Sorry, you need to enable JavaScript to visit this website.

നോട്ടുകൾ പിൻവലിക്കുന്ന കാര്യം അംബാനിയും  അദാനിയും നേരത്തെ അറിഞ്ഞെന്ന് ബി.ജെ.പി എം.എൽ.എ

 

 


ന്യൂദൽഹി- നോട്ടുമാറ്റം സംബന്ധിച്ച വിവരം അടുപ്പക്കാർക്കു ചോർത്തിക്കൊടുത്തുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെ ബി.ജെ.പിക്ക് പാളയത്തിൽ നിന്നു തിരിച്ചടി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കുന്ന വിവരം വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഭവാനി സിംഗ് ആണ് വെളിപ്പെടുത്തിയത്.
ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയെയും ഭവാനി സിംഗ് വിമർശിച്ചു. ആവശ്യത്തിന് നോട്ടുകൾ അച്ചടിക്കാതെയാണു സർക്കാരിന്റെ പ്രഖ്യാപനം. അർധരാത്രിയിൽ ഇന്ധനവില വർധിപ്പിക്കുന്നതു പോലെയായിരുന്നു നോട്ടു പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം. എന്നാൽ, നോട്ട് നിരോധനം പ്രഖ്യാപിക്കും മുമ്പ് തന്നെ നരേന്ദ്ര മോഡി സർക്കാർ വ്യവസായ ഭീമൻമാരായ അംബാനിക്കും അദാനിക്കും ഈ വിവരം ചോർത്തി നൽകി. അതിനാൽ അവർക്ക് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ സമയവും ലഭിച്ചുവെന്നും എം.എൽ.എ പറയുന്നു. 
നിരോധിച്ച നോട്ടിനു പകരമായി ഇറക്കിയ പുതിയ നോട്ടുകൾ ഒട്ടും നിലവാരമില്ലാത്തവയാണ്. ഇതിൽ ക്രമക്കേട് നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും കോട്ട ജില്ലയിലെ ലദ്പുര മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ ഭവാനി സിംഗ് പറഞ്ഞു. അൽപ്പം കൂടി സാവകാശം അനുവദിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളേണ്ടിയിരുന്നത്. നേരത്തെ, രാജസ്ഥാനിൽ പഠിക്കുന്ന ബിഹാരി വിദ്യാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്നും കഷണ്ടി വരാൻ സാധ്യതയുള്ളതിനാൽ ആരും ഹെൽമെറ്റ് ധരിക്കരുതെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ വിവാദമായിരുന്നു. 
അതേസമയം, വിവാദ പ്രസ്താവന സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതു ഓഫ് റെക്കോഡിൽ' പറഞ്ഞതാണെന്നും വീഡിയോയിലെ ദൃശ്യങ്ങളെല്ലാം താൻ പറഞ്ഞതല്ലെന്നുമായിരുന്നു ഭവാനി സിംഗിന്റെ പ്രതികരണം. 

 

Tags

Latest News