റിയാദ് - സൗദിവൽക്കരണം പ്രാബല്യത്തിൽ വന്നതോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മിനി മാർക്കറ്റുകളിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സംഘങ്ങൾ ശക്തമായ പരിശോധന തുടങ്ങി. റിയാദിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഡോ. മുഹമ്മദ് അൽഹർബിയുടെ നേതൃത്വത്തിൽ റിയാദ് ലേബർ ഓഫീസ് സംഘങ്ങൾ നടത്തിയ പരിശോധനകളിൽ 18 നിയമ ലംഘനങ്ങൾ കണ്ടെത്തി. സൗദിവൽക്കരണം പാലിക്കാതിരിക്കൽ, തൊഴിൽ കരാർ ഇല്ലാതിരിക്കൽ, ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ ജോലികൾ നിർവഹിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും മുന്തിയ കോഫി ഷോപ്പുകളിൽ ഇലക്ട്രീഷൻ, പ്ലംബർ എന്നീ പ്രൊഫഷനുകളിലുള്ള വിദേശികൾ ജോലി ചെയ്യുന്നതായി റെയ്ഡിനിടെ കണ്ടെത്തി.
പരിമിതമായ ചില തൊഴിലുകൾ ഒഴികെ ക്ലോസ്ഡ് ഷോപ്പിംഗ് മാളുകളിലെ മുഴുവൻ ജോലികളും സൗദിവൽക്കരിച്ചിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു. ഇതോടൊപ്പം കോഫി ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം ഉയർത്തിയിട്ടുമുണ്ടെന്ന് ഡോ. മുഹമ്മദ് അൽഹർബി പറഞ്ഞു. രാജ്യത്തെ മറ്റു പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും മിനി മാർക്കറ്റുകളിലും പരിശോധനകൾ നടത്തുന്നുണ്ട്.
വേറിട്ട കെട്ടിടങ്ങളിലും മറ്റു വ്യാപാര സ്ഥാപനങ്ങളുള്ള കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിലും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലും ജ്യൂസ് കടകളിലും 20 ശതമാനവും ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളിലും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളിലും ജ്യൂസ് കടകളിലും 40 ശതമാനവും സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഒരു ഷിഫ്റ്റിൽ നാലും അതിൽ കൂടുതലും ജീവനക്കാർ ജോലി ചെയ്യുന്ന റെസ്റ്റോറന്റുകൾക്കും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകൾക്കും ജ്യൂസ് കടകൾക്കുമാണ് സൗദിവൽക്കരണം ബാധകം.