ഇറ്റലിയില്‍ ചെറുവിമാനം കെട്ടിടത്തില്‍ ഇടിച്ചു കത്തിയമര്‍ന്നു; 8 മരണം

മിലാന്‍- ഇറ്റലിയിലെ വടക്കന്‍ നഗരമായ മിലാനില്‍ ഒരു സ്വകാര്യ ചെറുവിമാനം കെട്ടിടത്തില്‍ ഇടിച്ചുവീണ് കത്തിയമര്‍ന്ന് എട്ടു പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. പുനര്‍നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന ഒരു ഇരുനില ഓഫീസ് കെട്ടിടത്തിലാണ് വിമാനം ഇടിച്ചുതകര്‍ന്നത്. കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. മിലാനിലെ ലിനാറ്റെ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാര്‍ഡിനിയ ദ്വീപിലേക്ക് പറക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഒരു മെട്രോ സ്‌റ്റേഷനു സമീപത്താണ് ദുരന്തമുണ്ടായത്. വിമാനം കത്തിയതോടെ വന്‍ അഗ്നിബാധയുണ്ടായി. കെട്ടിടത്തിനു പുറമെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും കത്തിയമര്‍ന്നു. ദുരന്തത്തില്‍ മറ്റാര്‍ക്കു പരിക്കില്ല.
 

Latest News