ലോകം  സ്തംഭിച്ചതില്‍ ക്ഷമ ചോദിച്ച് മാര്‍ക്ക് സക്കര്‍ ബര്‍ഗ്

വാഷിംഗ്ടണ്‍- സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും കേരളമാകെ സ്തംഭിപ്പിക്കുമെന്നത് മലയാളികള്‍ക്ക് സുചപരിചിത മുദ്രാവാക്യമാണ്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സ്തംഭിച്ചത് ലോകമാകെയാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള  ആശയ വിനിമയം നിലച്ചതോടെയാണിത്.  വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളുടെ സേവനം തടസ്സപ്പെട്ട സംഭവത്തില്‍ ഉപഭോക്താക്കളോട് മാപ്പ് ചോദിച്ച് ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം നേരം പ്രവര്‍ത്തനം നിലയ്ക്കുന്നത്
ഏതാണ്ട് ആറു മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥയ്‌ക്കൊടുവിലാണ് സേവനങ്ങള്‍ പുന:സ്ഥാപിച്ചത്. ഫേസ്ബുക്ക് ,ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് ,മെസഞ്ചര്‍ തുടങ്ങിയവ ഓണ്‍ലൈനില്‍ തിരിച്ചെത്തുന്നു. ഇന്ന് നേരിട്ട തടസത്തിന് ക്ഷമചോദിക്കുന്നു, ആളുകളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ ഞങ്ങളുടെ സേവനങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്ന് അറിയാം. എന്നാണ് സുക്കര്‍ബര്‍ഗ് ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.
ഇന്റര്‍നെറ്റ് ഡൊമൈനിലെ ഇന്റേണല്‍ റൂട്ടിംഗില്‍ വന്ന പിഴവാണ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സേവനം തടസ്സപ്പെട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 4.9 ശതമാനത്തിലധികം ഇടിഞ്ഞു. പ്രതിദിനം 2 മില്യണിലധികം സജീവ ഉപഭോക്താക്കളുള്ള ഫേസ്ബുക്കിന്റെ ഓഹരി മൂല്യം ആദ്യമായാണ് ഇത്രത്തോളം കുറയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ഡിജിറ്റല്‍ പരസ്യ പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്കിന് പരസ്യ വരുമാനത്തില്‍ ഏകദേശം 545,000 ഡോളര്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

Latest News