സോദരിമാർ കൂട്ടത്തോടെ

ഇരട്ടകളായ ജോസിലിൻ  ലമൂറെക്‌സ്  ഡേവിഡ്‌സനും മോണിക്  ലമൂറെക്‌സ് മൊറാൻഡോയും. 

ഏത് കളിയിലായാലും ദേശീയ ടീമിലെത്തണമെങ്കിൽ നല്ല പ്രതിഭ വേണം. ഒളിംപിക്‌സിൽ കളിക്കണമെങ്കിൽ ഭാഗ്യം കനിയണം. ഒരേസമയം ഒരമ്മയുടെ രണ്ടു മക്കൾ ദേശീയ ടീമിലെത്തുകയും ഇരുവരും ഒരുമിച്ച് ഒളിംപിക്‌സ് കളിക്കുകയും ചെയ്യണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ഒത്തുവരണം. അടുത്തയാഴ്ച ആരംഭിക്കുന്ന പ്യോംഗ്ചാംഗ് ശീതകാല ഒളിംപിക്‌സിന്റെ ഐസ്‌ഹോക്കിയിൽ സഹോദരിമാരുടെ പ്രളയമാണ്. അമേരിക്കൻ ടീമിൽ ജോസിലിൻ ലമൂറെക്‌സ് ഡേവിഡ്‌സനും മോണിക് ലമൂറെക്‌സ് മൊറാൻഡോയുമുണ്ട്. ഇരട്ടകളാണ് ഇവർ. അമേരിക്കൻ ടീമിലെ സഹ താരം ഹന്ന ബ്രാന്റിന്റെ കാര്യം ഏറെ കൗതുകകരമാണ്. ഹന്നയുടെ സഹോദരി മാരിസ കളിക്കുന്നത് ഐക്യ കൊറിയൻ ടീമിനു വേണ്ടിയാണ്. ഹന്നയുടെ മാതാപിതാക്കൾ കൊറിയയിൽനിന്ന് ദത്തെടുത്ത കുട്ടിയാണ് മാരിസ. ദത്തെടുത്ത ശേഷമാണ് താൻ ഗർഭിണിയാണെന്ന് ഹന്നയുടെ മാതാവ് അറിയുന്നത്. ഇരുവരും ഐസ് ഹോക്കി കളിക്കാരായി വളർന്നു. ഏതാനും മാസമേ കൊറിയയിൽ കഴിഞ്ഞിട്ടുള്ളൂ എങ്കിലും ഒളിംപിക്‌സിനു മുന്നോടിയായി മാരിസയെ കൊറിയൻ ഐസ് ഹോക്കി ടീമിലുൾപെടുത്തി. ഹന്ന അമേരിക്കൻ ടീമിലുമെത്തി. 
സ്വിറ്റ്‌സർലന്റ് ടീമിൽ വയ്ദാഷർ കുടുംബത്തിലെ മൂന്നു പേരുണ്ട് -നീന, ഇസബെൽ, മോണിക്ക എന്നിവർ. പോരാത്തതിന് ഇരട്ടകളായ ലോറ ബെൻസും സാറ ബെൻസും. കാനഡ ടീമിൽ സാറ പോടോമാകും ആമി പോടോമാകുമുണ്ടായിരുന്നു. ഇരുവരും അവസാന നിമിഷം ഒളിംപിക്‌സ് ടീമിൽനിന്ന് പുറത്തായി. 

മാരിസ ബ്രാന്റും സഹോദരി ഹന്ന ബ്രാന്റും


സഹോദരിമാരെന്ന നിലയിൽ ഒരുമിച്ചു കളിക്കുമ്പോൾ ഏറെ മനപ്പൊരുത്തം ഉണ്ടാവാറുണ്ടെന്ന് ജോസിലിൻ പറയുന്നു. കളിക്കളത്തിൽ മാത്രമല്ല പരിശീലനത്തിലും ജിംനേഷ്യത്തിലും എപ്പോഴും പരസ്പരം മത്സരിച്ചാണ് ജോസിലിനും മോണിക്കും വളർന്നത്. അത് ഇരുവരുടെയും വളർച്ചയിൽ ഒരുപാട് ഗുണം ചെയ്തുവെന്ന് സഹോദരിമാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരുടെ പിതാവ് പിയറി നോർത് ഡാക്കോട്ട യൂനിവേഴ്‌സിറ്റിയുടെ ഐസ് ഹോക്കി താരമായിരുന്നു. നാല് സഹോദരന്മാരും കോളേജ് ടീമിലുണ്ടായിരുന്നു. സഹോദരിമാർ 2006 മുതൽ അമേരിക്കൻ ടീമിലുണ്ട്. ഇരുപത്തെട്ടുകാരികളുടെ മൂന്നാം ഒളിംപിക്‌സാണ് ഇത്. 2010 ലെയും 2014 ലെയും ഒളിംപിക്‌സിൽ ലാമറൂക്‌സ് സഹോദരിമാർ ഉൾപ്പെട്ട അമേരിക്കൻ ടീം ഫൈനലിൽ തോൽക്കുകയായിരുന്നു. 2014 ലെ സോചി ഒളിംപിക്‌സിൽ കാനഡക്കെതിരെ രണ്ട് ഗോളിന്റെ ലീഡ് അവർ കളഞ്ഞുകുളിക്കുകയായിരുന്നു. രണ്ട് ഒളിംപിക്‌സുകളിലായി ജോസിലിൻ രണ്ടു ഗോളടിക്കുകയും ഒമ്പത് ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. മോണിക് ഏഴ് ഗോളടിച്ചു, ആറ് ഗോളിന് അസിസ്റ്റ് ചെയ്തു. പ്യോംഗ്ചാംഗ് ഒളിംപിക്‌സിലെ സ്വർണം മാത്രമാണ് കഴിഞ്ഞ നാലു വർഷമായി തങ്ങളുടെ മനസ്സിലുള്ളതെന്ന് സഹോദരിമാർ ഒരേ സ്വരത്തിൽ പറയുന്നു. 

Latest News