ഇടുക്കി- ബൈസണ്‍വാലിയില്‍ 14 കാരി പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ ബന്ധുവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി കസ്റ്റഡിയിലായത്. കഴിഞ്ഞ 29 നാണ് പെണ്‍കുട്ടി അടിമാലി താലൂക്കാശുപത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മ ദൂരദേശത്ത് വീട്ടുജോലിക്ക് പോയപ്പോള്‍ പെണ്‍കുട്ടിയെ ബൈസണ്‍വാലിയിലെ ബന്ധുവീട്ടില്‍ ഏല്‍പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ധു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
28 ന് വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജാക്കാട് പോലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്ന് മുതല്‍ പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതി പോലീസിനോട് കുറ്റം ഏറ്റുപറഞ്ഞിട്ടുണ്ട്. ജില്ലാ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും കുഞ്ഞിന്റെയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്. ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






