിനു പിന്നാലെ ജർമൻ ടീമിലെ നിരവധി കളിക്കാർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ലെയ്‌സീഷ് യൂനിവേഴ്‌സിറ്റി 2010 ൽ നടത്തിയ പഠനത്തിൽ ജർമൻ കളിക്കാർ മീഥാംഫീറ്റമിൻ എന്ന മരുന്നു കുത്തിവെച്ചിരുന്നതായി പറയുന്നു. കൂടാതെ 88 ാം മിനിറ്റിൽ പന്ത് വലയിലെത്തിക്കുമ്പോൾ പുഷ്‌കാസ് ഓഫ്‌സൈഡ് ആയിരുന്നില്ലെന്ന് ജർമനിയുടെ റിസർവ് കളിക്കാരൻ ആൽഫ്രഡ് ഫാഫ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. രണ്ടു വർഷത്തിനുശേഷം ഹംഗറി വിപ്ലവത്തിന്റെ പിടിയിലമർന്നു. മാന്ത്രിക മാഗ്യാറുകളുടെ പ്രഗത്ഭ കളിക്കാരൊക്കെയും രാജ്യം വിട്ടു. ലോകം അന്നുവരെ ദർശിച്ചിട്ടില്ലാത്ത അവരുടെ ഫുട്‌ബോൾ മഹിമ ഓർമ മാത്രമായി. 
ടി.വി സംപ്രേഷണമുണ്ടായ ആദ്യ ലോകകപ്പായിരുന്നു 1954 ലേത്. എക്‌സ്ട്രാ ടൈം ആദ്യമായി നടപ്പാക്കിയതും ഈ ലോകകപ്പിലായിരുന്നു. ജർമൻ ടീമിലെ എല്ലാ കളിക്കാരും അമച്വർമാരായിരുന്നു. അമച്വർ താരങ്ങൾ മാത്രമുൾപ്പെട്ട ടീം ലോകകപ്പ് നേടിയത് ആദ്യമായാണ്. 
യോഗ്യതാ റൗണ്ട് അവസാനിക്കും മുമ്പ് ഫൈനൽ റൗണ്ട് കളികളിലെ സീഡ് ടീമുകളെ നിശ്ചയിച്ചു. എന്നാൽ സീഡ് ടീമായി സ്ഥാനം നൽകിയ സ്‌പെയിനിനെ തുർക്കി അട്ടിമറിച്ചു. ലോകകപ്പ് നേടിയ ടീമിലെ ആദ്യ സഹോദരന്മാരായിരുന്നു പശ്ചിമ ജർമനിയുടെ ഫ്രിറ്റ്‌സ് വാൾടറും ഓട്മർ വാൾടറും. സെമിയിലും ഇരുവരും ഗോളടിച്ചു.  

 



 

Latest News