Sorry, you need to enable JavaScript to visit this website.

കര്‍ഷക കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ടൂറിസ്റ്റ് വേഷത്തിൽ തൃണമൂല്‍ എംപിമാര്‍ ലഖിംപൂരിലെത്തി

ന്യൂദല്‍ഹി- യുപിയിലെ ലഖിംപുരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനം ഇടിച്ചുകയറ്റി കൊന്ന കര്‍ഷകരുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ സംഘം യുപി പോലീസിന്റെ കണ്ണുവെട്ടിച്ച് ടൂറിസ്റ്റുകളുടെ വേഷത്തില്‍ എത്തി. നിരോധനാജ്ഞ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെ എല്ലാം യുപിയിലെ ബിജെപി സര്‍ക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് തൃണമൂല്‍ എംപിമാര്‍ ടൂറിസ്റ്റുകളുടെ വേഷത്തില്‍ യാത്ര ചെയ്ത് ലഖിംപൂരിലെത്തിയത്. സംഘര്‍ഷത്തിനു ശേഷം ലഖിംപൂരിലെത്തുന്ന ആദ്യ പ്രതിപക്ഷ സംഘമാണ് തൃണമൂലിന്റേത്. യുപിയിലേക്ക് പ്രവേശിക്കാനാണ് ടൂറിസ്റ്റുകളുടെ വേഷം കെട്ടിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

തൃണമൂല്‍ രാജ്യസഭാ എംപിമാരായ സുസ്മിത ദേവ്, അബിര്‍ രഞ്ജന്‍ ബിസ്വാസ്, ഡോല ലെന്‍, ലോക്‌സഭാ എംപി കകോലി ഘോഷ് ദസ്തിദാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ വീടുകളിലെത്ത് ആശ്വസിപ്പിച്ചത്. ഈ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുംവരെ ഒന്നിച്ചു പോരാടുമെന്നും തൃണമൂല്‍ പ്രഖ്യാപിച്ചു. 

സംഭവത്തിലെ പ്രതികളും കൊലയാളികളും അല്ലാത്ത എല്ലാവരേയും സര്‍ക്കാര്‍ പിടികൂടി തടങ്കലിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി മോഡി ലഖ്‌നൗവിലുണ്ട്. എന്തുകൊണ്ട് അദ്ദേഹം ലഖിംപുര്‍ ഖേരിയില്‍ വരുന്നില്ല?- കകോലി ഘോഷ് ദസ്തിദാര്‍ എംപി ചോദിച്ചു. 

ലഖിംപൂരിലെക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നോതാവ് പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടഞ്ഞ് പിടികൂടി തടങ്കലിലാക്കുകയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘലിനെ വിമാനത്താവളത്തില്‍ തടയുകയും ചെയ്തതിനിടെയാണ് തൃണമൂല്‍ സംഘം വേഷംമാറി ലഖിംപൂരിലെത്തിയത്.
 

Latest News