ആഢംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി: ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

മുംബൈ- മുംബൈ തീരത്ത് ആഢംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്ത എട്ടു പേരില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച, അര്‍ബാസ് മെര്‍ചന്റ് എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി നടന്ന പാര്‍ട്ടിക്കിടെ കപ്പലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആര്യന്‍ ഉള്‍പ്പെടെ എട്ടു പേരെ എന്‍സിബി ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ തുടര്‍ നപടികള്‍ സ്വീകരിക്കുമെന്നായിരുന്നു എന്‍സിബി അറിയിച്ചിരുന്നത്. സംഭവത്തില്‍ ആര്യന്റെ പിതാവും ബോളിവൂഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍ പ്രതികരിച്ചിട്ടില്ല. ആര്യന്റെ അറസ്റ്റ് സ്ഥിരീകരിക്കുന്നതിനു മുമ്പായി ഷാരൂഖില്‍ വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ഓഫീസിലേക്ക് പുറപ്പെട്ടിരുന്നു. 

മുന്‍മുന്‍ ധമേച്ച, നുപുര്‍ സരിക, ഇസ്മീത് സിങ്, മൊഹക് ജസ്വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത് ചോപ്ര, അര്‍ബാസ് മര്‍ചന്റ് എന്നിവരെ ആര്യനൊപ്പം ചോദ്യം ചെയ്തു വരികയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എന്‍സിബി സംഘം യാത്രക്കാരുടെ വേഷത്തില്‍ ആഢംബര കപ്പലില്‍ കയറിക്കൂടുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് കപ്പല്‍ മുംബൈ തീരം വിട്ടതോടെ പാര്‍ട്ടിക്കും തുടക്കമായി. ഇതോടെ എന്‍സിബി സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് വീര്യമേറിയ പല മയക്ക്മരുന്നുകളും പിടികൂടുകയും ചെയ്തു.

Latest News