മരുമകന് ഭാര്യാപിതാവിന്റെ സ്വത്തിൽ അവകാശമില്ല -ഹൈക്കോടതി

കൊച്ചി- മരുമകന് ഭാര്യാപിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്നു ഹൈക്കോടതി. കെട്ടിട നിർമാണത്തിനു പണം മുടക്കിയിട്ടുണ്ടെങ്കിലും വസ്തുവിലും കെട്ടിടത്തിലും മരുമകന് യാതൊരുവിധ അവകാശവും നിയമം അനുവദിക്കുന്നില്ലെന്നു ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഭാര്യാപിതാവ് മരുമകൻ തന്റെ വസ്തുവിലും കെട്ടിടത്തിലും പ്രവേശിക്കുന്നത് സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടു മുൻസിഫ് കോടതിയിൽ സമർപ്പിച്ച ഹരജി ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കോടതി അവകാശമില്ലെന്നു പ്രഖ്യാപിക്കുകയും ഹരജിക്കാരന് പിഴ ചുമത്തുകയും ചെയ്തത്. ഒരു മകൾ മാത്രമുള്ള വീട്ടിൽ വിവാഹിതനായി എത്തിയ ശേഷം തനിക്ക് അവിടെ താമസിക്കുന്നതിനു അവകാശമുണ്ടെന്നായിരുന്നു അപ്പീൽ ഹരജിയിലെ വാദം. വസ്തുവിൽ പണിതിട്ടുള്ള കെട്ടിടത്തിന്റെ നിർമാണത്തിനു താൻ പണം കൊടുത്തിട്ടുണ്ടെങ്കിലും കെട്ടിട നികുതിയും വസ്തു നികുതിയും ഇപ്പോളും നൽകുന്നത് അപ്പീലിലെ എതിർകക്ഷിയാണെന്നു വിലയിരുത്തിയാണ് അപ്പീൽ തള്ളി ഉത്തരവിട്ടത്.
തളിപ്പറമ്പ് സ്വദേശി ഡേവിസ് റാഫേലാണ് തളിപ്പറമ്പ് മുൻസിഫ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. മുൻസിഫ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പയ്യന്നൂർ സബ് കോടതിയിൽ നൽകിയ ഹരജിയും തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസറ്റിസ് അനിൽ കെ. നരേന്ദ്രനാണ് അപ്പീൽ ഹരജി തീർപ്പാക്കിയത്.

Latest News