തിരുവനന്തപുരം- ഭിക്ഷാടന സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പൂർണ്ണമായും ദൂരീകരിക്കാൻ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരിൽ മാത്രം ഒരാളെ പിടികൂടി മർദ്ദിക്കുകയും, അത് മൊബൈൽ ഫോണുകളിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരിൽ മാത്രം ഇത്തരം സംഭവങ്ങൾ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കാൻ ചിലർ ബോധപൂർവ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.