ഫുമിയോ കിഷിദ പുതിയ ജപാന്‍ പ്രധാനമന്ത്രി

ടോക്യോ- ജപാനില്‍ പുതിയ പ്രധാനമന്ത്രിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഫുമിയോ കിഷിദയെ പാര്‍ലമെന്റ് തെരഞ്ഞെടുത്തു. പ്രധാനമന്ത്രി യോഷിഹിദെ സുഗ തിങ്കളാഴ്ച രാവിലെ രാജിവച്ചതിനെ തുടര്‍ന്നാണ് പാര്‍ലമെന്റില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമുള്ള ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പുതിയ പ്രധാനമന്ത്രി തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല. പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രബല വിഭാഗത്തിന്റെ പിന്തുണയുള്ള നേതാവാണ് 64കാരനായ ഫുമിയോ കിഷിദ. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ പുതിയ കിഷിദ മന്ത്രിസഭയേയും പ്രഖ്യാപിച്ചു. പ്രധാനവകുപ്പുകളിലെല്ലാം സുഗ മന്ത്രിസഭയിലെ അംഗങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരു ഡനസിലേറെ പുതുമുഖങ്ങള്‍ക്കും കിഷിദ മന്ത്രിസഭയില്‍ ഇടംലഭിച്ചു. വിദേശകാര്യ മന്ത്രിയായി തോഷിമിത്സു മോതേഗിയും പ്രതിരോധ മന്ത്രിയായി നോബുവോ കിഷിയും തുടരും. സര്‍ക്കാരിന്റെ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കിഷിദ മുതിരില്ലെന്നാണ് പ്രതീക്ഷിക്കിപ്പെടുന്നത്. 

മഹാമാരിക്കു ശേഷമുള്ള സമ്പദ്‌വ്യവസ്ഥയെ പൂര്‍വസ്ഥിതിയിലാക്കല്‍, ഉത്തര കൊറിയയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈനിക ഭീഷണികളെ ചെറുക്കല്‍ തുടങ്ങി വെല്ലുവിളികളും കിഷിദയ്ക്കു മുന്നിലുണ്ട്. ഒക്ടോബര്‍ 31ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കേണ്ട ചുമതലയും കിഷിദയ്ക്കാണ്. ഭരണകക്ഷി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍.
 

Latest News